Fri. Nov 22nd, 2024

അതിശൈത്യത്തില്‍, വീട് ഇല്ലാത്തവര്‍ക്ക് താമസവും,ഭക്ഷണവും, വസ്ത്രവും നല്‍കി മാതൃകയായിരിക്കുകയാണ് ചിക്കാഗോയിലെ പ്രാദേശിക റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ ക്യാന്‍ഡിസ് പേയ്ന്‍. ചിക്കാഗോയില്‍ ഏറ്റവും കുറഞ്ഞ താപനിലയാണ് ഈ ആഴ്ച രേഖപ്പെടുത്തിയത്.

‘വര്‍ദ്ധിച്ചു വരുന്ന തണുപ്പിനെ അതിജീവിക്കാന്‍ വീടില്ലാത്തവര്‍ എങ്ങോട്ട് പോകുമെന്ന് ഞാന്‍ ചിന്തിച്ചു. അവര്‍ മഞ്ഞില്‍ പോയി ഉറങ്ങേണ്ടി വരുമെന്ന് എനിക്കറിയാമായിരുന്നു. ആ നിമിഷം തന്നെ ഇവര്‍ക്ക് എന്തെങ്കിലും സഹായം ചെയ്യണമെന്ന് തീരുമാനിച്ചെന്ന്’ ക്യാന്‍ഡിസ് പറഞ്ഞു. തുടര്‍ന്ന് ആംബര്‍ ഇന്‍ എന്ന ഹോട്ടലില്‍ ഒരു മുറിയ്ക്ക് 70 ഡോളര്‍ എന്ന നിരക്കില്‍ 30 റൂമുകള്‍ ബുക്ക് ചെയ്തു. നാഷണല്‍ വെതര്‍ സര്‍വ്വീസ്, ഷിക്കാഗോയിലെ താപനില മൈനസ് 25 നും 26 നും ഇടയ്ക്കായിരുന്നു ബുധനാഴ്ചയും വ്യാഴാഴ്ചയും ഉണ്ടായിരുന്നതെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

റൂമുകള്‍ക്ക് എല്ലാം ക്രെഡിറ്റ് കാര്‍ഡ് വഴി അവര്‍ പണം നല്‍കി. വീടില്ലാത്തവരെ ഈ ഹോട്ടലില്‍ എത്തിക്കുന്നതിനുളള യാത്രാസഹായം അഭ്യര്‍ത്ഥിച്ച് ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റ് ചെയ്തു. ഇതേത്തുടര്‍ന്ന് സ്വയം സന്നദ്ധരായ ഡ്രൈവര്‍മാര്‍ തങ്ങളുടെ കാറുകളും, എസ് യു വി, വാന്‍ എന്നിവ ഉള്‍പ്പടെയുളള വാഹനങ്ങളുമായി എത്തി.

ടെന്റ് സിറ്റിയില്‍ വെച്ചാണ് വീടില്ലാത്ത ആളുകളെ കണ്ടുമുട്ടിയത്. എക്‌സ്പ്രസ് വഴിയരികില്‍ ഷെഡ് (ടെന്റ്)കെട്ടിയാണ് ഇവര്‍ താമസിക്കുന്നത്. ‘വീടില്ലാത്ത ജനങ്ങള്‍ വര്‍ഷങ്ങളായി താമസിക്കുന്നത് ഇത്തരം ട്രെന്‍ഡുകളിലാണെന്ന സത്യം ഒരു രഹസ്യമല്ലെന്നും’ ക്യാന്‍ഡിസ് പറഞ്ഞു.

അംബേഴ്‌സ് ഇന്നുമായി സഹകരിക്കാന്‍ കഴിയുമോ എന്നറിയാന്‍ പലരും അവരെ ബന്ധപ്പെട്ടിരുന്നു. അവരുടെ ക്യാഷ് ആപ്ലിക്കേഷന്‍ അക്കൌണ്ടിലേക്ക് ഇതിനായി നിരവധിപ്പേര്‍ സംഭാവന നല്‍കി. ആദ്യ ഗ്രൂപ്പില്‍ ഗര്‍ഭിണികളായ രണ്ട് സ്ത്രീകളെയും അഞ്ച് പേരടങ്ങുന്ന ഒരു കുടുംബത്തെയും ഹോട്ടലിലേയ്ക്ക് താമസിപ്പിക്കാന്‍ വിട്ടിരുന്നു.

‘ഞങ്ങള്‍ക്ക് എല്ലാവരെയും ഉള്‍ക്കൊള്ളിക്കേണ്ടിവന്നു. അത് വളരെ ശോചനീയമായിരുന്നു.’ മിസ് പെയ്ന്‍ പറഞ്ഞു. ‘അവര്‍ അഭിനന്ദനത്തിന് അര്‍ഹരാണ്, എന്തെന്നാല്‍ അവരുടെ ആവശ്യങ്ങള്‍ക്കായി ഒരിക്കലും ആരേയും കാത്തിരുന്നില്ലെന്നും’ മിസ് പെയ്ന്‍ കൂട്ടിച്ചേര്‍ത്തു.

സുരക്ഷിതരാണെന്ന് ബോധ്യമാക്കാന്‍ ഇവര്‍ക്കുവേണ്ട അവശ്യസാധനങ്ങളായ ബാത്‌റൂം സാമഗ്രികളും, ഭക്ഷണവും, പ്രസവസംബന്ധമായ വൈറ്റമിന്‍ ഗുളികകളും, ലോഷന്‍സും, പൗഡറുകളും, സ്‌നാക്‌സുകളും നല്‍കി. റസ്റ്റോറന്റ്കാര്‍ അവര്‍ക്ക് ഭക്ഷണം സൗജന്യമായി നൽകി. ഒരുപാടു ജനങ്ങള്‍ ഹോട്ടലിലേക്ക് സഹായമെത്തിക്കാന്‍ വിളിക്കുകയും ചെയ്തു. ഇതുവരെ ഏകദേശം 4700 ഡോളര്‍ റൂമിനും മറ്റു വസ്തുക്കളുമായി ചെലവഴിച്ചതായി അവര്‍ പറഞ്ഞു.

‘തങ്ങള്‍ക്ക് മഞ്ഞുകാലത്തെ അതിജിവിക്കാന്‍ സുരക്ഷിതമായ സ്ഥലമൊരുക്കിയ ക്യാന്‍ഡിസിനെ ജനങ്ങള്‍ തോളിലേറ്റി ആഹ്ളാദപ്രകടനം നടത്തിയതായി ‘ഹോട്ടല്‍ മാനേജര്‍ റോബ്യന്‍ സ്മിത്ത് പറഞ്ഞു. ‘നിരവധി ആളുകള്‍ വിളിക്കുകയും പേര് വെളിപ്പെടുത്താതെ റൂമുകള്‍ക്ക് പണം നല്‍കുകയും ചെയ്തു. കൂടുതല്‍ ആളുകളെ താമസിക്കുവാനായി റൂമിന്റെ വാടക കുറയ്ക്കുകയും ചെയ്തുവെന്നും’ സ്മിത്ത് കൂട്ടിച്ചേര്‍ത്തു.

’30 മുറി എന്നത് 60 മുറികളാക്കി ഉയര്‍ത്തിയതായി’ മിസ്. സ്മിത്ത് പറഞ്ഞു. വ്യാഴാഴ്ച വരെ റൂമുകളില്‍ അവര്‍ക്ക് താമസിക്കുവാന്‍ സാധിക്കുമെന്നാണ് ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്. അതിനുളളില്‍ ചിക്കാഗോയിലെ താപനിലയില്‍ മാറ്റം വരുമെന്ന് കണക്കാക്കപ്പെടുന്നു. മിസ്സിസ് പെയ്‌നിന് ഇതുവരെ പതിനായിരത്തിലധികം ഡോളര്‍ സംഭാവനയായി കിട്ടിയിട്ടുണ്ട്. അതുകൊണ്ട് ജനങ്ങളെ ഞായറാഴ്ച വരെ താമസിപ്പിക്കാന്‍ സാധിക്കും.

ഞാന്‍ ഒരു സാധാരണ വ്യക്തിയാണ്, ‘മിസ് പെയ്ന്‍ പറഞ്ഞു. ‘ഇത് ധനികനായ ഒരാളുടെ പ്രവര്‍ത്തനങ്ങള്‍ പോലെയായിരുന്നു. പക്ഷെ ഞാന്‍ സൗത്ത് സൈഡില്‍ നിന്നുള്ള ചെറിയ കറുത്ത പെണ്‍കുട്ടിയാണ്. വീടില്ലാത്തവര്‍ക്ക് താല്‍കാലികമായി അഭയമൊരുക്കാന്‍ സാധിക്കില്ല എന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ ലോകത്തെമ്പാടുനിന്നുമുള്ള ജനങ്ങളുടെ സന്നദ്ധത കണ്ട് ഇത് സാധിക്കുമെന്ന് തോന്നി. നമുക്കെല്ലാവര്‍ക്കും ഒന്നച്ചുചേര്‍ന്ന് ഇതു ചെയ്യാന്‍ കഴിയും.’

ചിക്കാഗോയില്‍ വീടില്ലാത്ത ആളുകളെ സഹായിക്കുന്നതിന് മിസ്സിസ്. പെയ്ന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ സംഘടിപ്പിക്കാന്‍ ആഗ്രഹിക്കുന്നുന്നതായും വ്യക്തമാക്കി. ‘ഇത് ഒരു താല്‍ക്കാലിക പരിഹാരമാണ്, അതുവഴി ഒരു ശാശ്വത പരിഹാരംകൊണ്ടു വരാന്‍ ഇത് പ്രചോദിപ്പിക്കുകയും ചെയ്തു,’ മിസ്സ്. പെയ്ന്‍ കൂട്ടിച്ചേര്‍ത്തു.

ഇല്ലിനോയി ഗവർണറായിരുന്ന ജെ.ബി. പ്രിറ്റ്‌സ്‌കര്‍ മിസ്സ്. പെയ്‌നിനെ ഫോണില്‍ വിളിച്ച് നന്ദി രേഖപ്പെടുത്തി. ‘ദീര്‍ഘകാലത്തിനു ശേഷം കണ്ട ഏറ്റവും വലിയ കാരുണ്യപ്രവർത്തനമായിരുന്നു ഇതെന്ന്’ അദ്ദേഹം പറഞ്ഞതായി മിസ്സ്. പെയ്ന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *