രഞ്ജി ട്രോഫി ഫൈനലിന്റെ ആവേശം നിറഞ്ഞ മൂന്നാം ദിനത്തിൽ വിദർഭയ്ക്ക് അഞ്ചു റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വിദർഭ ഒന്നാം ഇന്നിങ്സിൽ 312 നേടിയിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ സൗരാഷ്ട്ര 307 റൺസ് നേടി ലീഡ് നേടുന്നതിന് 5 റൺസ് അകലെ ഇടറി വീണു.
വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സ്നെൽ പട്ടേലിന്റെ മിന്നും സെഞ്ച്വറി ആയിരുന്നു സൗരാഷ്ട്ര ഇന്നിങ്സിന്റെ നെടുംതൂൺ. ചേതേശ്വർ പൂജാര ഉൾപ്പെടെയുള്ള ബാക്കി മുൻ നിര ബാറ്റ്സ്മാൻമാർ തിളങ്ങാതിരുന്ന സൗരാഷ്ട്രയെ കരകയറ്റിയത് വാലറ്റത്തിന്റെ വീരോചിത ചെറുത്തുനിൽപ്പാണ്. അവസാന വിക്കറ്റിൽ മാത്രം സൗരാഷ്ട്ര താരങ്ങളായ ജയ്ദേവ് ഉനദ്‌കട്ട് –ചേതൻ സക്കറിയ എന്നിവർ 60 റൺസ് കൂട്ടിച്ചേർത്തു. സൗരാഷ്ട്ര ഇന്നിങ്സിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടായിരുന്നു ഇത്.
എങ്കിലും ലീഡിന് അഞ്ചു റൺസ് മുന്നേ ഓൾ ഔട്ട് ആയതു സൗരാഷ്ട്രക്ക് വലിയ തിരിച്ചടിയായി. കാരണം മത്സരം സമനിലയിൽ അവസാനിക്കുകയാണെങ്കിൽ ഒന്നാം ഇന്നിങ്സിൽ ലീഡ് നേടുന്ന ടീമിനെയാണ് വിജയിയായി പ്രഖ്യാപിക്കുക.
വിദർഭയ്ക്കു വേണ്ടി ആദിത്യ സർവതേ 5 വിക്കറ്റു നേട്ടം കൈവരിച്ചു. നാലു വിക്കറ്റു നേടിയ അക്ഷയ് വഖാരെയും ബൗളിങ്ങിൽ തിളങ്ങി. ശേഷിച്ച ഒരു വിക്കറ്റ് ഇന്ത്യൻ താരം ഉമേഷ് യാദവിനായിരുന്നു.
രണ്ടാം ഇന്നിങ്സ് ബാറ്റിംഗ് ആരംഭിച്ച വിദർഭ മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ രണ്ടു വിക്കറ്റു നഷ്ടത്തിൽ 55 റൺസ് എടുത്തിട്ടുണ്ട്. പത്തു റൺസെടുത്ത ഓപ്പണർ ഫൈസ് ഫാസിലിന്റെയും, 16 റൺസ് നേടിയ സഞ്ജയ് രാമസ്വാമിയുടെയും വിക്കറ്റുകളാണ് വിദർഭയ്ക്കു നഷ്ടമായത്. 24 റൺസുമായി ഗണേഷ് സതീഷും, അഞ്ചു റൺസോടെ വെറ്ററൻ താരം വസീം ജാഫറുമാണ് ക്രീസിൽ.
രണ്ടു ദിവസത്തെ കളി ശേഷിക്കുമ്പോൾ തുല്യ ശക്തികളുടെ പോരാട്ടത്തിൽ മത്സരഫലം പ്രവചനാതീതമായിരിക്കുകയാണ്.