Mon. Dec 23rd, 2024

കൊച്ചി:

ദിനംപ്രതി റെക്കോഡുകൾ ഭേദിച്ചു പുതിയ ഉയരങ്ങളിലേക്ക് എത്തിയിരിക്കുകയാണ് സ്വർണ്ണവില. ഇപ്പോൾ പവന് 24800 രൂപയിലെത്തിയിരിക്കുന്ന സ്വർണ്ണവില ഈ ആഴ്ച അവസാനത്തോടെ 25000 കടക്കുമെന്നാണ് വിപണിയിൽ നിന്നുള്ള സൂചന.

പുതുവർഷം പിറന്നതു മുതൽ സ്വർണ്ണവില വർദ്ധിക്കുകയാണ്. 2018 ഡിസംബർ 31 ന് ഒരു പവന്റെ വില 23,440 രൂപയായിരുന്നു.

രാജ്യാന്തര വിപണിയിലെ വിലയേക്കാൾ രൂപയുടെ മൂല്യവും ആഭ്യന്തര ഡിമാൻഡുമാണു രാജ്യത്തെ സ്വർണ്ണവിലയെ ഇപ്പോൾ കുതിച്ചു പായിക്കുന്നത്.

വിവാഹ സീസണ്‍ ആയതാണ് ആഗോള വിപണിയില്‍ വില വർദ്ധനവില്ലാതിരുന്നിട്ടും കേരളത്തില്‍ വില ഉയരാന്‍ കാരണമായി പറയുന്നത്. അമേരിക്കയിലെ സാമ്പത്തിക അസ്ഥിരതയും ഒരു കാരണമാണ്.

സ്വർണ്ണവില റെക്കോർഡിലെത്തിയിട്ടും സ്വർണ്ണം വാങ്ങാനെത്തുന്നവരുടെ തിരക്കിൽ കുറവില്ലെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ എസ്. അബ്ദുൽ നാസർ പറയുന്നു. വില ഇനിയും ഉയരാനുള്ള സാധ്യത മുന്നിൽക്കണ്ട് സ്വർണം വാങ്ങുന്നവരുമുണ്ട്. ഉപയോക്താക്കളുടെ പക്കലുള്ള സ്വർണ്ണം വിറ്റഴിക്കുന്ന പ്രവണതയും വർധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *