Mon. Dec 23rd, 2024
മഹാരാഷ്ട്ര:

കഴിഞ്ഞ വര്‍ഷം ഭീമ കൊറേഗാവില്‍ നടന്ന അക്രമസംഭവങ്ങളില്‍ പങ്കുണ്ടെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം ആനന്ദ് തെൽതുംദെയെ പൂനെ പൊലീസ് അറസ്റ്റു ചെയ്യുകയും, അറസ്റ്റ് നിയമവിരുദ്ധമെന്ന് കണ്ടതിനെത്തുടര്‍ന്ന് പൂനെ കോടതി അദ്ദേഹത്തെ മോചിപ്പിക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. സുപ്രീം കോടതി തെല്‍തുംദെയ്ക്ക് അറസ്റ്റില്‍ നിന്നും നല്‍കിയ പരിരക്ഷ നിലനില്‍ക്കെയാണ് പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തത്.

ജനുവരി 14 ന് സുപ്രീം കോടതി 4 ആഴ്ചത്തേക്ക് തെല്‍തുംദെയ്ക്ക് അറസ്റ്റില്‍ നിന്നും പരിരക്ഷ നല്‍കിയിരുന്നു. ഫെബ്രുവരി 11 വരെയാണ് സുപ്രീം കോടതി അനുവദിച്ച സംരക്ഷണത്തിന്റെ കാലാവധി. ഗോവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ പ്രൊഫസറായ ആനന്ദ് തെല്‍തുംദെയെ ഫെബ്രുവരി രണ്ടിന് പുലര്‍ച്ചെ മൂന്നര മണിയോടെയാണ് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് പൂനെ പൊലീസിന് കൈമാറുകയായിരുന്നു.

“വർഷം തോറും രാജ്യത്ത് നടക്കുന്ന അര ലക്ഷം ജാതി ആക്രമണങ്ങളിൽ ഇരയാകുന്നവരിൽ ഭൂരിപക്ഷവും ദളിതരാണ്. മേക്ക് ഇൻ ഇന്ത്യ പദ്ധതിയുമായി തിരഞ്ഞെടുപ്പിൽ ജയിച്ച് കയറിയ പ്രധാനമന്ത്രി 2019 ൽ രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാനുള്ള നീക്കവുമായാണ് മുന്നേറുന്നത്. ബി.ജെ.പി അധികാരത്തിലെത്തിയാൽ ക്രിസ്ത്യാനികളും മുസ്ലീങ്ങളും മാത്രം ഭയന്നാൽ മതിയെന്ന ദളിത് വിശ്വാസം അപ്പാടെ തെറ്റിച്ച്കൊണ്ടാണ് ഹിന്ദുത്വയുടെ പോക്ക്.

ഭക്ഷണം മോഷ്ടിച്ചുവെന്നാരോപിച്ച് നാട്ടുകാർ തല്ലിക്കൊന്ന അട്ടപ്പാടിയിെല മധുവിന് അവഗണനയും, വിദേശത്ത് വിലകൂടിയ ഹോട്ടലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നടി ശ്രീദേവിക്ക് ആദരവുമാണ് സർക്കാർ നൽകിയത്. ശ്രീദേവിയുടെ മരണം മാധ്യമങ്ങൾ അഞ്ച് ദിവസം ആഘോഷിച്ചു. ഈ ദിവസങ്ങളിൽ രാജ്യത്തെ പത്ത് ദളിത് യുവാക്കൾ കൊല്ലപ്പെട്ടു. 25 ദളിത് സ്ത്രീകൾ മാനഭംഗത്തിനിരയായി. ഇതൊന്നും ഒരു മാധ്യമവും റിപ്പോർട്ട് ചെയ്തില്ല.

ദലിതരുടെ മരണത്തിലോ പീഡനങ്ങളിലോ പ്രധാനമന്ത്രി നരേന്ദ്രമോദിയോ രാഷ്ട്രപതി രാംനാഥ് കോവിന്ദോ മറ്റു പ്രമുഖരോ പ്രതികരിക്കാറില്ല. ശ്രീദേവിയുടെ മരണത്തിൽ അനുശോചനവും ഔഗ്യോഗിക ബഹുമതികളോടെ മരണാന്തര ചടങ്ങുകളും നടത്തി. ഇതാണ് ഇന്നത്തെ ഭരണകൂടത്തിന്‍റെ സ്വഭാവം.”

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസത്തില്‍ തൃശൂരില്‍ നടന്ന ദളിത് ആദിവാസി ഇൻഡിപ്പെൻഡൻറ് സോഷ്യൽ അസംബ്ലിയുടെ (ദിശ) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രമുഖ അക്കാദമീഷ്യനും സാമൂഹികപ്രവര്‍ത്തകനുമായ ഡോ: ആനന്ദ് തെൽതുംദെ നടത്തിയ പ്രസംഗത്തിന്റെ പ്രസക്ത ഭാഗമാണ് മുകളില്‍ ചേര്‍ത്തിരിക്കുന്നത്.

ഭീമ കൊറേഗാവ് അക്രമത്തില്‍ പങ്കുണ്ടെന്നാരോപിച്ച് ശോമ സെന്‍, സുരേന്ദ്ര ഗാദ്ലിംങ്ങ്, മഹേഷ് റൗട്ട്, റോണ വില്‍സണ്‍, സുധീര്‍ ധവാലെ എന്നീ ആക്ടിവിസ്റ്റുകളെ 2018 ജൂണില്‍ പൂനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പിന്നീട് 2018 ഓഗസ്തില്‍ ഗൗതം നാവ്ലഖ, അരുണ്‍ ഫെറൈറ, വെറോണ്‍ ഗോണ്‍സാല്‍വെസ്, സുധ ഭരദ്വാജ്, വരവര റാവു എന്നിവരെയും അറസ്റ്റു ചെയ്തു. ഇതിന്റെ തുടര്‍ച്ച എന്ന നിലയിലാണ് ഇപ്പോള്‍ ആനന്ദിനെതിരെയുള്ള നടപടി.

2017 ഡിസംബര്‍ 31 ന് എല്‍ഗാര്‍ പരിഷദ് പൂനെയില്‍ സംഘടിപ്പിച്ച പരിപാടിയുമായി ബന്ധപ്പെട്ടാണ് കേസ്. 2018 ജനുവരി ഒന്നിന് ഭീമ കൊറേഗാവ് സംഘര്‍ഷത്തിന് ഇടയാക്കിയതില്‍ എല്‍ഗാര്‍ പരിഷദ് പരിപാടിക്ക് പങ്കുണ്ടെന്നാണ് പൊലീസിനെ ആരോപണം. ആനന്ദ് തെല്‍തുംദെ സംഘര്‍ഷത്തിന് ഉത്തരവാദിയാണെന്നും സിപിഐ മാവോയിസ്റ്റുമായി ബന്ധമുണ്ടെന്നും പൊലീസ് ആരോപിക്കുന്നു.

പൗരാവകാശ പ്രവര്‍ത്തകന്‍, രാഷ്ട്രീയ നിരീക്ഷകന്‍, പത്രപ്രവര്‍ത്തകന്‍, മാനേജ്‌മെന്റ് വിദഗ്ദ്ധന്‍, കോളേജ് അദ്ധ്യാപകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്ന ആളാണ്‌ ആനന്ദ് തെല്‍തുംദെ. വിവിധ ഭാഷകളിലായി നിരവധി പുസ്തകങ്ങള്‍ രചിച്ചു. ഇടത്-ദളിത് ചിന്താപദ്ധതികളെ കൂട്ടിയോജിപ്പിക്കാന്‍ ശ്രമിക്കുന്ന ധൈഷണികരില്‍ പ്രമുഖന്‍. എക്കണോമിക് ആന്റ് പൊളിറ്റിക്കല്‍ വീക്കിലിയുള്‍പ്പെടെ നിരവധി ആനുകാലികങ്ങളില്‍ കോളം കൈകാര്യം ചെയ്തുവരുന്നുണ്ട്.

ഭീമാ കൊറേഗാവില്‍ സംഭവിച്ചത്

1818 ലാണ് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും മറാഠികളും തമ്മിലുള്ള കൊറേഗാവ് യുദ്ധം നടന്നത്. രാജസേനയെ ചെറുത്തു തോല്‍പ്പിച്ച ദളിതരുടെ ആയോധനത്തിന്റെയും ആത്മ വീര്യത്തിന്റെയും ചരിത്രമാണ് കൊറേഗാവ് യുദ്ധം മുന്നോട്ടുവയ്ക്കുന്നത്. സവര്‍ണ മേധാവിത്തത്തിന്റെ അടിത്തറയിളക്കിയതും ബ്രിട്ടീഷ്  ആധിപത്യത്തിന് ശിലയിട്ടതുമായിരുന്നു ഈ യുദ്ധം.

ഭീമ-കൊറേഗാവിലാണ് ബ്രിട്ടീഷ്-മറാത്താ സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. അതിശക്തരായ മറാത്താ സൈന്യം പേഷ്വ ബാജിറാവു രണ്ടാമന്റെ നേതൃത്വത്തിലാണ് ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യാ സൈന്യത്തിനു നേരെ യുദ്ധം നടത്തിയത്. 28,000 മറാത്താ സൈന്യത്തിനു മുന്നില്‍ കമ്പനിയുടെ 800 സൈനികരാണ് യുദ്ധമുഖത്തെത്തിയിരുന്നത്. കമ്പനിയുടെ സൈന്യത്തെ നയിച്ചിരുന്നത് ക്യാപ്റ്റന്‍ ഫ്രാന്‍സിസ് സ്റ്റണ്‍ഡനായിരുന്നു.

ഏതാണ്ട് 12 മണിക്കൂര്‍ നേരം ശക്തമായ രീതിയില്‍ നിലകൊണ്ട മറാത്താ സൈന്യത്തിനെതിരേ ജനറല്‍ ജോസഫ് സ്മിത്തിന്റെ നേതൃത്വത്തില്‍ കൂടുതല്‍ സൈന്യം എത്തിയതോടെ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ ബാജിറാവുവിന് സൈന്യത്തെ പിന്‍വലിക്കേണ്ടി വന്നു.

കമ്പനി സൈന്യത്തില്‍ കൂടുതലും ഉണ്ടായിരുന്നത് ഇന്ത്യക്കാരായ മഹര്‍ എന്ന ദളിത് സമുദായക്കാരായിരുന്നു. ഈ യുദ്ധത്തെ ദളിത് വിഭാഗക്കാർ  ഇന്നും തങ്ങളുടെ മഹത്തായ യുദ്ധമായാണ് വിലയിരുത്തുന്നത്. ബ്രിട്ടിഷ് അധിനിവേശത്തിന് ശിലയിട്ടെങ്കിലും സമൂഹത്തിന്റെ താഴെത്തട്ടില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട ദലിതരുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ  ചരിത്രം കൂടിയുണ്ട് കൊറേഗാവ് യുദ്ധത്തിന്. 1817 ഡിസംബര്‍ 31 ന് തുടങ്ങി 1818 ജനുവരി ഒന്നിനാണ് യുദ്ധം അവസാനിച്ചത്. മഹര്‍ സമുദായത്തിന്റെ ആത്മാഭിമാനം വീണ്ടെടുക്കാനുള്ള യുദ്ധമായിരുന്നു 1818 ല്‍ നടത്തിയതെന്നാണ് അവര്‍ ഇന്നും വിശ്വസിക്കുന്നത്.

ഉന്നത ജാതിക്കാര്‍ അടങ്ങിയ മറാത്ത സൈന്യത്തിനു മേല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി വിജയിച്ചു. മഹാരാഷ്ട്രയുടെ ചരിത്രത്തില്‍ എടുത്തുപറയത്തക്ക യുദ്ധമായിരുന്നു കൊറേഗാവ് യുദ്ധം. ബ്രിട്ടീഷുകാരും മറാത്താ രാജ്യവും തമ്മില്‍ നടന്ന യുദ്ധമായിരുന്നെങ്കിലും സവര്‍ണര്‍ക്കെതിരായി ബ്രിട്ടീഷ് സേനക്കൊപ്പം നിന്ന് പോരാടിയ ചരിത്രമാണ് ദളിതര്‍ മുന്നോട്ടുവയ്ക്കുന്നത്.

ഒരു നാടോടിക്കഥപോലെ ഇന്നും ദളിതര്‍ വീരസ്മരണയോടെയാണ് യുദ്ധത്തെ സ്മരിക്കുന്നത്. ഈ വിജയമാഘോഷിക്കാന്‍ എല്ലാവര്‍ഷവും ജനുവരി ഒന്നിന് അവർ ഒത്തുകൂടുക പതിവാണ്. യുദ്ധത്തിന്റെ ഓര്‍മ്മയ്ക്കായി സ്ഥാപിച്ച സ്മാരകത്തില്‍ ഡോക്ടര്‍ ബി.ആര്‍ അംബേദ്‌കര്‍ 1927 ജനുവരി 1 ന് പുഷ്പാര്‍ച്ചന നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് എല്ലാ വര്‍ഷവും ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ജനുവരി ഒന്നിന് യുദ്ധവിജയത്തിന്‍റെ ഇരുന്നൂറാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് നേരെ അപ്രതീക്ഷിത ആക്രമണമുണ്ടാവുകയായിരുന്നു. മറാത്താ വിഭാഗക്കാരാണ് ദളിതര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടത്. സമുദായികസംഘര്‍ഷം പിന്നീട് കലാപത്തിലേക്ക് നീങ്ങി. മഹാരാഷ്ട്രയില്‍ കലാപമായി മാറിയ സാമുദായിക സംഘര്‍ഷം ദളിതുകളുടെ ആത്മാഭിമാനത്തിന്‍റെ കൂടി പോരാട്ട ചരിത്രത്തിലേക്ക് വഴിതുറക്കുന്നതായിരുന്നു.

ഭീമാ കൊറേഗാവ്: യഥാര്‍ത്ഥ പ്രതികളെ പിടിവിട്ട് പോലീസ്

ഭീമാ കൊറേഗാവില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കലാപത്തിന്റെ ദൃക്‌സാക്ഷിയായ  പൂജാ സാകേത് എന്ന പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവവും പിന്നീടുണ്ടായി. കലാപകാരികള്‍ക്കെതിരായ മൊഴി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിക്ക് മേല്‍ സമ്മര്‍ദ്ദങ്ങള്‍ ശക്തമായിരുന്നെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചിരുന്നു.

ജനുവരിയില്‍ ദളിതുകള്‍ക്ക് എതിരായി നടന്ന കലാപത്തില്‍ പൂജയുടെ വീടും അഗ്നിക്കിരയാക്കപ്പെട്ടിരുന്നു. കലാപത്തെത്തുടര്‍ന്ന് പുനരധിവസിപ്പിച്ചിരിക്കുന്നവര്‍ താമസിക്കുന്നതിന് സമീപത്തുള്ള കിണറ്റിലാണ്‌ മൃതദേഹം കണ്ടത്. വീട് തീവച്ച് നശിപ്പിച്ചവര്‍ക്കെതിരായ മൊഴി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പൂജയ്ക്ക് മേല്‍ ഭീഷണിയും സമ്മര്‍ദ്ദവും ശക്തമായിരുന്നു എന്നാണു വീട്ടുകാര്‍ പറയുന്നത്. എന്നാല്‍ പൂജയുടെ മരണം ആത്മഹത്യ ആണെന്നാണ്‌ പോലീസ് ഭാഷ്യം.

ഭീമ കൊറേഗാവ് സംഭവത്തിന്‍റെ പേരിൽ ‘അര്‍ബന്‍ നക്‌സലെന്ന്’ മുദ്രകുത്തി ആനന്ദ് തെൽതുംദെയെ അറസ്റ്റ് ചെയ്തപ്പോൾ ഇതേ സംഭവത്തിൽ പ്രതിചേർക്കപ്പെട്ട ആർ.എസ്.എസ്സ് ബന്ധമുള്ളവർ ഇപ്പോഴും സ്വതന്ത്രർ ആണെന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. പൂനെയിലെ എൽഗാർ പരിഷത്തിലും ഭീമ കൊറേഗാവിലെ അനുസ്മരണ പരിപാടിയിലും പങ്കെടുക്കാത്ത തെൽതുംദെയെ അറസ്റ്റ് ചെയ്യാന്‍ വ്യഗ്രതകാട്ടിയ പോലീസ് സംഘർഷത്തിന് നേതൃത്വം നൽകിയ  സംഭാജി  ബിഡേയെയും മിലിന്ദ് എക്‌ബോട്ടേയെയും അറസ്റ്റ് ചെയ്യാതിരിക്കാനും പ്രത്യേകം ശ്രദ്ധിച്ചു.

ഭീമ കൊറേഗാവിൽ ദളിതർക്കെതിരെ നടന്ന സംഘപരിവാർ ആക്രമണത്തെത്തുടർന്ന് 26 കേസ‌് രജിസ്റ്റർ ചെയ‌്തെങ്കിലും വർഷം ഒന്നു കഴിഞ്ഞിട്ടും ഒരു കുറ്റപത്രം പോലും നല്‍കിയിട്ടില്ല. ആർ.എസ്.എസ്സ് – ൻ്റെ പ്രമുഖ നേതാവും ശിവ്പ്രതിസ്ഥാൻ ഹിന്ദുസ്ഥാൻ എന്ന സംഘടനയുടെ സ്ഥാപകനുമായ സംഭാജി  ബിഡെ, ഹിന്ദു ഏകതാ അഗഡിയുടെ സ്ഥാപകനേതാവ് മിലിന്ദ് എക്‌ബോട്ടേ  എന്നിവരാണ് ദളിത് വിരുദ്ധ കലാപത്തിന് നേതൃത്വം നൽകിയത്.

ഇവര്‍ നടത്തിയ പ്രകോപനപരമായ പ്രസംഗങ്ങളും പ്രവർത്തനങ്ങളുമാണ് ദളിതർക്കെതിരായ കലാപത്തിന് പ്രധാന കാരണം. സാംഗ്ലി, സത്താറ, കോൽഹാപുർ ജില്ലകളിൽ വർഗീയവിഷം ചീറ്റുന്ന പ്രസംഗം നടത്തിയതിനും മറ്റും നിരവധി കേസുകൾ സംഭാജി  ബിഡെയ‌്ക്കെതിരെയുണ്ട്. ബിഡെയെ ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നുമാത്രമല്ല ചോദ്യം ചെയ്തിട്ടു പോലുമില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവരുമായി അടുത്ത ബന്ധമുള്ള ആളാണ് ബിഡെ. 2014ലെ തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ മോദി ബിഡെയുടെ സാംഗ്ലിയിലുള്ള വസതിയിലെത്തിയാണ് അനുഗ്രഹം തേടിയത്. ബിഡെയെ ‘മഹാപുരുഷനെ’ന്നും ‘തപസ്വി’ എന്നുമാണ് അന്ന് മോദി വിശേഷിപ്പിച്ചത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ‌്നാവിസുമായും അടുത്ത ബന്ധമാണ് ബിഡെയ‌്ക്കുള്ളത്.

പൊലീസ് രേഖകളിൽ അപകടകാരിയായ മനുഷ്യനെന്നും വര്‍ഗീയ വാദി എന്നും രേഖപ്പെടുത്തപ്പെട്ടിട്ടുള്ള മിലിന്ദ് എക്‌ബോട്ടേ വർഗീയ ലഹളകൾക്ക് നേതൃത്വം നൽകിയതുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്.  പ്രതാപ്‌ഗഡിലെ അഫ്സൽ ഖാൻ സ്മാരകവും, പുണെയിലെ ദർഗകളും, ഈദ്ഗാഹുകളും, പള്ളികളും തകർക്കാൻ നടത്തിയ ആഹ്വാനം പല ഘട്ടത്തിലും വർഗീയ സംഘർഷത്തിലേക്ക് നയിച്ചിരുന്നു. 2001ൽ അറസ്റ്റിൽനിന്ന് ഒഴിവായത് അന്നത്തെ ഉപപ്രധാനമന്ത്രി എൽ കെ അദ്വാനി നേരിട്ട് ഇടപെട്ടതിനെത്തുടർന്നായിരുന്നു.

സുപ്രീംകോടതി മുൻകൂർ ജാമ്യാപേക്ഷ നിരസിച്ചതിനെത്തുടർന്ന് ഇയാളെ ഭീമ കൊറേഗാവ് സംഭവത്തിൽ അറസ്റ്റ് ചെയ്തിരുന്നു എങ്കിലും റൂറൽ പൊലീസ് കേസ് ദുർബലമാക്കിയതിനെത്തുടർന്ന് ഇയാള്‍ സ്വതന്ത്രനായി. മാത്രമല്ല, മഹാരാഷ്ട്ര സർക്കാർ അടുത്തിടെ ഇരുവർക്കുമെതിരെയുള്ള അരഡസനിലധികം ക്രിമിനൽ കേസ‌് പിൻവലിക്കുകയും ചെയ്തു. ഭീമ കൊറേഗാവിൽ കലാപത്തിന് നേതൃത്വം നൽകിയ യഥാർഥ പ്രതികൾ സ്വതന്ത്രരായി വിലസുമ്പോഴാണ് സംഭവസ്ഥലത്ത് പോലും ഇല്ലാതിരുന്ന ആനന്ദ് തെൽതുംദെയെ പോലുള്ളവർ അറസ്റ്റിലാകുന്നത്.

ഭീമാ കൊറേഗാവും ആനന്ദ് തെൽതുംദെയും 

ജാതി അതിക്രമങ്ങള്‍ക്കെതിരെയും ഹിന്ദുത്വ ശക്തികള്‍ക്കെതിരായും പോരാട്ടം ആവശ്യമാണെന്ന് ഉറച്ച് വിശ്വസിക്കുമ്പോഴും അതിന് ഐതിഹ്യങ്ങളെ കൂട്ടു പിടിക്കുന്നതിനോട് എതിര്‍പ്പുള്ള ആളാണ്‌ ആനന്ദ് തെൽതുംദെ. ഭീമ കൊറെഗാവിന്‍റെ ചരിത്രത്തെ ദളിത് ചരിത്രമെഴുത്തുകാരും ബുദ്ധിജീവികളും കാണുന്നതിൽ നിന്നും വ്യത്യസ്തമായ രീതിയിലാണ് ആനന്ദ് തെൽതുംദെ കാണുന്നത്. കാഞ്ച ഐലയ്യ ഉള്‍പ്പെടെ പലരും ഇക്കാര്യത്തില്‍ ആനന്ദുമായി കടുത്ത എതിര്‍പ്പാണ് പുലര്‍ത്തുന്നത്.

ഭീമ കൊറെഗാവിൽ ബ്രിട്ടീഷ് പട്ടാളത്തിലുണ്ടായിരുന്ന മഹർ ജാതിക്കാരും പേഷ്വായുടെ മറാത്ത പട്ടാളക്കാരും തമ്മിലുണ്ടായ യുദ്ധത്തിന് ഒരു ജാതിയുദ്ധമെന്ന ഐതിഹ്യമാനം നൽകിയത് അംബേദ്‌കറാണെന്ന് ആനന്ദ് തന്റെയൊരു ലേഖനത്തിൽ പറയുന്നുണ്ട്.

ബ്രിട്ടീഷുകാര്‍ ദളിത് വിഭാഗങ്ങളെ പട്ടാളത്തിലെടുത്തതിന് കാരണമായി ആനന്ദ് പറയുന്നത്, ഇവര്‍ നൂറ്റാണ്ടുകളായി ശീലിച്ചുപോന്ന വിധേയത്വം തങ്ങൾക്ക് ഗുണകരമാകുമെന്ന് ബ്രിട്ടീഷുകാർ കരുതിയതിനാലാണെന്നാണ്‌. കൂടാതെ വലിയ ശമ്പളം കൊടുക്കേണ്ടതുമില്ല എന്നതും അവർ ഗുണകരമായി കണ്ടു.

അക്കാലത്ത് തമിഴ്‌നാട്ടിലെ പറയരെയും ബംഗാളിലെ നാംശൂദ്രരുമെല്ലാം ഇങ്ങനെ പട്ടാളത്തിലെത്തിയിട്ടുണ്ട് എന്ന്  ആനന്ദ് ചൂണ്ടിക്കാട്ടുന്നുണ്ട്. ഹിന്ദുത്വ മുന്നേറ്റം തടയേണ്ടതാണെന്ന് സമ്മതിക്കുമ്പോഴും അതിനായി ചരിത്രവിരുദ്ധമായ ഐതിഹ്യങ്ങളെ കൂട്ടു പിടിക്കുന്നതിനെ ആനന്ദ് ഏതിർക്കുന്നുണ്ട്. ഇത് ദീർഘകാലാടിസ്ഥാനത്തിൽ വിപരീതഫലമാണ് ഉണ്ടാക്കുകയെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

വിഷയങ്ങളെ ചരിത്രയാഥാർത്ഥ്യമെന്ന നിലയിൽ സമീപിക്കണമെന്നും വീരകഥകൾ മെനഞ്ഞ് ജനങ്ങളെ സംഘടിപ്പിക്കുന്നത് ഭാവിയില്‍ സങ്കീർണമായ പ്രശ്നങ്ങള്‍ക്ക്  വഴിവെക്കുമെന്നും ആനന്ദ് വാദിക്കുന്നു. ഐതിഹ്യങ്ങൾ കൊണ്ട് നിര്‍മ്മിക്കപ്പെട്ട ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ ചരിത്രയാഥാർത്ഥ്യങ്ങള്‍ കൊണ്ട് എതിർക്കുന്ന രീതിയോടായിരുന്നു ആനന്ദിന് താല്‍പര്യം. ഭീമ കൊറെഗാവിലെ യുദ്ധവിജയം എന്ന ദളിത് ആഘോഷത്തെ ഐതിഹ്യം എന്ന് വിളിച്ച ഒരാളെയാണ് അതെ ആഘോഷവുമായി ബന്ധപ്പെട്ടുണ്ടായ കലാപത്തിന് കോപ്പുകൂട്ടിയെന്ന ആരോപണമുന്നയിച്ച് അറസ്റ്റു ചെയ്തത്.

ഭീമ കൊറെഗാവിനെ ദളിത് യുദ്ധവിജയമായി കാണുന്നതിനോട് എതിര്‍പ്പ് അറിയിക്കുകയും ഹിന്ദുത്വക്കെതിരായ മുന്നേറ്റത്തിന് ചരിത്രപരമായ കൃത്യത ആവശ്യമെന്ന് കരുതുകയും ചെയ്യുന്ന ഒരാളെയാണ് ഭീമ കൊറെഗാവിന്‍റെ പേരില്‍ അറസ്റ്റു ചെയ്തിരിക്കുന്നത്. വ്യവസ്ഥാപിത ദലിത് പ്രസ്ഥാനങ്ങള്‍ക്ക് പുറത്ത് രാജ്യത്ത് ഉയര്‍ന്ന് വരുന്ന ‘ചെറു കൂട്ടങ്ങളെ’ തകര്‍ക്കുക എന്നതാണ് ഇത്തരം അറസ്റ്റുകള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ കാരണം എന്നാണ് മനസ്സിലാക്കേണ്ടത്.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം കൂട്ടങ്ങള്‍ ഉയര്‍ന്ന് വരുന്നുണ്ട്. ഉത്തര്‍പ്രദേശിലെ ദളിത് മുന്നേറ്റത്തിന്‍റെ മുഖമായ ചന്ദ്രശേഖര്‍ ആസാദിന്‍റെ ഭീം ആര്‍മി , ഗുജറാത്തിലെ ഉന സമര നായകന്‍ ജിഗ്നേഷ് മേവാനി എന്നിങ്ങനെ രാജ്യത്ത് ഒട്ടാകെ ഉയര്‍ന്നു വരുന്ന ദളിത് അവകാശ പ്രഖ്യാപനങ്ങളും മുന്നേറ്റങ്ങളും ഹിന്ദുത്വ ശക്തികളെ ഭയപ്പെടുത്തുന്നു എന്നതിന്‍റെ ഇനിയും അവസാനിക്കാത്ത ഉദാഹരണമാണ് ആനന്ദ് തെൽതുംദെയുടെ അറസ്റ്റ്.

സുപ്രീം കോടതി വിധി പോലും കാറ്റിൽ പറത്തുന്ന പോലീസും ഭരണകൂടവും എങ്ങിനെയാണ് ജനാധിപത്യത്തെ സംരക്ഷിക്കുന്നത്? ഈ ചോദ്യം 2019 മുഴങ്ങി കേൾക്കാണ്ടതായിട്ടുണ്ട്.

 

 

Leave a Reply

Your email address will not be published. Required fields are marked *