കൊച്ചി:
സംസ്ഥാനം ഭിന്നശേഷി സൗഹൃദ പാതയില്‍. ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക കോടതിയും ബാങ്കും ഈ മാസത്തോടെ യാഥാര്‍ത്ഥ്യമാകും. അഡീഷനല്‍ സെഷന്‍സ് കോടതികളാകും ഭിന്നശേഷിക്കാരുടെ കേസുകള്‍ മാത്രമുള്ള പ്രത്യേക കോടതിയായി പ്രവര്‍ത്തിക്കുന്നത്. ഇവിടെ മറ്റു കേസ്സുകള്‍ പരിഗണിക്കില്ല. കേന്ദ്ര ഭിന്നശേഷി അവകാശ നിയമമനുസരിച്ചുള്ള പ്രത്യേക കോടതികള്‍ എല്ലാ ജില്ലകളിലും ഈ മാസം പ്രവര്‍ത്തനം ആരംഭിക്കും. ഇതു സംബന്ധിച്ചുള്ള സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. കോടതിയിലേക്ക് ഭിന്നശേഷിക്കാരുടെ വാഹനങ്ങള്‍ കയറ്റാനുള്ള സംവിധാനവും റാംപും സ്ഥാപിക്കും. ഇവര്‍ക്കായുള്ള ഇരിപ്പിടങ്ങളും ഏര്‍പ്പെടുത്തും. പ്രത്യേക കോടതിയുടെ പ്രവര്‍ത്തന ദിവസങ്ങള്‍, പരിഗണിക്കുന്ന കേസുകളുടെ എണ്ണം എന്നിവ ജഡ്ജി തീരുമാനിക്കും.
ഭിന്നശേഷിക്കാര്‍ക്ക് മാത്രമായി സഹകരണ ബാങ്ക് എന്ന പദ്ധതിയും കേരളത്തില്‍ ഇതാദ്യമായാണ്. എല്ലാ ജില്ലകളിലും ബ്രാഞ്ചോടെയാണ് ബാങ്ക് പ്രവര്‍ത്തനം തുടങ്ങാനിരിക്കുന്നത്. കേരള സ്റ്റേറ്റ് ഡിഫറന്റ്ലി ഏബിള്‍ഡ് വെല്‍ഫെയര്‍ ഫെഡറേഷന്‍ (ഡി.എ.ഡബ്യൂ.എഫ്) എന്ന സംഘടനയുടെ നേതൃത്വത്തിലാണ് പദ്ധതി. ഭിന്നശേഷിക്കാരും അവരുടെ മാതാപിതാക്കളും മാത്രമായിരിക്കും ബാങ്കിന്റെ ഉപഭോക്താക്കള്‍.
സഹകരണ വകുപ്പിനു കീഴിലായിരിക്കും ബാങ്ക് പ്രവർത്തനം തുടങ്ങുന്നത്. ഇതിനായി സഹകരണ വകുപ്പിന് അപേക്ഷയും പദ്ധതിയും സമര്‍പ്പിച്ചുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.
ആദ്യ ഘട്ടമെന്ന നിലയിൽ പ്രാഥമിക സംഘങ്ങള്‍ രൂപവത്കരിച്ച് സൊസൈറ്റികളായാണ് തുടങ്ങുന്നത്. ബാങ്കിന്റെ മൂലധനം കണ്ടെത്തുന്നതിനായുള്ള ഓഹരി പങ്കാളിത്തത്തിന് ക്ഷണിച്ചിട്ടുണ്ട്. സഹകരണ വകുപ്പിന്റെ അനുമതി ലഭിക്കുന്നതോടെ സംഘത്തിന്റെ മൂലധനത്തിന്റെ പത്തു മടങ്ങു വരെ അധികം തുക സർക്കാരില്‍ നിന്നും ലഭിക്കും. ബാങ്കില്‍ അംഗങ്ങളാകുന്ന ഭിന്നശേഷിക്കാര്‍ക്ക് തന്നെ ഇതിന്റെ ഓഹരി എടുക്കാനാകും. 250 രൂപയാണ് ഒരു ഓഹരിയുടെ വില. നാല് ഓഹരി വരെ ഒരാള്‍ക്കെടുക്കാം.
സഹകരണ വകുപ്പിന്റെ കീഴിലെ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നതു പോലെ സഹകരണ നിയമത്തിനും ചട്ടത്തിനും അനുസരിച്ചാകും ഈ പ്രത്യേക ബാങ്കിന്റെയും പ്രവര്‍ത്തനം. സഹകരണ ബാങ്കുകള്‍ വഴി നല്‍കുന്ന എല്ലാത്തരം വായ്പകള്‍, ഉരുപ്പടി പണയം തുടങ്ങിയവ ഇവിടെയും ലഭ്യമാകും. ഈട് നല്കാതെ 25,000 രൂപ വരെ വായ്പ ലഭിക്കും. ഭവന വായ്പ, വീട് അറ്റകുറ്റ പണികൾക്കുള്ള വായ്പ, ചികിത്സാ വായ്പ, തുടങ്ങി മറ്റു വായ്പകൾ, ഈടോടു കൂടി, അഞ്ച് ലക്ഷം വരെയും നല്കും. ദേശസാത്കൃത ബാങ്കുകളുടെ നിയമാവലി പ്രകാരം ഭിന്നശേഷിക്കാർക്ക് വിദ്യാഭ്യാസ ലോണും അനുവദിക്കും.