കൊച്ചി: കൊച്ചി മെട്രോയിലേക്ക് കൂടുതൽ യാത്രക്കാരെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ ഫീഡർ സർവീസ് ആയി ഇ ഓട്ടോകൾ നിരത്തിലിറങ്ങി. ചൊവ്വാഴ്ച വൈകുന്നേരം നാലിനു കലൂർ രാജ്യാന്തര സ്റ്റേഡിയം മെട്രോ സ്റ്റേഷനു സമീപം കെ എം ആർ എൽ എം ഡി മുഹമ്മദ് ഹനീഷാണ് ഇ ഓട്ടോകൾ ഫ്ലാഗ് ഓഫ് ചെയ്തത്. ഓട്ടോറിക്ഷാ മേഖലയിൽ പ്രവർത്തിക്കുന്ന 6 ട്രേഡ് യൂണിയനുകൾ ചേർന്നു രൂപീകരിച്ച എറണാകുളം ഓട്ടോ ഡ്രൈവേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണു ഇ ഓട്ടോ സർവീസ് നടത്തുന്നത്. നേരത്തെ നിരത്തിലിറങ്ങിയ ഡീസൽ, സിഎൻജി ഓട്ടോറിക്ഷകൾക്ക് പുറമെയാണ് ഇലക്ട്രിക് ഓട്ടോകളും ഓടിത്തുടങ്ങുക. ഒരാള്‍ക്ക് 10 രൂപ മിനിമം ചാര്‍ജ്ജ് നല്‍കിയാല്‍ യാത്ര ചെയ്യാം.
ഡ്രൈവർമാർക്കു ഐ ഒ സി പ്രത്യേക യൂണിഫോം നൽകും. ടെക്നോവിയ ഇൻഫോ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ആണു ടെക്നോളജി പാർട്ട്ണർ. ആദ്യഘട്ടത്തിൽ ആലുവ, കളമശ്ശേരി, ഇടപ്പള്ളി, കലൂർ, എം ജി റോഡ്, മഹാരാജാസ് കോളേജ് സ്റ്റേഷനുകളിൽ നിന്നാവും ഓട്ടോ സർവീസ്. ഒരു പ്രാവശ്യം ചാർജ് ചെയ്താൽ 70 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുന്നവയാണ് ഓട്ടോകൾ. കൈനറ്റിക് ഗ്രീൻ എനർജി ആൻഡ് പവർ സൊല്യൂഷൻസ് ആണു ഓട്ടോകൾ നൽകുന്നത്. ആദ്യഘട്ടത്തിൽ 16 ഓട്ടോകൾ സർവ്വീസിനുണ്ടാവും. 22 ഇ ഓട്ടോകൾ കൂടി വൈകാതെ സർവീസിനെത്തും. ഭാവിയിൽ ഇ ഓട്ടോകളുടെ എണ്ണം 200 ആക്കി ഉയർത്താനാണ് ശ്രമം.
ഇ ഓട്ടോകള്‍ക്ക് നിശ്ചയിച്ചിരിക്കുന്ന മിനിമം ചാര്‍ജ്ജ് പത്തു രൂപയാണ്. ആദ്യത്തെ രണ്ട് കിലോമീറ്ററിന് പത്തു രൂപ വീതവും പിന്നീടുളള ഓരോ കിലോമീറ്ററിനും അഞ്ചു രൂപ വീതവുമാണ് നിരക്ക്. ഇതു പക്ഷെ ഒരു യാത്രക്കാരനുളള നിരക്കാണ്. ഇ ഓട്ടോയില്‍ ഡ്രൈവറുടെ തൊട്ടരികില്‍ ഒരാള്‍ക്കും പുറകിലെ സീറ്റുകളില്‍ നാല് പേര്‍ക്കും ഇരിക്കാം. ഓരോ യാത്രക്കാരനും പത്ത് രൂപ നല്‍കണം. ഷെയര്‍ ഓട്ടോ മാതൃകയിലാണ് സര്‍വ്വീസ്.
6 ട്രേഡ് യൂണിയനുകൾ ചേർന്നു രൂപീകരിച്ച എറണാകുളം ഓട്ടോ ഡ്രൈവേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണു സർവീസ് നടത്തുന്നത്. ഇ-ഓട്ടോയുടെ ഡ്രൈവർമാരെല്ലാം സൊസൈറ്റിയിൽ ഓഹരി ഉടമകളാണ്. നൂറ് രൂപയാണ് ഓഹരി വില. രണ്ട് ഷിഫ്റ്റ് ആയുള്ള ജോലിയില്‍ ഓരോ ഓട്ടോയ്ക്കും രണ്ട് ഡ്രൈവര്‍മാരാണുള്ളത്. മെട്രോ സ്റ്റേഷനുകളിലെത്തുന്നവർക്ക് ലക്ഷ്യസ്ഥാനത്തേക്ക് പോകുന്നതിന് കൂടുതൽ സൗകര്യമൊരുക്കുകയെന്നതാണ് ലക്ഷ്യം. ഇങ്ങിനെവന്നാൽ മെട്രോയെ ആശ്രയിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുമെന്നും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് പ്രതീക്ഷിക്കുന്നുണ്ട്.
ഇ-ഓട്ടോയ്ക്ക് ഒന്നിന് 1.80 ലക്ഷം രൂപയാണ് വില. കൈനറ്റിക് ഗ്രീൻ എന്ന കമ്പനിയാണ് ഇ-ഓട്ടോകൾ നിർമ്മിച്ച് നൽകിയത്. സൊസൈറ്റിയുമായാണ് കമ്പനി കരാറിലെത്തിയിരിക്കുന്നത്. ഓട്ടോയുടെ ഉടമസ്ഥാവകാശം കൈനറ്റിക് ഗ്രീൻ കമ്പനിക്കാണ്. ആദ്യത്തെ മൂന്ന് മാസത്തേക്ക് ഒരു ദിവസം 100 രൂപയാണ് ഒരു ഓട്ടോയ്ക്ക് വാടക ഇനത്തില്‍ കൈനറ്റിക് കമ്പനിക്ക് നൽകേണ്ടത്. പിന്നീട് ഈ തുക 150 ആക്കി ഉയർത്തും. ഒരു ഓട്ടോയ്ക്ക് പ്രതിമാസം 3000 രൂപ. ഡ്രൈവര്‍മാര്‍ക്ക് പ്രതിദിനം 600 രൂപ ലഭിക്കും.
കൊച്ചി മെട്രോയ്ക്ക്കരുത്ത് പകരാനായി ഫീഡര്‍ സര്‍വീസുകളുമായി നേരത്തെ കെ എസ് ആർ ടി സി രംഗത്തു വന്നിരുന്നു. കൊച്ചി മെട്രോ സ്‌പെഷ്യല്‍ ഫീഡര്‍ സര്‍വീസ് എന്ന പേരില്‍ ലോഫ്‌ളോര്‍-എസി, നോണ്‍ എസി ബസ്സുകളുടെ സര്‍വീസ് ആണ് കെ എസ് ആര്‍ ടി സി ആരംഭിച്ചത്.