അലിഗഡ്:
മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ ഗാന്ധിവധം പുനഃസൃഷ്ടിച്ച് ഗാന്ധിയെ പ്രതീകാത്മകമായി കൊലപ്പെടുത്തിയ, ഹിന്ദുമഹാസഭ നേതാവ് പൂജാ ശകുന്‍ പാണ്ഡെ അറസ്റ്റിലായി. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ 12 പേര്‍ക്കെതിരെ ഉത്തര്‍പ്രദേശ് പൊലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് മുഖ്യപ്രതിയായ ഇവര്‍ ഒളിവില്‍ പോകുകയായിരുന്നു. ചൊവാഴ്ച അലിഘഡിലെ തപ്പാലില്‍ വച്ചാണ് ഇവരെ പൊലീസ് പിടികൂടിയത്. കേസില്‍ പൂജ പാണ്ഡെയുടെ ഭര്‍ത്താവ് ശകുന്‍ പാണ്ഡെയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ ഗാന്ധിയുടെ കോലത്തില്‍ വെടിയുതിര്‍ത്ത ശേഷം കോലം കത്തിക്കുകയായിരുന്നു. ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡേയാണ് അലിഗഡില്‍ നടന്ന ചടങ്ങില്‍ ഗാന്ധിയെ പ്രതീകാത്മകമായി വെടിവെച്ചത്. വെടിയേറ്റ കോലത്തില്‍ നിന്നും ചോര ഒഴുകുന്നതായും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
മഹാത്മാഗാന്ധിയുടെ 71-ാം രക്തസാക്ഷി ദിനത്തിലാണ് ഹിന്ദുമഹാസഭ പ്രവര്‍ത്തകര്‍ ഗാന്ധി കോലത്തിനു നേരെ വെടിയുതിര്‍ത്തത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. അലിഗഡില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ഹിന്ദുമഹാസഭ ദേശീയ സെക്രട്ടറി പ്രകോപനപരമായി പെരുമാറിയത്.
ഗാന്ധിയുടെ കോലത്തിന് നേരെ വെടിയുതിര്‍ത്തതിനു പിന്നാലെ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്സെയുടെ പ്രതിമയില്‍ പ്രവര്‍ത്തകര്‍ ഹാരാര്‍പ്പണവും നടത്തി. ഹിന്ദു മഹാസഭ പ്രവര്‍ത്തകര്‍ ഗോഡ്സെക്ക് മുദ്രാവാക്യം വിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
കേസില്‍, കണ്ടാലറിയുന്ന 12 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കൂടാതെ വീഡിയോയില്‍ കാണുന്ന മൂന്നു പേരെ അറസ്റ്റ് ചെയ്തതായും അലിഗഡ് എസ്‌എസ്പി ആകാശ് കുല്‍ഹാരി പറഞ്ഞു. അറസ്റ്റിന് പുറമെ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
ഗാന്ധിജിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30 ശൗര്യ ദിവസ് എന്ന പേരില്‍ ഹിന്ദു മഹാസഭ ആഘോഷിക്കുന്ന പതിവുണ്ട്. എന്നാല്‍ ഗാന്ധിയുടെ രക്തസാക്ഷിത്തം അതേപടി അവതരിപ്പിച്ചുള്ള ആഘോഷം ഇതാദ്യമായാണ്.