വെല്ലിംഗ്‌ടൻ:
ന്യൂസിലാൻഡിനെതിരെയുള്ള ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്കു 80 റൺസിന്റെ ദയനീയ പരാജയം. റൺ അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ ട്വന്റി20 തോൽവിയാണിത്. നേരത്തെ വനിതകളും ന്യൂസിലാൻഡിനോട് 23 റൺസിന്റെ പരാജയം ഏറ്റുവാങ്ങിയിരുന്നു.
വെല്ലിംഗ്‌ടൻ വെസ്റ്റ്പാക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ആദ്യം ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റു ചെയ്ത കീവീസ് നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 219 റൺസ് എന്ന കൂറ്റൻ ലക്ഷ്യമാണ് ഇന്ത്യക്കു മുന്നിൽ വെച്ചിരുന്നത്.
ഓപ്പണർ ടിം സീഫർട്ടിന്റെ (43 പന്തിൽ 84 റണ്‍സ്) മികവിലാണ് കീവീസ് 200 കടന്നത്. ഏഴു ബൗണ്ടറിയും ആറു പടുകൂറ്റൻ സിക്സും സഹിതം 84 റൺസെടുത്താണ് സീഫർട്ട് പുറത്തായത്. 20 പന്തില്‍ നിന്ന് രണ്ടു സിക്സും രണ്ട് ബൗണ്ടറികളും സഹിതം 34 റണ്‍സെടുത്ത മറ്റൊരു ഓപ്പണർ കോളിൻ മൺറോയും, സീഫർട്ടും കൂടി നേടിയ 86 റൺസിന്റെ കൂട്ടുകെട്ട് പൊളിച്ചത് ക്രുനാല്‍ പാണ്ഡ്യയാണ്. 22 പന്തില്‍ നിന്ന് 34 റണ്‍സെടുത്ത ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും മികച്ച പിന്തുണ നല്‍കി.
ഇന്ത്യയ്ക്കായി ഹാര്‍ദിക് പാണ്ഡ്യ രണ്ടു വിക്കറ്റ് വീഴ്ത്തി. ഭുവനേശ്വര്‍ കുമാര്‍, ക്രുനാല്‍ പാണ്ഡ്യ, ഖലീല്‍ അഹമ്മദ്, യൂസ് വേന്ദ്ര ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
220 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 19.2 ഓവറില്‍ 139 റണ്‍സിന് എല്ലാവരും പുറത്തായി. 39 റണ്‍സെടുത്ത എം.എസ് ധോനിയാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍. ടിം സൗത്തി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഫെര്‍ഗൂസണും സാന്റ്‌നറും സോധിയും രണ്ട് വിക്കറ്റ് വീതം നേടി.
ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി-20 യില്‍ ന്യൂസിലാൻഡ് 1-0 ത്തിന് മുന്നിലെത്തി. രണ്ടാം ട്വന്റി-20 വെള്ളിയാഴ്ച പരമ്പരയിലെ രണ്ടാം മൽസരം വെള്ളിയാഴ്ച ഓക്‌ലൻഡിലെ ഈഡൻ പാർക്കിൽ നടക്കും.
വനിതകളുടെ മത്സരത്തിൽ അവസാന നിമിഷം വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ ഇന്ത്യ വിജയം കൈവിട്ടു കളയുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ന്യൂസിലാന്‍ഡ് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 159 റൺസ് എടുത്തിരുന്നു. ഓപ്പണര്‍ സോഫി ഡിവൈന്‍ (62), ആമി സാറ്റര്‍ത്വയ്റ്റ് (33), കാത്തി മാര്‍ട്ടിന്‍ (27) എന്നിവരാണ് ന്യൂസിലാൻഡ് ബാറ്റിംഗ് നിരയിൽ തിളങ്ങിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഒരു വിക്കറ്റിന് 102 എന്ന നിലയില്‍ നിന്ന് 136 റണ്‍സിന് അവിശ്വസനീയമായി ഓള്‍ഔട്ടായി.
34 പന്തില്‍ നിന്ന് 58 റണ്‍സെടുത്ത ഓപ്പണര്‍ സ്മൃതി മന്ദാനയുടെ മികവില്‍ ഇന്ത്യ വിജയം നേടുമെന്ന് തോന്നിച്ചിരുന്നു. സ്‌മൃതി പുറത്താകുമ്പോൾ ഇന്ത്യക്കു ജയിക്കാൻ 52 പന്തുകളിൽ നിന്നും 58 റൺസ് മാത്രം മതിയായിരുന്നു. പക്ഷെ 34 റൺസ് എടുക്കുന്നതിനിടയിൽ ഒടുവിലെ 9 വിക്കറ്റുകൾ നഷ്ടപ്പെടുത്തി ഇന്ത്യ പരാജയം ചോദിച്ചു വാങ്ങി. എങ്കിലും 24 പന്തില്‍ അര്‍ദ്ധസെഞ്ചുറി നേടിയ സ്മൃതി ട്വന്റി 20യിലെ ഒരു ഇന്ത്യന്‍ വനിതാ താരത്തിന്റെ വേഗമേറിയ അര്‍ദ്ധസെഞ്ചുറിയെന്ന നേട്ടം സ്വന്തമാക്കി. 33 പന്തില്‍ 39 റണ്‍സുമായി ജമീമ റോഡ്രിഗസ് മാത്രമാണ് ബാക്കി ഇന്ത്യൻ നിരയിൽ തിളങ്ങിയത് .