രഞ്ജി ട്രോഫി ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ വിദർഭക്കെതിരെ സൗരാഷ്ട്ര പൊരുതുന്നു. രണ്ടാം ദിനം കളി നിർത്തുമ്പോൾ സൗരാഷ്ട്ര 5 വിക്കറ്റു നഷ്ടത്തിൽ 158 റൺസ് എന്ന നിലയിലാണ്. അഞ്ചു വിക്കറ്റ് ബാക്കി നില്‍ക്കെ വിദർഭയുടെ ഒപ്പമെത്താന്‍ സൗരാഷ്ട്രയ്ക്കു 154 റണ്‍സ് കൂടി വേണം.
സ്‌നെല്‍ പട്ടേലും (87*) പ്രേരക് മങ്കാദുമാണ് (16*) ക്രീസില്‍. ഇന്ത്യന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായ ചേതേശ്വര്‍ പുജാര (1), ഹര്‍വിദ് ദേശായ് (10), വിശ്വരാജ് ജഡേജ (18), അര്‍പിത് വാസവദ (13), ഷെല്‍ഡന്‍ ജാക്‌സണ്‍ (9) എന്നിവരാണ് പുറത്തായത്. പൂജാരയുടേത് ഉൾപ്പെടെ മൂന്നു വിക്കറ്റുകൾ വീഴ്ത്തിയ ആദിത്യ സർവതെയുടെ തകർപ്പൻ ബൗളിംഗ് ആണ് വിദർഭക്കു മത്സരത്തിൽ മേൽക്കൈ നേടിക്കൊടുത്തത്.
നേരത്തെ വിദർഭയുടെ ഇന്നിംഗ്സ് 312 റൺസിന് അവസാനിച്ചിരുന്നു. ആദ്യദിനം ഏഴിന് 200 റൺസ് എന്ന നിലയിൽ അവസാനിപ്പിച്ച വിദർഭയെ അക്ഷയ് കർണെവാർ (73*) വാലറ്റത്തെ കൂട് പിടിച്ചു നടത്തിയ ചെറുത്തുനില്പാണ് 300 കടത്തിയത്. അക്ഷയ് വാഡ്കര്‍ (45), മോഹിത് കാലെ (35), അക്ഷയ് വഖാരെ (34), ഗണേഷ് സതീഷ് (32) എന്നിവരും വിദർഭ ഇന്നിഗ്‌സിൽ തിളങ്ങി. സൗരാഷ്ട്രക്ക് വേണ്ടി ക്യാപ്ടനും മുൻ ഇന്ത്യൻ താരവുമായ ജയദേവ് ഉനദ്‌കട്ട് മൂന്നു വിക്കറ്റുകൾ വീഴ്ത്തി.