Mon. Dec 23rd, 2024

ന്യൂസിലാൻഡിനെതിരെ നടക്കുന്ന ഏകദിന പരമ്പരയിലെ നാലാം മത്സരത്തിലെ അപ്രതീക്ഷിത തോൽവിക്ക് അഞ്ചാം മത്സരത്തിൽ കണക്കു തീർത്തു ഇന്ത്യ വിജയവഴിയിലേക്കു തിരിച്ചു വന്നു. സൂപ്പർ ബാറ്റ്സ്മാൻ വിരാട് കോഹ്ലി ഇല്ലാതെ തന്നെ നേടിയ ഈ വിജയം മെയ് മാസത്തിൽ ലോകകപ്പിനിറങ്ങുന്ന ടീം ഇന്ത്യയുടെ ആത്മവിശ്വാസം കുറച്ചൊന്നുമല്ല വർദ്ധിപ്പിക്കുക. ഇതോടെ ഏകദിന പരമ്പര 4 – 1 നു ഇന്ത്യ സ്വന്തമാക്കി. നേരത്തെ ചരിത്രത്തിൽ ആദ്യമായി ഓസ്‌ട്രേലിയയിലും ഇന്ത്യ പരമ്പര വിജയം നേടിയിരുന്നു.

അഞ്ചാം മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പക്ഷെ തകർച്ചയോടെ ആയിരുന്നു ഇന്ത്യൻ ബാറ്റിങ്ങിന്റെ തുടക്കം. രോഹിത്, ധവാൻ, ഗിൽ എന്നിവർ തുടർച്ചയായ രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തി.

ടീമിലേക്കു തിരിച്ചു വന്ന മുൻ നായകൻ ധോണിക്കും ഒരു റൺസ് എടുക്കാനേ കഴിഞ്ഞുള്ളു. 18 റൺസിന്‌ നാല് മുൻ നിര വിക്കറ്റുകൾ നഷ്ടപ്പെടുത്തിയ ഇന്ത്യയെ കരകയറ്റിയത്‌ അമ്പാട്ടി റായിഡു, വിജയ് ശങ്കർ സഖ്യം ആയിരുന്നു. റായിഡു 90 റൺസും വിജയ് ശങ്കർ 45 റൺസും നേടി. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ നേടിയ 98 റൺസ് ആയിരുന്നു ഇന്ത്യൻ ഇന്നിങ്‌സിന്റെ അടിത്തറ. അവസാന ഓവറുകളിൽ തകർത്തടിച്ചു 22 പന്തിൽ നിന്നും അഞ്ചു സിക്സർ ഉൾപ്പെടെ 45 റൺസ് നേടിയ ഹാർദിക് പാണ്ഡ്യയും 34 റൺസെടുത്ത കേദാർ ജാദവുമാണ് ഇന്ത്യയെ 250 കടത്തിയത്.

ന്യൂസിലാൻഡിനു വേണ്ടി മാറ്റ് ഹെൻറി നാലും ട്രെൻഡ് ബോൾട് മൂന്നും വിക്കറ്റുകൾ നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ കീവിസിന് 217 റൺസ് നേടാൻ കഴിഞ്ഞുള്ളു. കൃത്യമായ ഇടവേളകളിൽ ഇന്ത്യൻ ബൗളർമാർ ന്യൂസിലാൻഡ് ബാറ്സ്മാന്മാരെ എറിഞ്ഞിട്ടു. 44 റൺസ് എടുത്ത ജെയിംസ് നീഷം ആണ് ന്യൂസിലാൻഡിന്റെ ടോപ് സ്‌കോറർ.

ബാറ്റിംഗിൽ ശോഭിച്ച അമ്പാട്ടി റായ്ഡുവിനെ കളിയിലെ താരമായി തെരെഞ്ഞെടുത്തു . മുഹമ്മദ് ഷാമിയാണ് മാൻ ഓഫ് ദി സീരിസ്. മൂന്നു മത്സരങ്ങൾ ഉൾപ്പെടുന്ന ടി-20 സീരീസാണ് ഇന്ത്യയുടെ ന്യൂസിലാൻഡ് ടൂറിൽ അവശേഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *