തിരുവനന്തപുരം:
മുഖ്യമന്ത്രി പിണറായി വിജയനുമായി നടന്ന ചര്‍ച്ച വിജയിച്ചതിനെ തുടര്‍ന്ന് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതിനാല്‍ സമരം അവസാനിപ്പിക്കുകയാണെന്നും സമരസമിതി നേതാക്കള്‍ അറിയിച്ചു. ദുരിതബാധിതരോടൊപ്പം സമൂഹിക പ്രവര്‍ത്തക ദയാബായി നടത്തി വന്ന പട്ടിണി സമരവും ഇതോടെ അവസാനിപ്പിച്ചു.
2017-ലെ മെഡിക്കല്‍ ക്യാമ്പില്‍ ബയോളജിക്കല്‍ പോസിബിള്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട 1905 പേരില്‍ അന്ന് 18 വയസില്‍ താഴെ പ്രായമുണ്ടായിരുന്ന കുട്ടികളെ മെഡിക്കല്‍ പരിശോധനയുടെ അടിസ്ഥാനത്തില്‍ എന്‍ഡോസള്‍ഫാന്‍ ആനുകൂല്യത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ ചര്‍ച്ചയില്‍ ധാരണയായി. ഹര്‍ത്താല്‍ കാരണം മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയ കുട്ടികള്‍ക്ക് വേണ്ടി വീണ്ടും മെഡിക്കല്‍ ക്യാമ്പ് നടത്തും. ഇതിന്റെ അടിസ്ഥാനത്തില്‍ ലിസ്റ്റ് പുതുക്കും. അതിരു ബാധകമാക്കാതെ 482 കുട്ടികളെ കൂടി ലിസ്റ്റില്‍ ഉള്‍പ്പെടുത്താനും തീരുമാനമായി.
സുപ്രീം കോടതി വിധിയിലെ അവ്യക്തത നീക്കാനും നടപടി ഉണ്ടാകും. മറ്റുള്ളവരുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നേരത്തെ ആരോഗ്യ മന്ത്രിയുമായി നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു. ദുരന്തബാധിത കുടുംബത്തിലെ രണ്ടു കുട്ടികളില്‍ ഒരാളെ മാത്രം ലിസ്റ്റില്‍ ഉള്‍പ്പെടുത്തി എന്ന ആരോപണവുമുണ്ടായിരുന്നു. ഇക്കാര്യവും പ്രത്യേകം പരിഗണിക്കും. കഴിഞ്ഞ ബുധനാഴ്ചയാണ് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടങ്ങിയത്.