തിരുവനന്തപുരം:
“ഞങ്ങള്‍ മോഹന്‍ലാലിനെ നിര്‍ബന്ധിക്കുന്നുണ്ട്, അദ്ദേഹം അത് സ്വീകരിക്കുമോ എന്ന് പറഞ്ഞിട്ടില്ല. പൊതുകാര്യങ്ങളില്‍ മോഹന്‍ലാല്‍ തല്‍പരനാണ്, സര്‍വോപരി തിരുവനന്തപുരത്തുകാരനും. ബി.ജെ.പിയോട് അനുഭാവം കാണിക്കുന്നുമുണ്ട്. അപ്പോള്‍ അദ്ദേഹത്തെത്തന്നെ മത്സരിപ്പിക്കാന്‍ ബിജെപിക്ക് താല്‍പര്യമുണ്ട്,” ബി.ജെ.പി നേതാവ് ഒ.രാജഗോപാല്‍ കഴിഞ്ഞ ദിവസം ദേശീയ മാദ്ധ്യമമായ എന്‍.ഡി.ടി.വി യോട് പറഞ്ഞ വാക്കുകളാണിത്.
മോഹന്‍ലാല്‍ നിലവില്‍ ബി.ജെ.പി അംഗമല്ലെന്നും, പക്ഷേ അദ്ദേഹത്തെ മത്സരിപ്പിക്കാന്‍ പാര്‍ട്ടിയിലെ നേതാക്കള്‍ക്ക് വലിയ താല്‍പര്യമുണ്ടെന്നും, ബി.ജെ.പിയുടെ ക്ഷണം അംഗീകരിക്കുമോ തള്ളുമോ എന്നു പോലും ഇപ്പോള്‍ പറയാറായിട്ടില്ലെന്നുമാണ് രാജഗോപാല്‍ പറഞ്ഞവസാനിപ്പിച്ചത്.
നടന്‍ മോഹന്‍ലാലിന്റെ രാഷ്ട്രീയ പ്രവേശനം കേരളം ഏറെ നാളുകളായി ചര്‍ച്ച ചെയ്യുന്നതാണ്. ഏതാണ്ട് രണ്ടു വര്‍ഷത്തില്‍ അധികമായി നടക്കുന്ന രാഷ്ട്രീയ ചര്‍ച്ചകളുടെ അവസാന ലാപ് ഓട്ടം എന്ന നിലയിലാണ് രാജഗോപാലിന്‍റെ പ്രസ്താവനയെ കാണേണ്ടത്.
കേരളത്തില്‍ മോഹന്‍ലാലിനേയും തമിഴ്‌നാട്ടില്‍ നടന്‍ വിജയിനേയും ഉള്‍പ്പെടുത്തി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ പിടിക്കാന്‍ ബി.ജെ.പി. ആലോചിക്കുന്നതായി 2017 മെയ് മാസത്തോടെ ഇന്ത്യന്‍ എക്‌സ്പ്രസ് ഉള്‍പ്പടെയുള്ള ചില ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. അഖിലേന്ത്യാ തലത്തില്‍ ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുന്നതിന് ഇപ്പോഴുള്ള ഏക തടസ്സം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണ് എന്ന ബി.ജെ.പി-ആര്‍.എസ്.എസ് നേതൃത്വത്തിന്റെ അഭിപ്രായമാണ് ഇത്തരമൊരു നീക്കത്തിന് പിന്നിലെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കേരളം, കര്‍ണാടകം, തമിഴ്‌നാട്, ആന്ധ്രാ പ്രദേശ്, തെലങ്കാന എന്നീ അഞ്ചു സംസ്ഥാനങ്ങളില്‍ ആര്‍.എസ്.എസിന് ശക്തി തെളിയിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും പ്രാദേശിക പാര്‍ട്ടികള്‍ക്കും കോണ്‍ഗ്രസിനും ഇപ്പോഴും ശക്തമായ സാന്നിധ്യമുള്ളത് ബി.ജെ.പിക്ക് ഇവിടങ്ങളിലേക്ക് കടന്നു വരുന്നതിനുള്ള പ്രധാന തടസ്സമാണ്. ഇത്തരം ഒരു അടിത്തറ തകര്‍ത്താല്‍ മാത്രമേ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേതിനു സമാനമായ ഭൂരിപക്ഷവും, ചോദ്യം ചെയ്യാന്‍ ആളില്ലാത്ത അടിത്തറ രൂപപ്പെടുത്തി എടുക്കാനും സാധിക്കൂ എന്നാണ് സംഘപരിവാറിന്റെ കണക്ക് കൂട്ടല്‍.
ആര്‍.എസ്.എസിന്റെ സാന്നിദ്ധ്യം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായ, സിനിമാ താരങ്ങളെ ഉള്‍പ്പെടുത്തല്‍, പാര്‍ട്ടികളെ പിളര്‍ത്തല്‍ തുടങ്ങിയവ വഴി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നേട്ടമുണ്ടാക്കാനുള്ള പദ്ധതികളാണ് ബി.ജെ.പി ആവിഷ്‌കരിക്കുന്നതെന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കോണ്‍ഗ്രസ് ദേശീയതലത്തില്‍ തളര്‍ന്നതിനാല്‍ കേരളത്തിലും ഇതിന്റെ പ്രതിഫലനം ഉണ്ടാകുമെന്നും ഭരണത്തിലിരിക്കുന്ന എല്‍.ഡി.എഫിലെ ഭിന്നതകള്‍ മുതലെടുത്ത് ശക്തമായ പ്രതിപക്ഷമായി വളരാന്‍ ബി.ജെ.പിക്ക് കഴിയും എന്നുമായിരുന്നു കണക്ക് കൂട്ടല്‍.
2019 ലെ പൊതു തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സ്ഥിരം മുഖങ്ങള്‍ക്ക് പകരം സെലിബ്രിറ്റികളെ മത്സരിപ്പിക്കാന്‍ ബി.ജെ.പി ഒരുങ്ങുന്നതായും ഇതിന്‍റെ ഭാഗമായി 70 ഓളം താരങ്ങളുടെ പട്ടിക തന്നെ പാര്‍ട്ടി തയ്യാറാക്കി കഴിഞ്ഞുവെന്നും ബി.ജെ.പിയുടെ ഒരു മുതിര്‍ന്ന നേതാവിനെ ഉദ്ധരിച്ച് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം കഴിഞ്ഞ സെപ്തംബറില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ക്രിക്കറ്റ് താരം വീരേന്ദ്ര സെവാഗ്, സിനിമാ താരങ്ങളായ അക്ഷയ് കുമാര്‍, മോഹന്‍ലാല്‍, സണ്ണി ഡിയോള്‍, മാധുരി ദീക്ഷിത് എന്നിവരെയാണ് പ്രധാനമായും പരിഗണിക്കുന്നത് എന്നാണ് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. തിരുവനന്തപുരത്തു നിന്ന് മോഹന്‍ലാല്‍, ന്യൂഡല്‍ഹിയില്‍ നിന്ന് അക്ഷയ് കുമാര്‍, മുംബൈയില്‍ നിന്ന് മാധുരി ദീക്ഷിത്, ഗുര്‍ദാസ്‌പൂറിൽ നിന്ന് സണ്ണി ഡിയോള്‍ ഈ രീതിയില്‍ ലോക്‌സഭയിലേക്ക് മത്സരിപ്പിക്കാനുള്ള സാധ്യതയാണ് പാര്‍ട്ടി പരിശോധിക്കുന്നത് എന്നായിരുന്നു റിപ്പോര്‍ട്ട്.
പ്രശസ്തരെ കളത്തിലിറക്കി സീറ്റുകള്‍ നേടുന്ന തന്ത്രം ബി.ജെ.പി. കഴിഞ്ഞ തിരഞ്ഞെടുപ്പിലും പയറ്റി വിജയിച്ചിരുന്നു. കേന്ദ്ര മന്ത്രിമാരായ സ്മൃതി ഇറാനി, രാജ്യവര്‍ധന്‍ സിംഗ്, പ്രതാപ് സിംഹ, ധര്‍മ്മേന്ദ്ര തുടങ്ങി സുരേഷ് ഗോപി വരെ ഇത്തരത്തില്‍ ലാറ്ററല്‍ എന്‍ട്രറി വഴി ബിജെപിയിലെത്തിയവരാണ്. എന്നാല്‍ രാഷ്ട്രീയത്തിലേക്ക് വരുന്നതിന്‍റെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും, അഭിനയമാണ് തന്‍റെ തൊഴിലെന്നും, അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നുമാണ് ഇത് സംബന്ധിച്ച് നേരത്തെ ചര്‍ച്ച വന്നപ്പോള്‍ മോഹന്‍ ലാല്‍ വ്യക്തമാക്കിയത്.
നടന്‍ മോഹന്‍ലാല്‍ പാര്‍ട്ടിയിലേക്ക് വരുന്നതില്‍ സന്തോഷം മാത്രേമേയുള്ളൂവെന്നാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞത്. ഇക്കാര്യത്തില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. നിലവില്‍ സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം നല്ല രീതിയില്‍ സഹകരിക്കുന്നുണ്ടെന്നാണ് ശ്രീധരന്‍പിള്ള പറഞ്ഞത്.
സുരേഷ് ഗോപി ഇതിനോടകം തന്നെ പാര്‍ട്ടിയുടെ ഭാഗമായി രാജ്യസഭയിലെത്തിയിട്ടുണ്ട്. മോഹന്‍ലാലിനെപ്പോലൊരു നടനെ പാര്‍ട്ടിയിലെത്തിക്കുക വഴി കേരളത്തില്‍ കൂടുതല്‍ ശക്തമാകാന്‍ സാധിക്കും എന്നാണ് ബി.ജെ.പി യുടെ വിലയിരുത്തല്‍. കോണ്‍ഗ്രസില്‍ നിന്ന് പ്രമുഖരായ ചില നേതാക്കളെ ബി.ജെ.പിയിലേക്ക് കൊണ്ടുവരാനും ആലോചനയുണ്ടെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് പറയുന്നു. ദേശീയ മാദ്ധ്യമങ്ങള്‍ രണ്ടു വര്‍ഷം മുമ്പ് പറഞ്ഞ കാര്യങ്ങള്‍ ശരി വെക്കുന്നതാണ് ഒ.രാജഗോപാല്‍ കഴിഞ്ഞ ദിവസം എന്‍.ഡി.ടി.വി ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.
കേരളത്തില്‍ ബി.ജെ.പിയിലേക്ക് നാഗ്‌പൂരിൽ നിന്ന് ആളുകളെ നൂലിൽ കെട്ടിയിറക്കുന്നതായുള്ള ആരോപണം നിലനിൽക്കുന്നതിനാൽ ആർ.എസ്.എസ്സ് വളരെ ശ്രദ്ധയോടെയുള്ള നീക്കങ്ങള്‍ മാത്രമേ ഇക്കാര്യത്തിൽ നടത്തുകയുള്ളൂ. ആർ.എസ്.എസ്സ് ന്റെ ശ്രമങ്ങളോട് നടൻ അനുകൂലമായി പ്രതികരിച്ചിരുന്നില്ലെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
മാസങ്ങള്‍ക്ക് മുന്‍പ് മോഹൻലാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പോയിക്കണ്ട് ചർച്ച നടത്തിയ വാർത്തകൾ പുറത്ത് വന്നിരുന്നു. മോഹൻലാലിന്റെ നേതൃത്വത്തിൽ വയനാട്ടില്‍ പ്രവർത്തിക്കുന്ന ‘വിശ്വശാന്തി ഫൗണ്ടേഷന്‍’ എന്ന സംഘടനയുടെ പരിപാടിയിലേക്ക് മോദിയെ ക്ഷണിക്കാനായിരുന്നു മോഹൻലാലിന്‍റെ സന്ദർശനം. ആർ.എസ്.എസ്സുമായി ബന്ധമുള്ള ഈ സംഘടനയിലൂടെ സാമൂഹ്യപ്രവർത്തകനെന്ന നിലയിലേക്ക് മോഹൻലാലിനെ ഉയർത്തിക്കൊണ്ടു വരികയും അതുവഴി രാഷ്ട്രീയപ്രവേശനത്തിനുള്ള വഴിയൊരുക്കുകയുമാണ് ലക്ഷ്യം. പ്രളയബാധിത പ്രദേശങ്ങളില്‍ സേവാഭാരതിക്ക് ഒപ്പമാണ് വിശ്വശാന്തിയുടെ പ്രവര്‍ത്തനങ്ങള്‍ നടന്നത് എന്നതും ശ്രദ്ധേയമാണ്.
തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനെ മത്സരിപ്പിക്കാനായിരുന്നു ആലോചന. എന്നാൽ അദ്ദേഹം മിസോറാമില്‍ ഗവർണറായി പോയതിനാൽ മറ്റൊരാളെ കണ്ടെത്തേണ്ടതുണ്ട്. കുമ്മനം ഇനി പാർലമെന്ററി രാഷ്ട്രീയത്തിലേക്ക് സജീവമായി തിരിച്ചുവരാനുള്ള സാധ്യതയും കുറവാണ്. ഇത്തരം ഒരു സാഹചര്യത്തിലാണ് മോഹന്‍ലാലിന്‍റെ പേര് ഉയര്‍ന്നു വരുന്നതും അച്ഛന്‍ വിശ്വനാഥന്‍, അമ്മ ശാന്തകുമാരി എന്നിവരുടെ പേരില്‍ തുടങ്ങിയ വിശ്വശാന്തി ഫൗണ്ടേഷന്‍റെ പേരും പത്മഭൂഷന്‍ പുരസ്കാരവും കയറി വരുന്നതും.
1983-ലാണ് പ്രേം നസീറിനു പത്മഭൂഷന്‍ ലഭിക്കുന്നത്. ഭാരതരത്‌നം, പത്മവിഭൂഷന്‍ എന്നിവ കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയാണ് പത്മഭൂഷന്‍. മലയാള സിനിമയില്‍ നസീറിന് ശേഷം ഈ ബഹുമതി ലഭിക്കുന്ന ആദ്യത്തെ ആളാണ് മോഹന്‍ലാല്‍. വിശ്വശാന്തി ഫൗണ്ടേഷനെ ഉയര്‍ത്തിക്കാട്ടിയുള്ള മോഹന്‍ലാല്‍-മോദി കൂടിക്കാഴ്ചയും പത്മഭൂഷന്‍ ഉള്‍പ്പടെ മറ്റു കാര്യങ്ങളും മോഹന്‍ലാലിന്‍റെ സോഷ്യോ-പോളിറ്റിക്കല്‍ പ്രൊഫൈല്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്.
തിരുവനന്തപുരം മണ്ഡലത്തിലേക്ക് കെട്ടിയിറക്കിയ ഒരു സ്ഥാനാര്‍ത്ഥിയായി മോഹന്‍ലാലിനെ അവതരിപ്പിക്കാന്‍ ആര്‍.എസ്.എസ്. താല്പര്യപ്പെടുന്നില്ല. മറിച്ച് സാമൂഹ്യപ്രവര്‍ത്തകന്‍ എന്നൊരു ഇമേജ് മോഹന്‍ലാലിന് സൃഷ്ടിച്ച ശേഷം തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറക്കാനാണ് ആര്‍.എസ്.എസ്. നേതൃത്വം താല്പര്യപ്പെടുന്നത് എന്ന് ദേശീയ മാദ്ധ്യമമായ ഡെക്കാണ്‍ ഹെറാള്‍ഡ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മുതിര്‍ന്ന ആര്‍.എസ്.എസ്. നേതാവിനെ ഉദ്ധരിച്ചു കൊണ്ടാണ് ഡെക്കാണ്‍ ഹെറാള്‍ഡിന്റെ വാര്‍ത്ത. നടനെന്ന നിലയില്‍ മോഹന്‍ലാലിന് കേരളത്തില്‍ പകരക്കാരനില്ലെന്ന് സംഘപരിവാറിന് ബോധ്യമുണ്ട്. എന്നാല്‍ താരപദവി കൊണ്ടു മാത്രം കേരളത്തില്‍ രാഷ്ട്രീയ വിജയം നേടാന്‍ സാധിക്കില്ല. സിനിമാക്കാരെ കണ്ടാല്‍ വോട്ട് ചെയ്യുന്ന എളുപ്പവഴി കേരളത്തിലധികം വിലപ്പോവില്ലായെന്നും സംഘപരിവാരുകാര്‍ക്ക് അറിയാം. ഇന്നസെന്റ്, ഗണേഷ്‌കുമാര്‍, മുകേഷ് തുടങ്ങിയ സിനിമ താരങ്ങള്‍ തെരഞ്ഞെടുപ്പില്‍ ജയിച്ച ചരിത്രം മുന്നിലുണ്ടെങ്കിലും അതെല്ലാം തികച്ചും സുരക്ഷിതമായ കേന്ദ്രങ്ങളായിരുന്നു.
അട്ടിമറി ജയം ലക്ഷ്യം വെച്ച് ഇറങ്ങിയ നടന്‍ മുരളിക്ക് പരാജയം നേരിടേണ്ടി വന്നതും ചരിത്രമാണ്. സിനിമാ താരമെന്ന നിലയ്ക്ക് എം.പിയാക്കപ്പെട്ട നടന്‍ സുരേഷ് ഗോപിക്ക് അതിന് ശേഷം കേരളത്തില്‍ വലിയ ഇമേജ് നഷ്ടം സംഭവിക്കുകയാണ് ചെയ്തത്. അത് തന്റെ കാര്യത്തില്‍ ആവര്‍ത്തിക്കുമെന്ന് മോഹൻലാലിനും ആശങ്കയുണ്ടാവും.
കോണ്‍ഗ്രസും ചെറു പ്രതിപക്ഷ കക്ഷികളും ബി.ജെ.പിക്ക് വന്‍ വെല്ലുവിളി സൃഷ്ടിക്കുമെന്ന് കരുതപ്പെടുന്ന 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനകീയ മുഖങ്ങളെ ഗോദയിലേക്ക് ഇറക്കിയുള്ള പരീക്ഷണത്തിനാണ് പാര്‍ട്ടി ഒരുങ്ങുന്നത്. വെല്ലുവിളിയുള്ള സീറ്റുകളില്‍ സെലിബ്രിറ്റികളെ ഇറക്കിയുള്ള ഒരു ഭാഗ്യപരീക്ഷണം.
കേരളത്തില്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ ജനകീയനായ മോഹന്‍ലാലിനെ അതുകൊണ്ട് തന്നെയാണ് ബി.ജെ.പി ഉന്നമിടുന്നതും. തിരുവനന്തപുരത്ത് സിറ്റിംഗ് എം.പിയായ ശശി തരൂര്‍ തന്നെയാവും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെന്ന് ഏതാണ്ട് ഉറപ്പാണ്. അങ്ങനെയെങ്കില്‍ ശശി തരൂരുമായി ഏറ്റുമുട്ടാൻ മോഹൻലാൽ തുനിയുമോ എന്നും കണ്ടറിയണം. ബിഗ് ബജറ്റ് ചിത്രമായ രണ്ടാമൂഴത്തിന് ശേഷം മോഹന്‍ലാല്‍ അഭിനയ രംഗത്തെ തൻ്റെ വിലപ്പെട്ട സ്ഥാനങ്ങൾ കളഞ്ഞ് കുളിച്ച് മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയേക്കുമോ?