ലാൻഡ് ലോവറിന്റെ സാങ്കേതിക വശങ്ങൾ കൂട്ടിയിണക്കി ടാറ്റ മോട്ടോഴ്‌സ് നിർമ്മിച്ച 5 സീറ്റർ പ്രീമിയം എസ് യു വി “ടാറ്റ ഹാരിയർ” വിപണിയിൽ തരംഗമായി. ജനുവരി 24 നു കൊച്ചിയിൽ വെച്ചു നടന്ന ചടങ്ങിലാണ് ഹാരിയർ കേരളത്തിൽ ലോഞ്ച് ചെയ്തത്. 12.69 ലക്ഷം അടിസ്ഥാന വില നിശ്ചയിച്ചിട്ടുള്ള ഹാരിയർ വെറും പത്തു ദിവസം കൊണ്ട് 420 യൂണിറ്റുകളാണ് വിറ്റു പോയത്.
ഒട്ടേറെ പുതുമകളുമായാണ് ഇത്തവണ ടാറ്റ കളത്തിലിറങ്ങിയിരിക്കുന്നത്. 2 ലീറ്റർ 140 ബിഎച്ച്പി ഡീസൽ എൻജിനും 6 സ്പീഡ് മാനുവൽ ഗിയർ സംവിധാനവുമുള്ള മോഡൽ XE, XM, XT, XZ എന്നിങ്ങനെ നാലു വേരിയന്റുകളിലാണ് ടാറ്റ അവതരിപ്പിച്ചിട്ടുള്ളത്.
300 ലധികം ക്രാഷ് ടെസ്റ്റുകൾക്ക് ശേഷമാണ് ഹാരിയർ നിരത്തിലിറങ്ങുന്നത്. ഇക്കാരണത്താൽ വാഹനത്തിന്റെ സുരക്ഷയെക്കുറിച്ച് ഉപഭോക്താക്കൾക്ക് നല്ല വിശ്വാസം നേടിയെടുക്കുവാൻ ടാറ്റയ്ക്ക് സാധിച്ചിട്ടുണ്ട്. 4598 mm നീളവും, 1894 mm വീതിയും, 1706 mm ഉയരവും, 205 mm വീല്‍ബേസുമാണ് ഹാരിയറിന് ടാറ്റ നൽകിയിട്ടുള്ളത്.
നിലവിൽ 5 സീറ്റർ ആയിട്ടാണ് ഹാരിയർ ഇറങ്ങുന്നതെങ്കിലും അടുത്തു തന്നെ പരിഷ്‌ക്കരിച്ച 7 സീറ്റർ പതിപ്പ് ഇറങ്ങുമെന്നുള്ള സൂചനയുമുണ്ട്. മിക്കവാറും ഇത് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ കൂടി ഉൾപ്പെടുത്തിയിട്ടുള്ളതായിരിക്കും.
ടാറ്റയുടെ ഏറ്റവും പുതിയ സാങ്കേതികവിദ്യയായ ക്രയോടെക് 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാണ് വാഹനത്തിനു കരുത്ത് പകരുന്നത്. 4 സിലിണ്ടര്‍ എഞ്ചിന് 1956 സിസിയാണ് കപ്പാസിറ്റി. 138 ബിഎച്ച്പി കരുത്തും 350 എന്‍എം ടോര്‍ക്കുമുള്ള വാഹനത്തിന് ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ്.
8.8 ഇഞ്ച് ഫ്‌ളോട്ടിംഗ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് പ്രധാന ആകര്‍ഷണം. 4 സ്പീക്കറുകളും 4 ട്വീറ്ററുകളും ഒരു സബ് വൂഫറുമടങ്ങിയ ജെ ബി എല്‍ സംഗീതസംവിധാനമാണ് വാഹനത്തിലുള്ളത്.
ഹ്യുണ്ടായ് ക്രേറ്റ, ജീപ്പ് കോമ്പസ്, റിനോ കാപ്റ്റര്‍, മഹീന്ദ്ര XUV500, നിസ്സാന്റെ പുതിയ മോഡലായ കിക്ക്‌സ് എന്നിവയുമായിട്ടായിരിക്കും വിപണിയിൽ ഹാരിയറിന്റെ മത്സരം.