#ദിനസരികള് 659
പരമോന്നത കോടതിയടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളെ നോക്കുകുത്തികളാക്കി മാറ്റിക്കൊണ്ട് സംഘപരിവാരം നടപ്പിലാക്കുന്ന ഫാസിസ്റ്റ് വാഴ്ചയുടെ ആദ്യത്തെ ഉദാഹരണമല്ല ആനന്ദ് തെല്‍തുംഡേയുടെ അറസ്റ്റ്, അത് അവസാനത്തേതുമാകുന്നില്ല. തങ്ങള്‍ തീരുമാനിക്കുന്നതിനെതിരെ ഈ ഇന്ത്യാ മഹാരാജ്യത്തില്‍ ഒന്നും നടക്കില്ലെന്ന പ്രഖ്യാപനത്തിന്റെ സാക്ഷ്യപ്പെടുത്തല്‍ മാത്രമാണിത്.
ഇത്ര കാലം തുടര്‍ന്നു പോന്നതും ഇനിയും തുടരുകയും ചെയ്യുന്ന ഒന്ന്. ഫെബ്രുവരി പതിനൊന്നാം തീയതിവരെ അറസ്റ്റുപാടില്ലെന്ന സുപ്രീംകോടതിയുടെ ഉത്തരവിനെ തള്ളിക്കളഞ്ഞുകൊണ്ടാണ് രാത്രി മൂന്നുമണിക്ക് മുംബൈയിലെ ശിവാജി വിമാനത്താവളത്തില്‍ വെച്ച് അദ്ദേഹത്തെ ബി.ജെ.പി യുടെ ദേവേന്ദ്ര ഫട്‌നാവിസ് മുഖ്യമന്ത്രിയായിരിക്കുന്ന മഹാരാഷ്ട്ര പോലീസ് അറസ്റ്റു ചെയ്തത്.
ദളിതുപക്ഷത്തുനിന്നുമുള്ള മുന്നേറ്റങ്ങളെ ഒരു കാലത്തും പരിവാരം സഹിഷ്ണുതയോടെ അനുവദിച്ചുകൊടുത്തിട്ടില്ല. അവരുടെ ഏകീകരണം ഏറ്റവും വലിയ വെല്ലുവിളിയാകുന്നത് തങ്ങള്‍ക്കാണെന്ന് ആർ.എസ്.എസ്സിനു വളരെ നന്നായി അറിയാം. അതുകൊണ്ട് ദളിതുകളെ ഹിന്ദുസങ്കല്പങ്ങളുടെ തന്നെ ഭാഗമായി നിലനിറുത്തിക്കൊണ്ട് തങ്ങള്‍ എഴുതിക്കൊടുക്കുന്ന മുദ്രാവാക്യങ്ങളെ ഏറ്റു വിളിക്കാന്‍ മാത്രം വിധിക്കപ്പെട്ട ഒരു ജനതയായിട്ടാണ് കണക്കാക്കിപ്പോന്നിട്ടുള്ളത്. അവര്‍ക്കു വേണ്ടി രാജ്യമാകെയും മുനയായി പ്രവര്‍ത്തിക്കുന്ന ആനന്ദ് തെല്‍തുംഡേയെ പിന്നെ എങ്ങനെയാണ് സംഘപരിവാരം സഹിക്കുക?
അറസ്റ്റില്‍ പ്രതിഷേധിച്ചുകൊണ്ട് പത്രമാധ്യമങ്ങളില്‍ നാം വായിച്ച പ്രസ്താവനകളില്‍ പൊതുവായി കാണാന്‍ കഴിഞ്ഞത് ജനാധിപത്യം, ഭരണഘടന, സുപ്രീംകോടതി എന്നീ ആശയങ്ങളെ മുന്‍ നിറുത്തിയുള്ള ആശങ്കകളായിരുന്നു. അവയുടെ അന്തസ്സത്ത ജനാധിപത്യക്രമത്തെ ബലപ്പെടുത്തുന്ന തരത്തിലാണ് പണിതെടുത്തിരിക്കുന്നതെന്നും അതുകൊണ്ടുതന്നെ അവയെ ദുര്‍ബലപ്പെടുത്തുന്ന ഒന്നുംതന്നെ നാം അനുവദിച്ചുകൂടാ എന്നുമുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടി അത്തരം പ്രസ്താവനകളില്‍ നിറഞ്ഞു നിന്നിരുന്നു.
സംഘപരിവാരം കടന്നു പോന്ന വഴികള്‍ എന്നും ജനാധിപത്യ സങ്കല്പങ്ങളെ ലംഘിച്ചുകൊണ്ടുതന്നെയായിരുന്നു. അവര്‍ നടത്തുന്ന ഓരോ ഇടപെടലും ദീര്‍ഘകാലത്തിനു ശേഷം ഫലം കൊയ്യുന്ന നിക്ഷേപങ്ങളായിരുന്നുവെന്ന് ഇന്ത്യയുടെ ചരിത്രം പറയും. ഒരു കൂട്ടം ആളുകള്‍ കൊണ്ടു പോയി ബാബരി പള്ളിയില്‍ സ്ഥാപിച്ച ഒരു ബിംബം കേവലം ഒരു മതത്തിന്റെ വിശ്വാസവുമായി ബന്ധപ്പെട്ട ഒന്നു മാത്രമായിരുന്നില്ല, അധികാരത്തിന്റെ വെള്ളിക്കോലുകളിലേക്കുള്ള വഴിവെട്ടല്‍ കൂടിയായിരുന്നുവെന്ന് നാമിപ്പോള്‍ തിരിച്ചറിയുന്നു. മുസ്ലീം വിഭാഗത്തെ ശത്രുപക്ഷത്തു നിറുത്തിക്കൊണ്ട് ആരംഭിച്ച ആ യാത്രയില്‍ സംഘപരിവാരം നേട്ടം തന്നെയാണ് കൊയ്തെടുത്തത്. നീറി നീറി നില്ക്കുന്ന ഒരു മുറിവായി അയോധ്യയെ അവസാനിപ്പിക്കാതെ നിലനിറുത്തിക്കൊണ്ടു പോകുക എന്ന തന്ത്രം ഇനിയും അവര്‍ തുടരും.
സുപ്രീം കോടതി, ഹിന്ദുമത വികാരങ്ങളെ മാനിക്കുന്നില്ലെന്ന് ആറെസ്സെസ്സിന്റെ പരമാചാര്യനും, നടപ്പിലാക്കാന്‍ കഴിയുന്ന വിധികള്‍ മാത്രമേ കോടതികള്‍ പുറപ്പെടുവിക്കാവുവെന്ന് ബി.ജെ.പിയുടെ അഖിലേന്ത്യാ അധ്യക്ഷനും കല്പിക്കുമ്പോള്‍ അടുത്ത ഇര ആരെന്ന് അവര്‍ പ്രഖ്യാപിച്ചു കഴിഞ്ഞുവെന്ന് നമുക്ക് മനസ്സിലാകുന്നു. ഇനിയും പേരിനെങ്കിലും നിലനില്ക്കുന്ന സുപ്രീംകോടതിയെക്കൂടി അമര്‍ച്ച ചെയ്യാന്‍ കഴിഞ്ഞാല്‍ പ്രതിരോധത്തിന്റേതായ അവസാന തുരുത്തുകളും അവസാനിച്ചുകൊള്ളുമെന്നു നമ്മെക്കാള്‍ നന്നായി അവര്‍ തിരിച്ചറിയുന്നുണ്ട്.
ആനന്ദ് തെല്‍തുംഡേയുടെ അറസ്റ്റ് കേവലം ഒരു വ്യക്തിക്കെതിരെയുണ്ടായ നീക്കമല്ല, മറിച്ച് അവര്‍ അറസ്റ്റു ചെയ്തു തടവില്‍ വെച്ചത് സുപ്രീംകോടതിയെത്തന്നെയാണ്.
മനോജ് പട്ടേട്ട്, വയനാട്ടുകാരന്‍, മാനന്തവാടി സ്വദേശി.