പണമില്ലാത്തതിനാല്‍ പാപ്പരായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സ്. കമ്പനി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് കുടിശ്ശിക തിരിച്ചടയ്ക്കാന്‍ പണമില്ലെന്നും പാപ്പര്‍ നിയമമനുസരിച്ചുള്ള നടപടികളിലേക്ക് പോവുകയാണെന്നും ചെയര്‍മാന്‍ അനില്‍ അംബാനി വ്യക്തമാക്കുന്നത്. ടെലി കമ്യൂണിക്കേഷന്‍ രംഗത്ത് കനത്ത നഷ്ടമുണ്ടായതിനെത്തുടര്‍ന്ന് അടച്ചുപൂട്ടേണ്ടിവന്ന റിലയന്‍സ് കമ്യൂണിക്കേഷന്‍സിന് 42,000 കോടി രൂപയാണ് കടമുള്ളത്.
ടെലികോം രംഗത്ത് നിരക്കുകള്‍ കുറച്ച് വിപ്ലവത്തിന് തുടക്കം കുറിച്ച റിലയന്‍സ് കമ്യൂണിക്കേഷന്‍സിന് അടിപതറാന്‍ തുടങ്ങിയത് ഈ രംഗത്ത് മല്‍സരം രൂക്ഷമായതോടെയാണ്. അനില്‍ അംബാനിയുടെ ജ്യേഷ്ഠന്‍ മുകേഷ് അംബാനിയുടെ സ്ഥാപനമായ ജിയോയുടെ വരവോടെ റിലയന്‍സ് കമ്യൂണിക്കേഷന്റെ പതനം പൂര്‍ണ്ണമായിക്കഴിഞ്ഞിരുന്നു.
റിലയൻസ് കമ്യുണിക്കേഷൻസിന്റെ അക്കൌണ്ടുകളിൽ അവശേഷിക്കുന്നത് വെറും 19.34 കോടി രൂപ മാത്രമാണെന്നാണ് പുറത്തുവരുന്ന വാർത്ത.
അതിനിടയിൽ അനില്‍ അംബാനിയെ രാജ്യം വിടാന്‍ അനുവദിക്കരുതെന്ന അപേക്ഷയുമായി സ്വീഡിഷ് ടെലികോം ഉപകരണ കമ്പനി എറിക്‌സണ്‍ സുപ്രീം കോടതിയില്‍ ഹർജി നൽകിയിരിക്കുകയാണ്. തരാനുള്ള 1600 കോടി രൂപയുടെ കടം തിരിച്ചടയ്ക്കുന്നതില്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ വീഴച വരുത്തിയത് കോടതി ഇടപെട്ടു ഒത്തു തീർപ്പിൽ 550 കോടിയാക്കി കുറച്ചിരുന്നു. എന്നാൽ അതുപോലും കൊടുക്കാതായപ്പോഴാണ് എറിക്‌സൺ ഇപ്പോൾ സുപ്രീം കോടതിയിൽ എത്തിയിട്ടുള്ളത്.
ഇങ്ങനെ പാപ്പരായ അനിൽ അംബാനിയാണ് 6000 കോടി രൂപയുടെ റാഫേൽ പ്രതിരോധ ഇടപാടിൽ പങ്കാളിയെന്നതാണ് വിചിത്രം. ഒരു മൊട്ടു സൂചി പോലും ഉണ്ടാക്കാത്ത അനിൽ അംബാനിയുടെ കമ്പനിക്ക് യുദ്ധവിമാനങ്ങൾ നിർമ്മിക്കാനുള്ള കരാർ ലഭിച്ചത് വലിയ വിവാദങ്ങൾക്കു ഇടയാക്കിയിരുന്നു. പാപ്പര്‍ ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചതോടെ കടബാധ്യതകള്‍ പേറുന്ന റിലയന്‍സ് ഗ്രൂപ്പിനെ റഫാല്‍ കരാറില്‍ എന്തിനു പങ്കാളിയാക്കി എന്ന ചോദ്യം കേന്ദ്ര സര്‍ക്കാരിനോട് വീണ്ടും ഉന്നയിക്കുകയാണ് പ്രതിപക്ഷം.
മോശം സാമ്പത്തിക സ്ഥിതിയില്‍ ആയിരിക്കുക എന്നതാണ് മോദി കാലത്ത് ഒരു കമ്പനിയുടെ യോഗ്യത എന്ന് പരോക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തി.
ഇതിനിടയിൽ കടക്കെണിയിൽ നിന്നും രക്ഷപ്പെടാൻ 25,000 കോടി രൂപയുടെ ആസ്തി അനിൽ അംബാനിയുടെ ജ്യേഷ്ഠൻ മുകേഷ് അംബാനിയുടെ റിലയൻസ് ജിയോയ്ക്ക് വിൽക്കാനുള്ള പദ്ധതിയ്ക്കും കമ്പനി ശ്രമിച്ചിരുന്നു. എന്നാല്‍ റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെ ബാധ്യതകള്‍ ഏറ്റെടുക്കാന്‍ തങ്ങള്‍ക്കാവില്ലെന്നായിരുന്നു മുകേഷിന്റെ നിലപാട്. അത്തരം ഉറപ്പുകള്‍ നല്‍കാനാവില്ലെന്ന് ടെലികോം മന്ത്രാലയം കൂടി വ്യക്തമാക്കിയതോടെ ആ ഇടപാടും നിലച്ചു. ഇത് ജേഷ്‌ഠനും അനുജനും കൂടി നടത്തുന്ന ഒത്തുകളിയാണോ എന്ന് സംശയിക്കുന്നവരും ഉണ്ട്.
ഇതേ അവസ്ഥയിൽ തന്നെയായിരുന്നു വിജയ് മല്യയും നീരവ് മോദിയും മെഹുല്‍ ചോക്‌സിയും ഒക്കെ ഇന്ത്യ വിട്ടത്. അവരുടെ വഴിയേ അനില്‍ അംബാനിയും ഇന്ത്യ വിടുമോ എന്നാണ് ബിസിനസ് ലോകം ഉറ്റുനോക്കുന്നത് .