Wed. Jan 22nd, 2025

അടുത്തകാലത്ത് ഒരു ഫേസ്ബുക്ക് പോസ്റ്റിൽ, ലാസർ ഷൈൻ, ആർത്തവരക്തം വീഴ്ത്തിയ തുണി പ്രണയിക്കു സമ്മാനമായിക്കൊടുക്കൂ എന്ന് സ്ത്രീകളോടു പറഞ്ഞത് വിവാദമായിത്തീർന്നിരിക്കുന്നു. അതിനെ എതിർത്ത് ഉയർന്ന ശബ്ദങ്ങൾ പലതും, ഈ നിർദ്ദേശം അറപ്പുളവാക്കുന്നതാണെന്നും ആർത്തവരക്തം മറ്റേതു വിസർജ്യം പോലെ മാത്രം കണക്കാക്കപ്പെടേണ്ടതുമാണെന്നും വാദിക്കുന്നു. ഇങ്ങനെ നിർദ്ദേശിക്കുന്നതിലെ ആൺഹുങ്കിനെ പലരും എതിർക്കുന്നു.

ലാസറിനോടുള്ള വിയോജിപ്പുകൾ പലതും അദ്ദേഹത്തിന്റെ നിർദ്ദേശത്തെ അതിശയോക്തികരമായാണ് ചിത്രീകരിച്ചതെന്നത് ഒരു കാര്യം. പക്ഷേ ആർപ്പോ ആർത്തവം പരിപാടിക്കെതിരെ പോലീസ് നടപടികൾ ഉണ്ടായതിനൊപ്പമാണ് ഈ കൂട്ടായ പ്രതിഷേധം വന്നതെന്നും എനിക്ക് ശ്രദ്ധേയമായിത്തോന്നി. അതുകൊണ്ട് ലാസറിനെതിരെയുള്ള വിമർശനത്തിൽ ഈ പരിപാടിയെത്തന്നെ അസാധുവാക്കുന്ന എന്തോ ഒന്നില്ലേ എന്നും തോന്നി.

പ്രണയിയോട് എങ്ങനെവേണം പ്രണയം പ്രകടിപ്പിക്കാൻ എന്ന വിഷയം തികച്ചും ആത്മനിഷ്ഠമാണെന്നും പരസ്പരം അറപ്പു തോന്നാത്ത അവസ്ഥയാണ് പ്രണയമെന്നും മറ്റുമുള്ള എന്റെ നിരീക്ഷണങ്ങളെ വിമർശിച്ചുകൊണ്ട് പ്രിയ സുഹൃത്ത് വീണ ജെ.എസ് എഴുതിയ ഫേസ്ബുക്ക് പോസ്റ്റിനോടുള്ള പ്രതികരണമാണ് ഈ ലേഖനം.

ലാസർ ഷൈനിന്റെ പ്രസ്താവം പ്രണയികൾ തമ്മിൽ എന്തു കൈമാറാം എന്നിതിനെപ്പറ്റിയാണ്. അതേപ്പറ്റി വ്യവസ്ഥാപിതധാരണകൾ അനവധിയാണ്. പണ്ടൊക്കെ മുല്ലപ്പൂമാലയോ മയിൽപ്പീലിയോ ഒക്കെയായിരുന്നെങ്കിൽ ഇന്ന് വിപണി പറയുന്നത് ചോക്ലേറ്റും റോസാപ്പൂവും മതിയെന്നാണ്. ആ വ്യവഹാരത്തിലേക്കാണ് ഇങ്ങനെയൊരു നിർദ്ദേശം വരുന്നത്.

അതിനോട് നമുക്ക് യോജിക്കാം, വിയോജിക്കാം, പക്ഷേ എന്താണു പ്രണയമെന്ന് എല്ലാവർക്കും സുസമ്മതമായ ഒരു നിർവ്വചനവും അതിൽ എന്തെല്ലാം കൈമാറാമെന്നതിനെ സംബന്ധിച്ചുള്ള അവസാനപട്ടികയും അസാദ്ധ്യമാണെന്നു മാത്രമല്ല, അതിനു വേണ്ടി ശ്രമിക്കുന്നത് തന്നെ ഗുണകരമല്ലെന്നാണ് എന്റെ അഭിപ്രായം. ഡോക്ടർമാർക്കു ന്യായങ്ങളുണ്ട്, അവ അവയുടെ തലത്തിൽ സാധുവുമാണ്. പക്ഷേ പ്രണയം യുക്തിക്കോ ഹൈജീനോ ഒന്നും പൂർണമായും കീഴ്‌പ്പെട്ടുനിൽക്കുന്നതല്ല.

പ്രണയമെന്ന ആധുനികപ്രമേയം ചർച്ച ചെയ്തു തുടങ്ങിയ കാലം മുതൽക്കേ അതേപ്പറ്റി വളരെ വിഭിന്നങ്ങളായ ധാരകളാണുണ്ടായിട്ടുള്ളത് – ആത്മീയതലത്തെ ഊന്നുന്നവ, ശാരീരികതലത്തെത്തന്നെ ആത്മീയതലത്തിലേക്ക് ഉയർത്തുന്നവ, യുക്തിഭദ്രമായ സൌഹൃദത്തെ കാതലാക്കുന്നവ – മുതലായ പലതും. അതിൽ കെ സരസ്വതിയമ്മയും പൊതുവെ പുരോഗമനസാഹിത്യകാരന്മാരും (ഉദാഹരണം ചെറുകാട്) ഒക്കെ പങ്കുവയ്ക്കുന്ന ധാരയിൽപ്പെടുന്നതാണ് വീണയുടെ നിലപാട്. പ്രണയവും പൊതുവെ ശരീരവും ആധുനികശാസ്ത്രത്തിനും യുക്തിക്കും കീഴ്‌പ്പെടണമെന്ന കാഴ്ചപ്പാടാണത്. അതിൽ സ്നേഹശോഷണം സംഭവിക്കില്ലെന്ന വിശ്വാസമുള്ളത്.

അതിൽ നിന്ന് തീരെ വിഭിന്നമായ, ശരീരകേന്ദ്രിതമായ, കാഴ്ചപ്പാടാണ് മറ്റേത്. പ്രണയം യുക്തിയിലല്ല, ഭാവനയിലാണ് പിറക്കുന്നതെന്നും, യുക്തിയുടെ അളവുകോലുകളല്ല അതിൽ പ്രയോഗിക്കേണ്ടതെന്നും ഈ ധാര പറഞ്ഞുകൊണ്ടേയിരുന്നു. മാധവിക്കുട്ടിയാണ് ഈ ധാരയുടെ ഉപാസനാമൂർത്തി. ഈ ധാരയിൽ പ്രണയിയുടെ ശരീരവും മനസ്സുമായുള്ള പരിപൂർണ്ണലയനമാണ് പ്രണയം. സൂഫികളൊക്കെ പറയുന്നതുപോലെ, അതിന് മെറ്റഫിസിക്കലായ തലമുണ്ട്. യുക്തിയുടെ ഭാഷ അല്ല അതു സംസാരിക്കുന്നത് – അനുഭവിച്ചു മാത്രം അറിയുന്നത്. അതാണ് അവർ കവിതയിൽ ഇങ്ങനെ എഴുതിയത് –

“…Gift him what makes you woman, the scent of
Long hair, the musk of sweat between the breasts,
The warm shock of menstrual blood, and all your
Endless female hungers.

(ഈ വരികൾ എടുത്തു തന്ന Nitara Iyani ക്കു നന്ദി)

ലാസർ ഈ സ്പിരിറ്റിലാണോ എഴുതിയതെന്നു ചോദിച്ചാൽ ഒരുപക്ഷേ ആവില്ല. അറപ്പെന്ന വികാരം സ്ത്രീകൾക്ക് പിതൃമേധാവിത്വം അനുവദിക്കുന്നില്ല എന്നതു സത്യം. ഭാര്യയുടെ വിസർജ്യം കണ്ടാൽ ഭർത്താവിന് അറപ്പുണ്ടാകുന്നത് വ്യവസ്ഥാപിത ബന്ധങ്ങളിൽ പുരുഷന് സ്ത്രീയോടുള്ള പ്രണയത്തെ പുരുഷമേധാവിത്വം പരിമിതപ്പെടുത്തുന്നത് അംഗീകരിക്കപ്പെട്ട നാട്ടുനടപ്പായതുകൊണ്ടും കൂടിയാണ്. അതുപോലെ ഇത്തരം ബന്ധങ്ങളിൽ സ്ത്രീ ഭർത്താവിന്റെ വിസർജ്യവസ്തുക്കൾ വൃത്തിയാക്കിക്കൊള്ളണമെന്നത് പാതിവ്രത്യം, അതായത് സ്ത്രീകളുടെ കടമ, കർമ്മം, അതാണെന്ന ധാരണ ഇന്നും നിലനിൽക്കുന്നതിലാണ്.

അതുകൊണ്ടുതന്നെ തങ്ങൾക്ക് സ്നേഹമുള്ളവരുടെ വിസർജ്യങ്ങളോട് അറപ്പുണ്ടെന്നു പറയുന്ന സ്ത്രീകളെ ഞാൻ മാനിക്കുന്നു. അവർ പിതൃമേധാവിത്വ തീർപ്പിനെ തള്ളിക്കളയുന്നവരാണ്. പക്ഷേ ഈ സാദ്ധ്യതയെ മുഴുവൻ തള്ളിക്കളയാൻ കഴിയില്ല. തീവ്രമായ പ്രണയം അതെത്ര നൈമിഷികമായാലും, ആണധികാരത്തെ മറികടന്ന് അറപ്പിനെ മൊത്തത്തിൽത്തന്നെ തള്ളിക്കളയുമെന്ന പ്രതീക്ഷയാണ് പ്രണയികൾക്ക്. ആ സാദ്ധ്യത തത്കാലം ഇല്ലായിരിക്കും, പക്ഷേ അത് വെറും മരീചിക അല്ലെന്നു വിശ്വസിക്കാനുള്ള അവകാശം പ്രണയികൾക്കുണ്ട്.

തന്നെയുമല്ല, അറപ്പുകൾ പരമാവധി കുറയ്ക്കുന്നതിലൂടെയാണ് മനുഷ്യർ തമ്മിലും അവർക്കുള്ളിലുമുള്ള വിടവുകൾ ഇല്ലാതാകുന്നതെന്നു കരുതുന്ന നിലപാട് ആധുനികചിന്തയിലും രാഷ്ട്രീയവിഭാവനങ്ങളിലും പല തവണ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞതുമാണ്. ഒരു വസ്തുവിനോട് അറപ്പില്ല എന്നു പറഞ്ഞാൽ അതിനോട് അഭിനിവേശമുണ്ടെന്നല്ല അർത്ഥം. അകാരണവും യുക്തിരഹിതവും ഭയത്തോട് അടുത്തു നിൽക്കുന്നതുമായ വെറുപ്പ് അതിനോടില്ല എന്നാണത് അർത്ഥമാക്കുന്നത്. ആ വസ്തുവിനെ ദൈനംദിനജീവിതത്തിൽ നാം ഉണ്ടാക്കുന്നതും, പലപ്പോഴും നമ്മുടെ ജീവിതത്തിന് അനിവാര്യമായതുമാണെന്നും, അംഗീകരിക്കുകയാണ് അറപ്പില്ലായ്മയുടെ അർത്ഥം. മല-മൂത്ര-ശുക്ളങ്ങളും തുപ്പലും വിയർപ്പുമൊക്കെ ഉണ്ടാക്കുന്ന അറപ്പ് ഈ വിധത്തിൽ പരിശോധിക്കപ്പെടുന്നത് ഇതുകൊണ്ടാണ്.

തുപ്പലോ മൂക്കളയോ ഇല്ലാത്ത ഒരു ശരീരം എത്ര വിഷമം അനുഭവിക്കുമെന്ന് ചിന്തിക്കാവുന്നതേയുള്ളൂ. എന്നാലും അവയോടു നാം കാട്ടുന്ന ഭയത്തോടടുക്കുന്ന വെറുപ്പ് എന്തുകൊണ്ടെന്നാണ് യൂലിയാ ക്രിസ്തേവയെപ്പോലുള്ള ചിന്തകർ അന്വേഷിക്കുന്നത്. നമ്മുടെ വിഷയിത്വത്തിന്റെ അതിരുകളെയാണ് അതു സൂചിപ്പിക്കുന്നത്. അറപ്പിനെപ്പറ്റിയുള്ള അന്വേഷണങ്ങൾ ആ അതിരുകളെയാണ് പരിശോധിക്കുന്നത്. പ്രണയത്തെ വിഷയിത്വങ്ങൾ തമ്മിലുള്ള അതിരുകൾ അലിഞ്ഞുതീരലായി അനുഭവിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഈ അറപ്പു പോലും ഒരുപക്ഷേ ലഘുവായേക്കാം. അതിനെ മറ്റൊരുവിധത്തിൽ കാണുന്നവർക്ക് ഇത് മഹാവൃത്തികേടായി തോന്നാമെങ്കിലും.

പരസ്പരം പൂർണ്ണസമ്മതത്തോടെ പ്രായപൂർത്തിയായവർ തമ്മിലാണ് (തമ്മിൽ മാത്രമാണ്) കൊടുക്കലും വാങ്ങലുമെങ്കിൽ അത് പാടില്ല എന്ന യുക്തിയുടെ ഉപദേശം ഫലശൂന്യമാകാനാണിട. പ്രത്യേക പ്രയോഗങ്ങളുടെ അതിരുകളെപ്പറ്റിയും അപകടങ്ങളെപ്പറ്റിയുമെല്ലാം ചർച്ച ചെയ്യാവുന്നതാണ്. അത്തരം ചോദ്യങ്ങളാണ് വീണ അധികവും ഉന്നയിച്ചിരിക്കുന്നത്. പക്ഷേ മറ്റു പല പ്രതികരണങ്ങളും അങ്ങനെയല്ല.

ഇവിടെയാണെങ്കിൽ മറ്റൊന്നു കൂടി ഉണ്ട്. വീണ തന്നെ സമ്മതിക്കുന്നതുപോലെ, ആർത്തവരക്തം മൂത്രമോ മലമോ അല്ല. അതുകൊണ്ടാണ് ഫെമിനിസ്റ്റ് എഴുത്തിലും സാഹിത്യത്തിലും കലയിലും അതിത്ര ശക്തമായ സാന്നിദ്ധ്യമായത്. സൌന്ദര്യവത്കരണത്തിലൂടെയും മറ്റു മാർഗ്ഗങ്ങളിലൂടെയും ഫെമിനിസ്റ്റു സാഹിത്യവ്യവഹാരങ്ങളും ജ്ഞാനവ്യവഹാരങ്ങളും ആ അനുഭവത്തെ വീണ്ടെടുക്കാൻ ശ്രമിച്ചിട്ടുണ്ട്. സ്ത്രീശരീരത്തിനു സവിശേഷമായ ആർത്തവത്തോടുള്ള അറപ്പ് കേവലം മലമൂത്രാദികളോടുള്ള അറപ്പിനു സമാനമല്ല.

അതിൽ സ്ത്രീശരീരത്തോടുള്ള പ്രത്യേകമായ വെറുപ്പും കൂടിയുണ്ടെന്ന കാര്യത്തെ അവഗണിക്കാൻ പാടില്ല – ലാസറിനോടുള്ള പല ഫേസ്ബുക്ക് പ്രതികരണങ്ങളും അതാണ് ചെയ്യുന്നത്. ഒരു പക്ഷേ, ആർത്തവത്തെ സ്ത്രീശരീരത്തിന്റെ അടയാളമാക്കണോ എന്ന ചോദ്യം ട്രാൻസ് വനിതകൾ ഉന്നയിച്ചേക്കാം. ശരിയാണ്, ആർത്തവത്തെ സ്ത്രീത്വത്തിന്റെ അടയാളമാക്കേണ്ടതില്ല, പക്ഷേ അതിനെ അറപ്പു നീക്കി ദൃശ്യമാക്കുന്നതും, സ്ത്രീശരീരത്തിന്റെ ഏക അടയാളമായി ഉയർത്തുന്നതും രണ്ടും രണ്ടാണ്.

ഇത്രയും പറഞ്ഞതുകൊണ്ട് ലാസറിന്റെ നിലപാടുകളിലോ, ആർപ്പോ ആർത്തവം പരിപാടിയിലോ, വിമർശിക്കാൻ ഒന്നുമില്ല എന്ന സൂചനയില്ല. ആർപ്പോ ആർത്തവം സ്ത്രീപക്ഷത്തു നിന്നാണ് ഉന്നയിക്കപ്പെട്ടതെങ്കിലും അതിൽ ചിലപ്പോഴെങ്കിലും ആണധികാരപൂരിതമായ മോഡേണിസ്റ്റു നിലപാടുകളും, യാന്ത്രിക യുക്തിവാദ- പുരോഗമന നിലപാടുകളും ഉയർന്നു വരുന്നുവെന്നാണ് പലപ്പോഴും തോന്നിയിട്ടുള്ളത്. അതായത്, ആർത്തവത്തെപ്പറ്റിപ്പറഞ്ഞ സാമൂഹ്യശരീരത്തിൽ ഞെട്ടലുണ്ടാക്കുക എന്ന തന്ത്രം ചിലർ അതിലെടുക്കുന്നുവെന്നും, മറ്റു ചിലർ ആർത്തവസംബന്ധമായ അന്ധവിശ്വാസത്തെ നീക്കം ചെയ്യുക എന്ന യുക്തിവാദമാത്രമായ ലക്ഷ്യത്തിന് പ്രാമുഖ്യം കൊടുക്കുന്നുവെന്നും. ഇതു രണ്ടും സ്ത്രീശരീരത്തിന് സവിശേഷ ദൃശ്യത സൃഷ്ടിച്ചെടുക്കാനുള്ള ഫെമിനിസ്റ്റ് വ്യവഹാരങ്ങളോട് ഇടഞ്ഞു നിൽക്കുന്നവയാണ്. ആർപ്പോ ആർത്തവത്തിലുടനീളം ഈ ആണധികാരത്തിന്റെ സാന്നിദ്ധ്യം തോന്നിയതുകൊണ്ടാണ് അതിൻറെ സംഘാടനത്തെപ്പറ്റി ഞാൻ സംശയാലുവായിരുന്നത്.

ഫെമിനിസ്റ്റ് സൌന്ദര്യാത്മകവ്യവഹാരങ്ങൾ ഇവ രണ്ടിലുമുള്ള പിതൃമേധാവിത്വത്തെ വെളിവാക്കിയിട്ടുണ്ട്. ശരീര വിസർജ്യങ്ങളെ പറ്റിയുള്ള അറപ്പിനെ കേന്ദ്രത്തിൽ നിർത്തുന്നത് മോഡേണിസ്റ്റ് സാഹിത്യത്തിന്റെ മുഖമുദ്രകളിലൊന്നായിരുന്നു – ഉദാഹരണത്തിന് Samuel Beckett — ശാരീരികസ്രവങ്ങളും വിസർജ്യങ്ങളും വീണ്ടും വീണ്ടും പ്രത്യക്ഷപ്പെടുന്ന എഴുത്ത്. എന്നാൽ ആർത്തവരക്തവും ശുക്ളവുമെല്ലാം മോഡേണിസത്തിൽ സൌന്ദര്യവത്ക്കരിക്കപ്പെടുന്നത് അങ്ങേയറ്റം ആണധികാരപൂരിതമായ രീതിയിലാണ് പൊതുവെ. ശരീരത്തെ വെറും മാംസയന്ത്രമായി തരംതാഴ്ത്തുന്ന യുക്തിവാദപരമായ സൌന്ദര്യശാസ്ത്രവും അത്ര തന്നെ പിതൃമേധാവിത്വപരമാണ്. ആർത്തവരക്തം മറ്റൊരു വിസർജ്യം മാത്രമാണെന്നു പറയുന്നത് അതിന്റെ സവിശേഷതയെ അദൃശ്യമാക്കുന്നു.

ഈവിധ തമസ്ക്കരണവും ഇകഴ്ത്തലും മാത്രം നേരിട്ടിട്ടുള്ള ശരീര-അനുഭവത്തെ വീണ്ടെടുക്കാനും പുനരാവിഷ്ക്കരിക്കാനുമാണ് ഫെമിനിസ്റ്റ്കലയും സാഹിത്യവും ശ്രമിക്കുന്നത്. എന്നാൽ ഇതാണോ ലാസറിന്റെ പ്രസ്താവത്തിലുമുള്ളത് എന്നതാണ് പ്രസക്തമായ ചോദ്യമെന്നു തോന്നുന്നു.

ലാസർ ഷൈനിന്റെ പ്രസ്താവത്തെ മോഡേണിസ്റ്റ് ആൺ ആധുനികതയുടെ ശബ്ദമായാണ് ഞാൻ എണ്ണുന്നത്. അത് ആണധികാരപൂരിതമാണ് – പലരും ചൂണ്ടിക്കാട്ടിയതു പോലെ. പക്ഷേ അത് ഈ പരിപാടിയുടെ മാത്രം പ്രശ്നമല്ല – ഇപ്പോഴുള്ള മിക്ക കൂട്ടായ്മകളിലും, അതായത് വലിയ രാഷ്ട്രീയകക്ഷികൾ മുതൽ ചെറുസംഘങ്ങൾ വരെ ചിന്തിച്ചുറച്ച, കൃത്യമായി ന്യായീകരിക്കാവുന്ന നിലപാടുകളല്ല സ്വീകരിക്കുന്നത്. പലപ്പോഴും ഒരേ സംഘത്തിലുൾപ്പെട്ടവർ ആ സംഘം മുന്നോട്ടുവയ്ക്കുന്ന മുഖ്യപ്രശ്നങ്ങളോട് ഉപരിപ്ളവമായ സാമ്യം മാത്രമുള്ള, കാതൽഭാഗത്ത് വ്യത്യസ്തമായ, കാഴ്ചപ്പാടുകളുമായാണ് സ്വയം അവതരിക്കുന്നത്. അതിലൊന്നാണ് ഇദ്ദേഹത്തിന്റേതെന്നാണ് എനിക്കു തോന്നുന്നത്. വിമർശനയോഗ്യമായ ആ നിലപാട് അദ്ദേഹത്തിന്റെ മാത്രമായി എണ്ണേണ്ടതേയുള്ളൂ എന്നു തോന്നുന്നു.

ഫെമിനിസ്റ്റ് പുരുഷന്മാർ സ്ത്രീകൾക്കു നിർദ്ദേശം നൽകുകയല്ല, സ്വന്തം പുരുഷജീവിതാനുഭവങ്ങളെ സൂക്ഷ്മമായി പുനഃപരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യുകയാണ് വേണ്ടത്. ആധുനിക സ്ത്രീയെ രൂപീകരിക്കാനുള്ള അധികാരവും അവകാശവും ആധുനികപൂർണത കൈവരിച്ച പുരുഷനാണെന്ന ബോദ്ധ്യം നവോത്ഥാനമെന്ന കാലത്തിന്റെ സംഭാവനയാണെന്ന് കാണാനുള്ള വ്യാപകമായ വിസ്സമ്മതമാണ് ഇന്ന് ഇടതും വലതും പക്ഷങ്ങളിൽ -ലാസറും അതിൽ നിന്നു വിമുക്തനല്ല.

ഈ വിമർശനമെല്ലാം ഉണ്ടെങ്കിലും ഇന്ന്, ആർപ്പോ ആർത്തവം മൊത്തത്തിൽ ഭരണകൂട വേട്ടയാടൽ നേരിടുന്ന ഈ നിമിഷത്തിൽ ഏതിനാണ് കൂടുതൽ പ്രാധാന്യം നാം നൽകേണ്ടത്, ലാസർ നടത്തിയ ഈ ആണധികാരപ്രസ്താവത്തിനോ? അതോ ആ പ്രചരണപരിപാടിയ്ക്കെതിരെ സംഘപരിവാർ സാദ്ധ്യമാക്കിയ ഭരണകൂട ആക്രമണത്തിനോ? ഏതിനെയാണ് നാം അടിയന്തരമായി പ്രതിരോധിക്കേണ്ടത്?

ഭരണകൂട അതിക്രമത്തെ, എന്നേ ഞാൻ പറയൂ. ലാസറിന്റെ പ്രസ്താവത്തിലെ ആൺകോയ്മ അദ്ദേഹത്തിന്റെ വ്യക്തിപരമായ വീഴ്ച മാത്രമല്ല, അതിനു ചരിത്രപരമായ വേരുകളുണ്ട്. ആ വേരുകൾ ആഴവും പരപ്പുമുള്ളവയാണ്. സ്ത്രീകളുടെ പാരമ്പര്യനിഷ്ഠയെ നിർണ്ണയിക്കേണ്ടത് പുരുഷന്മാരാണെന്ന് വലതുപക്ഷവും, സ്ത്രീകൾ പുരോഗമനം എങ്ങനെ ആചരിക്കണമെന്നു തീരുമാനിക്കുന്നതു പുരുഷന്മാരാണെന്ന് ഇടതുപക്ഷവും സമ്മതിച്ചിരിക്കുന്ന സാഹചര്യം ഇതിനു തെളിവാണ്. തീർച്ചയായും അദ്ദേഹത്തിന്റെ വീഴ്ചയെ ചൂണ്ടിക്കാണിക്കേണ്ടതുണ്ട് പക്ഷേ ലാസർ ഷൈനിന്റെ വീഴ്ച അദ്ദേഹത്തിന്റേതു മാത്രമല്ല – ദീർഘകാല ഫെമിനിസ്റ്റ് പോരാട്ടത്തിന്റെ വിഷയമാണത്.

ആർപ്പോ ആർത്തവത്തിനെതിരെയുള്ള വലതുപക്ഷ അതിക്രമത്തിനൊരുങ്ങിയ ഭരണകൂടത്തിന് നിശബ്ദം കൂട്ടുനിൽക്കുന്ന സർക്കാരിന്റെയും മുഖ്യധാരാ ഇടതിന്റെയും രീതി ഇടതുപക്ഷ രാഷ്ട്രീയസംസ്കാരമല്ല, അത്രയും തീർച്ച എനിക്കുണ്ട്. ഫേസ്ബുക്കിലെ ആണും പെണ്ണും അടങ്ങിയ സിപിഎം-മുഖ്യധാരാചേകവപ്പട അത്രയൊന്നും നിഷ്ക്കളങ്കരല്ലെന്നും തോന്നിയിട്ടുണ്ട്. അതുകൊണ്ടാണ് ലാസറിനെതിരെയുള്ള വിമർശനപ്രവാഹത്തിന് ആർപ്പോ ആർത്തവത്തെ കുറ്റകൃത്യമാക്കാനുള്ള ഭരണകൂട ത്വരയോട് ബന്ധമില്ലേ എന്നു ഞാൻ ചോദിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *