തിരുവനന്തപുരം:
കേരളത്തിലെ കോണ്‍ഗ്രസ്സ് ആര്‍.എസ്.എസ്സിന് വിധേയപ്പെട്ടിരിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇടതുപക്ഷത്തിനെതിരെ തിരിയാന്‍ എവിടെയും കോണ്‍ഗ്രസ്സ് ആര്‍.എസ്.എസ്സുമായി കൈകോര്‍ക്കും. തദ്ദേശ സ്ഥാപനങ്ങളിലെ കൂട്ടുകെട്ടുകള്‍ ഇതിന് തെളിവാണ്. തിരുവനന്തപുരത്തെ മലയിന്‍കീഴ് കോട്ടുകാല്‍, വയനാട്ടിലെ തരിയോട് ഗ്രാമപഞ്ചായത്തുകളിലും എല്‍.ഡി.എഫ് ഭരണത്തെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയിരിക്കുന്നത് ഇത്തരം അവിശുദ്ധ കൂട്ടുകെട്ടിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല ക്ഷേത്രത്തിലെ യുവതീപ്രവേശനത്തിന്റെ മറവില്‍ കോണ്‍ഗ്രസ്സും ബി.ജെ.പിയും ഒരുമിച്ചും അല്ലാതെയും നടത്തിയ സമരങ്ങളിലൂടെ ഇരുവരും ഉണ്ടാക്കിയെടുത്ത കൂട്ടുകെട്ടിന്റെ തെളിവുകളാണിത്.
നിലവില്‍ ഈ പഞ്ചായത്തുകളില്‍ ഇപ്പോള്‍ അവിശ്വാസ പ്രമേയം നല്‍കേണ്ട സാഹചര്യമില്ല. ശബരിമല പ്രശ്നവുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ് നടത്തിയ ഹര്‍ത്താലില്‍ ഏറ്റവും കൂടുതല്‍ അക്രമസംഭവങ്ങള്‍ നടന്നത് മലയിന്‍കീഴിലാണ്. അവിടെയാണ് ബി.ജെ.പിയും കോണ്‍ഗ്രസ്സും തമ്മില്‍ മുന്നണിയുണ്ടാക്കിയിരിക്കുന്നത്. ലോകസഭ തിരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തിനില്‍ക്കുന്ന സന്ദര്‍ഭത്തിലാണ് ഇത്തരം കൂട്ടുകെട്ടുകള്‍ ഗ്രാമപഞ്ചായത്തുകളില്‍ രൂപം കൊള്ളുന്നത്.
കേരളത്തിലെ കോണ്‍ഗ്രസ് ഘടകത്തില്‍ ആര്‍.എസ്.എസ്സിന്റെ സ്വാധീനം ഏറിവരികയാണ്. അതിന്റെ ഭാഗമായാണ് അവിശുദ്ധ കൂട്ടുകെട്ടുകള്‍ വ്യാപകമാകുന്നത്. കെ.പി.സി.സി പ്രസിഡന്റ് ബി.ജെ.പി സര്‍ക്കാരിനെതിരെ യാത്ര നടത്തുന്ന സന്ദര്‍ഭത്തിലാണ് ഇത്തരം കൂട്ടുകെട്ടുകള്‍ പലയിടത്തും വ്യാപിച്ചു കൊണ്ടിരിക്കുന്നത്. കെ.പി.സി.സി അംഗീകരിച്ച നയത്തിന്റെ ഭാഗമാണോ ഇത്തരം കൂട്ടുകെട്ടുകളെന്ന് നേതൃത്വം വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.