പാക്കിസ്ഥാനില്‍ ശൈശവ വിവാഹം തടയുന്നതിനായി വിവാഹപ്രായം ഉയർത്തികൊണ്ടുളള പുതിയ ബില്‍ പാസ്സാക്കി. മിനിമം വിവാഹ പ്രായം 16 നും 18 നും ഇടയില്‍ ആക്കുന്നതിനുളള ബില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഏകകണ്ഠമായാണ് പാസാക്കിയത്. പെണ്‍കുട്ടികളെ സംരക്ഷിക്കുന്നതിനായി പാക്കിസ്ഥാന്‍ സ്വീകരിച്ച മറ്റൊരു പ്രധാന നടപടിയാണിത്. 1929 ലെ വിവാഹ നിരോധന നിയമത്തില്‍ ഭേദഗതി വരുത്തിയാണ് പുതിയ നിയമം വരുന്നത്.
പാക്കിസ്ഥാന്‍ കുടുംബങ്ങളില്‍ നടത്തുന്ന ശൈശവ വിവാഹത്തിന്റെ ദൂഷ്യവശങ്ങള്‍ എല്ലാവരും മനസ്സിലാക്കണമെന്നും, പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ ആരോഗ്യത്തേയും, ജീവിത നിലവാരത്തേയും ഇത് സാരമായി ബാധിക്കുന്നുണ്ടെന്നും പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ സെനറ്ററായ ഷെറി റഹ്മാന്‍ പറഞ്ഞു.
ഇതിനകം തന്നെ ഈ തലമുറയെ ശൈശവ വിവാഹത്തിന്റെ ദോഷങ്ങള്‍ വല്ലാതെ ബാധിച്ചിട്ടുണ്ട്. ഇത് അതേപടി തുടരുകയാണെങ്കില്‍ അടുത്ത തലമുറയെ സാരമായി ബാധിക്കുമെന്നും, അവര്‍ മുന്നറിയിപ്പ് നല്‍കി.
പാക്കിസ്ഥാനിലെ പരമ്പരാഗത രീതികളും സംസ്കാരവും ശൈശവ വിവാഹത്തെ അനുകൂലിക്കുന്നുണ്ട്. എന്നാല്‍ ‘പെണ്‍കുട്ടി വെറും വധു മാത്രമല്ലെന്നാണ്’ ആന്റി ചൈല്‍ഡ് മാര്യേജ് ഓര്‍ഗ്ഗനൈസേഷന്‍ പറയുന്നത്. ഇവരുടെ റിപ്പോര്‍ട്ടു പ്രകാരം ലോകത്തിലെ ശൈശവ വിവാഹ കണക്കില്‍ പാക്കിസ്ഥാന്‍ 6-ാം സ്ഥാനത്താണ്. പാക്കിസ്ഥാനിലെ 21 ശതമാനം പെണ്‍കുട്ടികളും 18 വയസ്സിനു മുമ്പ് വിവാഹിതരാവുന്നുണ്ടെന്ന് യൂനിസെഫിന്റെ കണക്കുകള്‍ പറയുന്നു.
സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടി കല്ല്യാണം കഴിക്കുന്നതോടെ പഠനം അവസാനിപ്പിക്കുന്നു. ഗര്‍ഭധാരണം, പോഷകാഹാര കുറവ്, ഗാര്‍ഹിക പീഡനം, ഗര്‍ഭകാല സങ്കീര്‍ണതകള്‍ എന്നിവയാണ് പഠനം നിര്‍ത്താന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്. ശൈശവ വിവാഹം ഏറ്റവുമധികം ബാധിക്കുന്നത് സ്ത്രീകളെയും അവരുടെ കുടുംബങ്ങളുടെയും ആണ്. ശിശുവിവാഹം വഴി ദാരിദ്ര്യത്തില്‍ നിന്നും മുക്തി നേടാന്‍ അവര്‍ക്കു സാധിക്കുന്നില്ല. പാക്കിസ്ഥാനിൽ 39% ജനങ്ങളും പലവിധത്തില്‍ ദാരിദ്ര്യത്തിലാണ് ജീവിക്കുന്നത്.
ശൈശവ വിവാഹം അവസാനിപ്പിക്കാന്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും, റഹ്മാന്‍ ഈ നടപടികള്‍ വേഗത്തിലാക്കാന്‍ ആഗ്രഹിക്കുകയാണ്. 2017 ല്‍ ശൈശവ വിവാഹം കുറ്റകരമാക്കിയെങ്കിലും ഇത്തരം വിവാഹങ്ങള്‍ സിന്ധ് പ്രവിശ്യയില്‍ ധാരാളമായി കണ്ടുവരുന്നുണ്ട്. പെണ്‍കുട്ടികളുടെ മിനിമം വിവാഹ പ്രായം 16 ല്‍ നിന്ന് 18 ആയി ഉയർത്തിയിരുന്നു. എന്നാല്‍ ഇതിന് പാര്‍ലമെന്റിന്റെ അംഗീകാരം ആവശ്യമാണ്. പുതിയ നിയമം അടുത്ത മാസം എല്ലായിടത്തും തുല്യമായി പ്രാബല്യത്തില്‍ വരണം.
‘ഈ ഭേദഗതി പാര്‍ലമെന്റില്‍ നിലനില്‍ക്കുന്ന ഓരോ ദിവസവും എല്ലാ യുവതികളും അവരുടെ കുട്ടികളും അപകടത്തിലാണ്,’ റഹ്മാന്‍ പറഞ്ഞു.