Sun. Nov 17th, 2024

കൊച്ചി:

വോളിബോൾ പ്രേമികളെ ആവേശത്തിലാഴ്ത്തിക്കൊണ്ട് പ്രോ വോളിബോള്‍ ലീഗിന് കൊച്ചിയില്‍ ശനിയാഴ്ച തുടക്കം. വിജയകരമായ ക്രിക്കറ്റ്, ഫുട്ബോൾ, കബഡി, ബാഡ്മിന്റൺ സൂപ്പർ ലീഗുകളുടെ മാതൃകയിലാണ് പ്രൊ വോളിബോൾ ലീഗും വരുന്നത്. സ്‌പോര്‍ട്‌സ് മാര്‍ക്കറ്റിങ് സ്ഥാപനമായ വോബേസ്‌ലൈന്‍ വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, വോളിബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെയാണ് വോളിബോള്‍ ലീഗ് സംഘടിപ്പിക്കുന്നത്.

കൊച്ചിയിലും ചെന്നൈയിലുമാണ് മത്സരവേദികൾ. ടൂർണമെന്റിലെ പന്ത്രണ്ട് മത്സരങ്ങളാണ് കൊച്ചിയിൽ നടക്കുക. ഫെബ്രുവരി 22 നാണ് ഫൈനല്‍. ആറു ടീമുകളാണ് പ്രഥമ പ്രോ വോളിബോള്‍ ലീഗ് പോരാട്ടത്തിനിറങ്ങുന്നത്. അഹമ്മദാബാദ് ഡിഫെന്റേഴ്‌സ്, കാലിക്കറ്റ് ഹീറോസ്, ചെന്നൈ സ്പാര്‍ട്ടന്‍സ്, യു മുംബ വോളി, ഹൈദരാബാദ് ബ്ലാക്ക് ഹാക്ക്‌സ്, കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് എന്നിവരാണ് ടീമുകള്‍.

കാലിക്കറ്റ് ഹീറോസും കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സുമാണ് കേരള ടീമുകള്‍. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐടി സ്ഥാപനമായ ബീക്കണ്‍ ഗ്രൂപ്പാണ് കോഴിക്കോട് ടീമിന്റെ ഉടമകള്‍. കൊച്ചി ടീം, തോമസ് മുത്തൂറ്റിന്റെ ഉടമസ്ഥതയിലുള്ളതാണ്.

കൊച്ചിയുടെ ആവേശവും കേരളത്തിന്റെ കരുത്തുമായി പ്രോ വോളി ലീഗിന്റെ കോർട്ടിൽ ആവേശം തീർക്കാൻ തയ്യാറെടുക്കുകയാണ് കൊച്ചി ബ്ലൂ സ്പൈക്കേഴ്സ്. അമേരിക്കയുടെ ഇതിഹാസ താരം ഡേവിഡ് ലീ അടക്കമുള്ളവരാണ് ബ്ലൂ സ്പൈക്കേഴ്സിനു വേണ്ടി കോർട്ടിലിറങ്ങുന്നത്. ഡേവിഡ് ലീക്ക് പുറമേ ഇന്ത്യൻ നായകൻ മോഹൻ ഉക്രപാണ്ഡ്യൻ, എസ്. പ്രഭാകരൻ, സെർബിയൻ താരം ആന്ദ്രേ പതുക് എന്നിവരും സ്പൈക്കേഴ്സിനു വേണ്ടി കളത്തിലിറങ്ങും.

ജെറോം വിനീത് നയിക്കുന്ന കാലിക്കറ്റ് ഹീറോസാണ് കേരളത്തില്‍ നിന്നുള്ള മറ്റൊരു ടീം. അമേരിക്കൻ താരം
പോൾ ലോട്ട് മാനാണ് കാലിക്കറ്റിന്റെ തുറുപ്പ് ചീട്ട്. അജിത്കുമാർ, ഗഗൻ കുമാർ, നവീൻ കുമാർ, ജിത്തു തോമസ് എന്നിവരും കാലിക്കറ്റിനു വേണ്ടി ഇറങ്ങുന്നു.

ആകെ പന്ത്രണ്ട് പേരടങ്ങുന്നതാണ് ഒരു ടീം. ഓരോ ടീമുകൾക്കും രണ്ടു വിദേശ താരങ്ങളെ സ്വന്തമാക്കാം. ഇതിനു പുറമെ ഒരു ഇന്ത്യൻ മാർക്വി താരവും ഒരു ഇന്ത്യൻ അണ്ടർ 21 താരവും ടീമിൽ ഉറപ്പായും ഉണ്ടായിരിക്കണം. 15 പോയിന്റ് വീതമുള്ള അഞ്ചു സെറ്റായിട്ടായിരിക്കും മത്സരങ്ങള്‍. ആദ്യം 15 പോയിന്റിലെത്തുന്നവര്‍ വിജയിക്കും.

പ്ലേഓഫുകളില്‍ ഓരോ സെറ്റും 25 പോയിന്റ് വീതമായിരിക്കും. വിജയിക്കുന്ന ടീമിന് രണ്ട് പോയിന്റ് വീതം നല്‍കും. ഒരു ടീം 5-0 ന് വിജയിച്ചാല്‍ അത് വൈറ്റ് വാഷ് ആകും. ആ ടീമിന് മൂന്നു പോയിന്റ് ലഭിക്കും. ആവേശം കൂട്ടുന്നതിനായി സൂപ്പര്‍ സെര്‍വ്, സൂപ്പര്‍ പോയിന്റ് എന്നിങ്ങനെ രണ്ടു ആശയങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എല്ലാ മത്സരങ്ങളും സോണി സിക്സ്, സോണി ടെന്‍ 3 എന്നിവയില്‍ തല്‍സമയം ഉണ്ടാകും. ടിക്കറ്റുകള്‍ ബോക്‌സ് ഓഫീസുകളില്‍ ലഭ്യമാണ്. 299 രൂപയാണ് നിരക്ക്. സീസണ്‍ പാസുകള്‍ വാങ്ങുന്നവര്‍ക്ക് 30 ശതമാനം ഇളവുണ്ട്. ആദ്യം വാങ്ങുന്നവര്‍ക്ക് 20 ശതമാനം ഇളവുണ്ട്. പേ ടിഎം, ഇന്‍സൈഡര്‍ ഡോട്ട് ഇന്‍ എന്നിവയിലൂടെയും ടിക്കറ്റുകള്‍ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *