Mon. Dec 23rd, 2024

കാസർകോഡ്:

കേരള കേന്ദ്ര സർവകലാശാലയിൽ സെന്റർ ഫോർ സിനിമ ആൻഡ് സ്ക്രീൻ സ്റ്റഡീസ് എന്ന പേരിൽ സിനിമക്കായി പുതിയ കേന്ദ്രം വരുന്നു. ഡിപ്പാർട്മെന്റ് ഓഫ് ഇംഗ്ലീഷ് ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചറിനു കീഴിലായിരിക്കും ഇത്. ഫെബ്രുവരി 6 ന് രാവിലെ പതിനൊന്ന് മണിക്ക് കാസർഗോഡ് സർവകലാശാലയിലെ സബർമതി സെമിനാർ ഹാളിൽ വച്ച് നടക്കുന്ന ചടങ്ങിൽ വിഖ്യാത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്‍ണൻ സെന്റർ ഉദ്‌ഘാടനം ചെയ്യും. സർവകലാശാല വൈസ് ചാൻസലർ പ്രൊഫസർ ജി. ഗോപകുമാർ ചടങ്ങിന് അധ്യക്ഷത വഹിക്കും.

പരിപാടിയോടനുബന്ധിച്ച് ‘കാസർക്കോട്ടെ സിനിമാക്കാലം’ എന്ന വിഷയത്തിൽ ഫിലിം സൊസൈറ്റി പ്രവർത്തകനായ ജി.ബി വൽസന്റെ പ്രഭാഷണം ഉണ്ടായിരിക്കും. “സിനിമ ഓഫ് കംപാഷൻ: ഓൺ സെർറ്റൈൻ ഷിഫ്ട്സ് ഇൻ കേരള സിനിമ” എന്ന വിഷയത്തിൽ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ അധ്യാപകൻ ഡോ.അജയ് എസ്. ശേഖറും പ്രഭാഷണം നടത്തും.

കാസർഗോഡ് ജില്ലയിൽ നിന്നും ഇരുപത് കിലോമീറ്റർ തെക്ക് പെരിയ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കേരള കേന്ദ്ര സർവകലാശാല 2009 ൽ ആണ് സ്ഥാപിതമായത്. ഇന്ത്യൻ സെൻട്രൽ യൂണിവേഴ്സിറ്റീസ് ആക്ട്, 2009 (ആക്ട് No.25, 2009) പ്രകാരം ഇന്ത്യൻ പാർലമെന്റ് സ്ഥാപിച്ച 15 കേന്ദ്ര സർവകലാശാലകളിൽ ഒന്നാണ് കേരള കേന്ദ്ര സർവകലാശാല അഥവാ സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള (സി.യു. കെ).

Leave a Reply

Your email address will not be published. Required fields are marked *