മലപ്പുറം:
ലോകസഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് കൂടി അധികം വേണമെന്ന നിലപാടുമായി മുസ്ലീം ലീഗ് നേതൃത്വം. പാണക്കാട് ചേര്‍ന്ന ഉന്നതാധികാര സമിതിയിലാണ് മൂന്നാം സീറ്റിനുള്ള ആവശ്യം മുന്നോട്ടു വെക്കാന്‍ തീരുമാനമായത്. മൂന്നാം സീറ്റിന് ലീഗിന് അര്‍ഹതയുണ്ടെന്ന് നേരത്തെ തന്നെ ഇ.ടി.മുഹമ്മദ് ബഷീര്‍ കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കിയിരുന്നു. തുടര്‍ന്ന് മലപ്പുറത്ത് ചേര്‍ന്ന യോഗത്തിലാണ് മൂന്നാം സീറ്റ് ചോദിക്കാന്‍ ധാരണയായത്.
പത്തിന് ചേരുന്ന യു.ഡി.എഫ് ഉഭയകക്ഷി ചര്‍ച്ചയില്‍ ഉന്നയിക്കാനും ധാരണയായി. മലപ്പുറം മണ്ഡലത്തില്‍ പി.കെ കുഞ്ഞാലിക്കുട്ടിയും, പൊന്നാനിയില്‍ ഇ.ടി മുഹമ്മദ് ബഷീറും തന്നെ മത്സരിക്കും. ഇക്കാര്യത്തില്‍ ഏക അഭിപ്രായമാണ് യോഗത്തില്‍ ഉയര്‍ന്നത്.
മത്സരിക്കുന്നതിന് ഇരുവരും സമ്മതം അറിയിച്ചിട്ടുണ്ട്. ഇവരെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ ഏക അഭിപ്രായമാണ് യോഗത്തില്‍ ഉയര്‍ന്നത്. യൂത്ത് ലീഗ് ഉള്‍പ്പെടെ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ നിരന്തരമായി മൂന്നാം സീറ്റ് ആവശ്യപ്പെടുന്നതിനാല്‍ പിന്നോട്ട് പോകേണ്ടതില്ലെന്നും സീറ്റ് ചോദിക്കുന്നതില്‍ മടിക്കേണ്ടതില്ലെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
വടകര, വയനാട്, കാസര്‍കോട് മണ്ഡലങ്ങളില്‍ ഒന്നാണ് ലീഗ് ആവശ്യപ്പെടുക. എന്നാല്‍ മൂന്നാം സീറ്റിനായി കടുത്ത നിലപാട് മുസ്ലീം ലീഗ് എടുത്തേക്കില്ല. നിലവിലെ സാഹചര്യത്തില്‍ സീറ്റിനെ ചൊല്ലി തര്‍ക്കമുണ്ടാക്കാന്‍ നേതൃത്വം തയ്യാറാകില്ല. ഉഭയകക്ഷി യോഗത്തില്‍ സീറ്റാവശ്യത്തില്‍ നിന്ന് പിന്മാറിയാലും അണികളെ തൃപ്തിപ്പെടുത്താനാവും. നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് അവകാശപ്പെടാനും ഇത് വഴിയൊരുക്കുമെന്നാണ് ലീഗ് കണക്കുകൂട്ടല്‍.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍, കെ പി എ മജീദ്, എം കെ മുനീര്‍, പി വി അബ്ദുല്‍ വഹാബ്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.