അബുദാബി:
ചരക്ക് സുരക്ഷ സ്ക്രീനിങ്ങിനും ക്ലിയറൻസിനും കള്ളക്കടത്തിനുമെതിരെ പോരാടുന്നതിന് റാസ് (റിമോട്ട് എയർ സാംബ്ലിങ്) കാർഗോ പദ്ധതി യുഎഇ തുറമുഖങ്ങളിൽ നടപ്പാക്കുന്നു. കള്ളക്കടത്ത് വസ്തുക്കളും മയക്കുമരുന്നും കണ്ടെത്തുന്നതിന് പരിശീലനം ലഭിച്ച ‘കെ 9’ നായ്ക്കളെ ഉപയോഗിച്ച് റിമോട്ട് എയർ സാംബ്ലിങ് പരിശോധനയിലൂടെയാണ് ‘റാസ് കാർഗോ’ പദ്ധതി നടപ്പാക്കുന്നത്.
‘എമിറേറ്റ്സ് ഇന്നവേഷൻ 2021’ നവീകരണത്തിൻറെ ഭാഗമായാണ് ഫെഡറൽ കസ്റ്റംസ് അതോറിറ്റി പുതിയ പദ്ധതി ആരംഭിച്ചത്. കയറ്റുമതി സാധനങ്ങൾ, കണ്ടെയ്നറുകൾ, കപ്പലുകൾ, എൻജിനുകൾ, ഹെവി വാഹനങ്ങൾ, ചെറുകിട-ഇടത്തരം വാഹനങ്ങൾ, അടച്ച ട്രക്കുകൾ എന്നിവക്കുള്ളിലെ വായുവിൻറെ സാമ്പിളുകൾ എടുത്ത് ആധുനിക സാങ്കേതിക വിദ്യയിലൂടെയാണ് പരിശോധന.
ഈ പുതിയ സാങ്കേതികവിദ്യ പ്രയോഗിക്കുന്ന ലോകത്തിലെ ആദ്യ രാജ്യമാണ് യുഎഇ എന്ന് കസ്റ്റംസ് കമീഷണറും അതോറിറ്റി ചെയർമാനുമായ അലി സഈദ് അൽ നിയാദി പറഞ്ഞു. കള്ളക്കടത്ത് തടയുന്നതിന് പുറമെ കസ്റ്റംസ് ക്ലിയറൻസിനുള്ള സമയം ലഘൂകരിക്കാനും പുതിയ പരിശോധനരീതി സഹായിക്കും.