Thu. Dec 26th, 2024
#ദിനസരികള് 660

പന്ത്രണ്ടു മക്കളെ പെറ്റൊരമ്മേ നിന്റെ
മക്കളില്‍ ഞാനാണ് ഭ്രാന്തന്‍
പന്ത്രണ്ടു രാശിയും നീറ്റുമമ്മേ നിന്റെ
മക്കളില്‍ ഞാനാണനാഥന്‍ – വി മധുസൂദനന്‍ നായരുടെ മനോഹരമായ ശബ്ദത്തില്‍ ആലപിക്കപ്പെട്ട നാറാണത്തു ഭ്രാന്തന്‍. ഒരു കാലത്ത് ആവര്‍ത്തിച്ച് കേള്‍ക്കുമായിരുന്ന കവിത. ഒരു ചൂണ്ടക്കൊളുത്തുപോലെ അക്കാലങ്ങളില്‍ ഈ വരികള്‍ ഒപ്പം കൂടി. രാവെന്നോ പകലെന്നോ ഇല്ലാതെ നിരന്തരം മൂളിമൂളി വരികള്‍ കാണാപ്പാഠമായി. നാറാണത്തു ഭ്രാന്തനായി സ്വയം സങ്കല്പിച്ചു. അയാളുടെ ദുഖങ്ങളെ ആത്മാവിലേക്ക് ആനയിച്ചു.

വാഴ്വിന്‍ ചെതുമ്പിച്ച വാതിലുകളടയുന്ന
പാഴ് നിഴല്‍പ്പുറ്റുകള്‍ കിതപ്പാറ്റിയുടയുന്ന
ചിടകെട്ടി കേവലത ധ്യാനത്തിലുറയുന്ന
ചുടുകാട്ടിലെരിയാതെരിഞ്ഞ തിരിയായ് നേരു
ചികയുന്ന ഞാനാണ് ഭ്രാന്തന്‍, മൂക –
മുരുകുന്ന ഞാനാണ് മൂഢന്‍ എന്നു പാടുമ്പോള്‍ ഞാന്‍ ആ ‘മൂഢത്വ’ത്തെ ഏറ്റെടുത്തു നാറാണത്തു ഭ്രാന്തനായി സ്വയം അവരോധിച്ചുകൊണ്ട് നിരസിക്കപ്പെട്ടവന്റെ വേദന അനുഭവിച്ചു പോന്നു. ചില പരിഷകള്‍ കളിയാക്കിയത് നിനക്കു പറ്റിയ കവിത എന്നായിരുന്നു.

നേരു ചികയുന്നവനെ എല്ലാക്കാലത്തും ഭ്രാന്തുള്ളവരുടെ പട്ടികയിലേക്ക് തള്ളിവിടുകയെന്നത് നമ്മുടെ സമൂഹത്തിന്റെ ഒരു പൊതുസ്വഭാവമാണല്ലോ. ഏതു കാലത്തും അങ്ങനെ സംഭവിച്ചിരുന്നു. ഭ്രാന്തന്‍ എന്ന ആക്ഷേപം കേള്‍ക്കാത്ത ഒരു മഹാത്മാവും ഈ നാട്ടില്‍, എന്തിന് ലോകത്തില്‍ത്തന്നെ ജനിച്ചിട്ടുണ്ടാവില്ല. അതുകൊണ്ടുതന്നെ ഭ്രാന്തന്‍ എന്ന വിളി അംഗീകാരമാണെന്നുപോലും കരുതപ്പെട്ടിരുന്നു. അക്കാരണത്താല്‍ നാറാണത്തു ഭ്രാന്തന്റെ ഭ്രാന്തുകളെ ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് പാടിപ്പാടി നടക്കാന്‍ ഒരു പ്രത്യേക സുഖവുമുണ്ടായിരുന്നു.

കൂട്ടത്തില്‍ നിന്നും പുറത്താക്കപ്പെട്ടവന്റെ വിലാപങ്ങളെ, നിഷ്കാസിതനാക്കപ്പെട്ടവന്റെ സന്ത്രാസങ്ങളെ ആ കവിത എന്നില്‍ കോരിയൊഴിച്ചു. മറ്റെല്ലാവരും ഓരോരോ തുറകളില്‍ മാന്യന്മാരായി വിലസുമ്പോള്‍ ഞാനെന്റെ ഇരുണ്ട കാലങ്ങളില്‍ അടുപ്പുകല്ലുകള്‍ക്കുമേല്‍ കാല്‍ കയറ്റി വെച്ച് മന്താറ്റുന്നവനായി മാറി. എന്നിരുന്നാലും ശരി ഞാന്‍ തന്നെയാണ് ധിക്കാരഭാവം എന്നെ വിട്ടുപോയിട്ടുണ്ടായിരുന്നില്ല. കവിതയും പഠിപ്പിച്ചത് അതുതന്നെയാണല്ലോ.

ആകാശ ഗര്‍ഭത്തിലാത്മതേജസ്സിന്റെ
ഓംകാരബീജം തിരഞ്ഞും
എല്ലാരുമൊന്നെന്ന ശാന്തിപാഠം തനി
ച്ചെങ്ങുമേ ചൊല്ലിത്തളര്‍ന്നും
ഉടല്‍ തേടിയലയുമാത്മാക്കളോടദ്വൈത
മുരിയാടി ഞാനിരിക്കുമ്പോള്‍
ഉറവിന്റെ കല്ലെറിഞ്ഞൂടെപ്പിറന്നവര്‍
കൂകി നാറാണത്തു ഭ്രാന്തന്‍.

ആ വിളിയെ നാറാണത്തിനെപ്പോലെ ഞാനും ഏറ്റെടുത്തു. പൊട്ടിച്ചിരിച്ചും പുലമ്പിക്കരഞ്ഞും പുലഭ്യം പറഞ്ഞും പെരുംകാലനത്തിയും ഇരുളും വെളിച്ചവും തിരമേച്ചു തുള്ളാത്ത പെരിയ സത്യത്തിന്റെ നിര്‍വികാരത്വമാണ് ഞാനെന്ന് വെറുതെ ഭാവിച്ചു പോന്നിരുന്ന കാലങ്ങള്‍.

ദൈവത്താന്മാര്‍ വെല്ലുവിളിക്കപ്പെടുകയും മാനുഷികതയ്ക്ക് കൂടുതല്‍ തെളിച്ചമുണ്ടാകുകയും ചെയ്ത കാലം. മനുഷ്യന്‍ തന്നെയാണ് ദൈവം എന്ന ചിന്ത പതിയെപ്പതിയെ കൂടുകെട്ടിത്തുടങ്ങിയിരുന്നു. അതിനപ്പുറമുള്ള വ്യാഖ്യാനങ്ങളൊക്കെ ദൌര്‍ബല്യങ്ങളില്‍ നിന്നും ഉടലെടുക്കുന്നതാണെന്ന തിരിച്ചറിവ്. മരണമെന്ന പിരിയലുണ്ടാക്കുന്ന അന്ധതയിലാണ് ദൈവം വിളക്കുകൊളുത്തി കാത്തു നില്ക്കുന്നതെന്ന മനസ്സിലാക്കല്‍. അതിനപ്പുറം അയാളൊന്നുമല്ലെന്ന ഉറപ്പിക്കല്‍ – ഇങ്ങനെയൊക്കെ ചിന്തിക്കുമ്പോഴാണ്,

ഓരോ ശിശുരോദനത്തിലും കേള്‍പ്പു ഞാ-
നൊരു കോടിയീശ്വര വിലാപം
ഓരോ കരിന്തിരിക്കണ്ണിലും കാണ്മൂ ഞാ
നൊരു കോടി ദേവനൈരാശ്യം
ജ്ഞാനത്തിനായ് കുമ്പിള്‍ നീട്ടുന്ന പൂവിന്റെ
ജാതി ചോദിക്കുന്നു വ്യോമസിംഹാസനം
ജീവന്റെ നീതിക്കിരക്കുന്ന പ്രാവിന്റെ
ജാതകം നോക്കുന്നു ദൈത്യ ന്യായാസനം
ശ്രദ്ധയോടന്നം കൊടുക്കേണ്ട കൈകളോ
അര്‍ഥിയില്‍ വര്‍ണവും വിത്തവും തപ്പുന്നു
ഉമിനീരിലെരിനീരിലെല്ലാം ദഹിക്കയാ
ണൂഴിയില്‍ ദാഹമേ ബാക്കി എന്ന് പാടിത്തരുന്നത്. ഏറ്റു പാടാതിരിക്കുമോ? ധാരാളമായി പാടി.

ഇന്ന് രാവിലെ ഏറെക്കാലത്തിനു ശേഷം നാറാണത്തു ഭ്രാന്തന്‍ ആരോ പാടുന്നതു കേട്ടപ്പോള്‍ ഒരു കവിത എങ്ങനെയൊക്കെയാണ് കൌമാരകാലങ്ങളില്‍ ഇടപെട്ടത് എന്ന് വെറുതെ ചിന്തിച്ചു പോയതാണ്. അക്കവിത അന്നേറ്റു പാടിയവനില്‍ ഇന്ന് മാറ്റമൊന്നും വന്നിട്ടില്ലെന്നു പറയുക വയ്യ. അന്നത്തെക്കാള്‍ കാലം കലുഷിതമായിട്ടും മനുഷ്യനെ വിശ്വസിക്കുക എന്ന അടിസ്ഥാന പ്രമാണത്തിന് കൂടുതല്‍‌ വേരുകള്‍ മുളച്ചു.

ഇരുണ്ട കാലങ്ങളില്‍ ഉരുകിത്തീരേണ്ടവനല്ലെന്നും കല്പതപമാര്‍ന്ന ചൂടില്‍ നിന്നും മാനവത്വത്തിന്റെ വക്താവായും പ്രയോക്താവായും നാം ഓരോരുത്തരും മാറിത്തീരേണ്ടതുണ്ടെന്നും പഠിച്ചു. ഒറ്റപ്പെടുത്തലുകളൊക്കെ താല്ക്കാലികമാണെന്നും അവര്‍ ഇടക്കിടക്കു ജീവിതത്തിന്റെ പന്ഥാവുകളിലേക്ക് എത്തിനോക്കി പിന്മാറുന്നവരാണെന്നും ഉറച്ചു. സര്‍വ്വോപരി ദൈവത്തിന്റെ സ്ഥാനം പുറമ്പോക്കിലേക്ക് കൂടുതലായി മാറി.

മനോജ് പട്ടേട്ട്, വയനാട്ടുകാരന്‍, മാനന്തവാടി സ്വദേശി.

Leave a Reply

Your email address will not be published. Required fields are marked *