പാലക്കാട്: മുതലമടയിലെ മാങ്ങ കർഷകരുടെ ഉന്നമനത്തിനായി പ്രഖ്യാപിച്ച മുതലമട മാംഗോ പാക്കേജിനു തുടക്കം. 7 കോടിയുടെ കേന്ദ്രഫണ്ട് ഉപയോഗിച്ചു സംസ്ഥാന ഹോർട്ടി കൾച്ചർ മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിയിൽ കർഷകർക്ക് ആകർഷകമായ സബ്‌സിഡി ആനുകൂല്യങ്ങളാണുള്ളത്. മുതലമട കൃഷിഭവനോടു ചേർന്ന് ഇതിനായി ഓഫീസ് ഈയാഴ്ച തുറക്കും.
മാന്തോപ്പുകൾ പാട്ടത്തിനു കൊടുക്കാതെ നേരിട്ടു കൃഷി നടത്താൻ കർഷകരെ പ്രേരിപ്പിക്കുകയാണു പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അതുവഴി മാരകമായ രാസവസ്തുക്കൾ കൃഷിയിൽ ഉപയോഗിക്കുന്നത് നിയന്ത്രിക്കാനും കർഷകർക്കു ന്യായവില ഉറപ്പാക്കാനും കഴിയുമെന്നു കൃഷി വകുപ്പ് ഡപ്യൂട്ടി ഡയറക്ടറും പ്രോജക്ട് കോ ഓർഡിനേറ്ററുമായ ബി.സുരേഷ് പറഞ്ഞു. കൊല്ലങ്കോട്, പട്ടഞ്ചേരി, മുതലമട, എലവഞ്ചേരി പഞ്ചായത്തുകളിലാവും പദ്ധതി നടപ്പാക്കുക.
ഇക്കഴിഞ്ഞ 30 ന് തിരുവനന്തപുരത്തു കാർഷികോൽപാദന കമ്മീഷണർ ദേവേന്ദ്രകുമാർ സിൻഹയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണു പദ്ധതി നടത്തിപ്പിനുള്ള പ്രാരംഭ നടപടികൾക്കു തീരുമാനമായത്. ഒരാഴ്ചയ്ക്കകം മണ്ണുപരിശോധനാ ക്യാംപെയിൻ തുടങ്ങും. പദ്ധതി വിശദീകരണവും ബോധവൽക്കരണവും ഈയാഴ്ച ആരംഭിക്കും. മാന്തോപ്പിനു ഭീഷണിയായ ഇലപ്പേൻ പ്രതിരോധവും ഇതോടൊപ്പം സംഘടിപ്പിക്കും.
കൃഷിയുടെ ഭൂവിസ്തൃതി കൂട്ടുന്നതിനും ജലസേചന സൗകര്യം വർദ്ധിപ്പിക്കുന്നതിനും നഴ്‌സറി വിപുലപ്പെടുത്തുന്നതിനുമടക്കം വിവിധ പദ്ധതികൾക്കുള്ള സബ്‌സിഡികൾ മാംഗോ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കാർഷിക പാക്കേജിനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫിസർ ബെന്നി ജോസഫ് മാംഗോ സിറ്റിയിലെ മാവിൻ തോട്ടങ്ങൾ സന്ദർശിച്ചിരുന്നു.
കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ സബ് സെന്റർ മുതലമടയിൽ ആരംഭിക്കുകയും കാർഷിക വിദഗ്ദ്ധനെ നിയോഗിക്കുകയും ചെയ്യണമെന്ന് നേരത്തെ മുതലമടയിലെ കര്‍ഷകര്‍ ആവശ്യപ്പെട്ടിരുന്നു. കാർഷിക പാക്കേജിനെക്കുറിച്ചു ചർച്ച ചെയ്യുന്നതിനു കാർഷിക ഉത്പാദന കമ്മീഷണർ ദേവേന്ദ്രകുമാർ സിങ്ങിന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്തു ചേർന്ന ഉന്നതതല യോഗത്തിലാണു സ്പെഷൽ ഓഫീസറും ജീവനക്കാരും വേണമെന്ന ആവശ്യം ജില്ലയിൽ നിന്നുള്ള പ്രിൻസിപ്പൽ കൃഷി ഓഫീസറടങ്ങുന്ന സംഘം മുന്നോട്ടുവച്ചത്.
മാങ്ങയെ കാര്‍ഷികവിളയായി കാണണമെന്നും മുതലമട മാങ്ങയെ ബ്രാന്‍ഡ് ചെയ്യണമെന്നും മുതലമടയിലെ മാവ് കൃഷിക്കായി 500 കോടി രൂപയുടെ പ്രത്യേക പാക്കേജ് നടപ്പിലാക്കണമെന്നും കേരള-കേന്ദ്ര സർക്കാരുകളോട് മുതലമട മാംഗോ ഫാർമേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ നേരത്തെ ആവശ്യം ഉന്നയിച്ചിരുന്നു.
ഇന്ത്യയുടെ മാംഗോ സിറ്റി എന്നാണു മുതലമട അറിയപ്പെടുന്നത്. ഓരോ വര്‍ഷവും ഇവിടെ ശരാശരി ഒന്നരലക്ഷം ടണ്‍ മാങ്ങ വിളവെടുപ്പ് നടക്കുന്നുണ്ട്. അല്‍ഫോന്‍സാ, സിന്ദൂരം, നീലം തുടങ്ങി 25 ഓളം ഇനങ്ങളില്‍പ്പെട്ട മാങ്ങകള്‍ ഇവിടെ നിന്ന് ഉല്‍പ്പാദിപ്പിച്ചെടുക്കുന്നുണ്ട്. ഏഷ്യയില്‍ തന്നെ ആദ്യം മാങ്ങയുണ്ടാകുന്നതും ഇന്ത്യന്‍ വിപണികളിലേക്ക് ആദ്യത്തെ മാങ്ങയെത്തുന്നതും മുതലമടയില്‍നിന്നാണ്. ഇന്ത്യന്‍ വിപണിയ്ക്ക് പുറമെ അന്താരാഷ്ട്രവിപണിയിലും മുതലമടയില്‍ നിന്നുള്ള മാങ്ങകള്‍ക്ക് ആവശ്യക്കാരുണ്ട്.
കാസര്‍ഗോഡെ മനുഷ്യരെ കുരുതി കൊടുത്ത എന്‍ഡോസള്‍ഫാന്‍ അടക്കമുള്ള മാരക കീടനാശിനികളാള്‍ മുതലമടയിലെ മാമ്പഴത്തോട്ടങ്ങളിലും ദുരിതം വിതച്ചിരുന്നു. 20 വര്‍ഷത്തിലേറെയായി എന്‍ഡോസള്‍ഫാന്‍ അടക്കമുള്ള മാരക കീടനാശിനികള്‍ മാന്തോട്ടത്തില്‍ തളിക്കുന്നുണ്ടായിരുന്നു.
നിരോധനത്തിനുശേഷവും ഇതേ കീടനാശിനികള്‍ മുതലമടയിലെ മാന്തോട്ടങ്ങളില്‍ തളിക്കുന്നുണ്ടെന്നാണു പരിസ്ഥിതി പ്രവര്‍തകര്‍ പറയുന്നത്. മുതലമടയില്‍ നിന്നും അധികം ദൂരയല്ലാത്ത പൊള്ളാച്ചി ചന്തയില്‍ നിന്നും ഇത്തരം കീടനാശിനികള്‍ സുലഭമായി കിട്ടും. കൃഷിവകുപ്പിന്റെയോ ആരോഗ്യ വകുപ്പിന്റെയോ കൃത്യമായ പരിശോധനകള്‍ ഒന്നും ഇല്ലാത്തതിനാല്‍ കീടനാശിനി ഉപയോഗത്തിനും തടസങ്ങളൊന്നും ഉണ്ടാകുന്നില്ല.