Mon. Dec 23rd, 2024

കോഴിക്കോട്:

എൻ.എസ്.എസ് രാഷ്ട്രീയത്തിൽ ഇറങ്ങുന്നുണ്ടെങ്കിൽ രാഷ്ട്രീയ നിലപാട് വ്യക്തമാക്കണമെന്നും, നിഴൽയുദ്ധം വേണ്ടെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. രാഷ്ട്രീയത്തിൽ ഇടപെടാതിരിക്കുന്നതാണ് എൻ എസ് എസ്സിന് നല്ലത്. യു.ഡി.എഫിനൊപ്പമാണോ അതോ ബി.ജെ.പിക്കൊപ്പമാണോ എന്ന് തുറന്നു പറയണം. അല്ലാതെ നിഴൽ യുദ്ധം വേണ്ടെന്നാണ് സുകുമാരൻ നായരോട് പറയാനുള്ളതെന്നും കോടിയേരി വ്യക്തമാക്കി.

എൻ.എസ്.എസ് നേരത്തേയും സി.പി.എം വിരുദ്ധ നിലപാട് സ്വീകരിച്ചിട്ടുണ്ട്. അവർക്ക് രാഷ്ട്രീയത്തിൽ ഇറങ്ങണമെങ്കില് രാഷ്ട്രീയ നിലപാട് എടുത്ത് വരട്ടെ. എൻ.എസ്.എസ് അണികളെ മുൻ‌നിർത്തി എൻ.എസ് എസ് നേതൃത്വത്തെ നേരിടാന് സി.പി.എമ്മിന് സാധിക്കുമെന്നും കോടിയേരി കൂട്ടിച്ചേർത്തു.

എന്.എസ്.എസ് സമുദായ അംഗങ്ങളുടെ പുരോഗതിക്കുവേണ്ടിയുള്ള പദ്ധതികളാണ് നടപ്പാക്കേണ്ടത്. അല്ലാതെ രാഷ്ട്രീയ നിലപാട് എടുക്കാൻ പാടില്ല. അത് അവരുടെ അണികൾ തന്നെ എതിർക്കുന്നുണ്ട്. എൻ.എസ്.എസ്സിന് വേണമെങ്കിൽ രാഷ്ട്രീയ പാർട്ടിയുണ്ടാക്കാം. മുമ്പ് എൻ.എസ്.എസ് അതു ചെയ്തിട്ടുണ്ട്. 1982 ൽ.

എൻ.ഡി.പി എന്നായിരുന്നു ആ പാർട്ടിയുടെ പേര്. കേരള ചരിത്രത്തിൽ ഏറ്റവും കൂടുതൽ അഴിമതി കാട്ടിയ പാർട്ടിയായിരുന്നു അത്. അവരെക്കൂടാതെ ധീവരസഭയുടെ ഡി.എൽ.പി എന്ന പാർട്ടിയും എസ്.എൻ.ഡി.പിയുടെ എസ്.ആർ.പി എന്ന പാർട്ടിയും എല്ലാം ചേർന്ന മുന്നണിയായിരുന്നു യു.ഡി.എഫ്. ആ മുന്നണിയെ പരാജയപ്പെടുത്തിയാണ് 1987 ൽ ഇടതുമുന്നണി അധികാരത്തിൽ വന്നത്.

അത്തരം ഇടപെടലുകൾ എൻ.എസ്.എസ് മുമ്പും സീകരിച്ചിട്ടുണ്ട്. അത്തരത്തിലുള്ള വിരട്ടലുകൾക്കു മുന്നിൽ സി.പി.എം ഭയപ്പെടാൻ പോകുന്നില്ല. അത്തരത്തിലുള്ള രാഷ്ട്രീയ പരീക്ഷണത്തിന് സുകുമാരൻ നായർ വീണ്ടും തുനിയുകയാണെങ്കിൽ അതെല്ലാം നേരിടാൻ സി.പി.എമ്മിന് കഴിയുമെന്നും കോടിയേരി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *