Fri. Apr 19th, 2024
ന്യൂഡൽഹി:

പരസ്യമായി കോൺഗ്രസ് ഉന്നത നേതൃത്വത്തിനെതിരെ എതിർപ്പുയർത്തിയ നേതാക്കൾക്കെതിരെ നടപടി ഇല്ലെന്ന് എഐസിസി. ഗുലാം നബി ആസാദിനെ പോലെ സ്ഥാനങ്ങൾ കിട്ടിയ മറ്റൊരു നേതാവ് പാർട്ടിയിലില്ലെന്നും എഐസിസി വൃത്തങ്ങൾ പറയുന്നു. ജമ്മുവിലെ കൂട്ടായ്മയിൽ വച്ചാണ് കപിൽ സിബൽ അടക്കമുള്ള നേതാക്കൾ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയത് പാർട്ടിയെ ശക്തിപ്പെടുത്താനാണ് നീക്കമെന്നാണ് നേതാക്കളുടെ അവകാശവാദം.

കപിൽ സിബൽ ആനന്ദ് ശർമ്മ രാജ് ബബ്ബർ ഭൂപീന്ദർ സിംഗ് ഹൂഡ തുടങ്ങിയ നേതാക്കളാണ് ഗുലാം നബി ആസാദ് അധ്യക്ഷനായ സന്നദ്ധ സംഘടനയുടെ പേരിൽ ജമ്മുവിൽ ഒത്തുകൂടിയത്. ഗുലാംനബി ആസാദിന് വീണ്ടും രാജ്യസഭ സീറ്റ് നൽകാത്തതിനെ കപിൽ സിബലും ആനന്ദ് ശർമ്മയും ചോദ്യം ചെയ്തു. പാർട്ടി ദുർബലമായെന്നും ശക്തിപ്പെടുത്താനുള്ള നീക്കത്തിൽ നിന്ന് പിന്തിരിയില്ലെന്നും കപിൽ സിബൽ യോ​ഗത്തിൽ പറഞ്ഞു.

കോൺഗ്രസുകാരാണോ എന്ന് മറ്റുള്ളവർ തീരുമാനിക്കേണ്ടെന്നായിരുന്നു ആനന്ദ്ശർമ്മയുടെ പരസ്യവെല്ലുവിളി
കോൺഗ്രസിൽ സംഘടന തെരഞ്ഞെടുപ്പിനാണ് ശ്രമിക്കുന്നതെന്ന് ഗുലാംനബി ആസാദ് വ്യക്തമാക്കി. ഹരിയാനയിലും ഇനി സമാന യോഗം നടത്താം എന്ന് ഭൂപീന്ദർ സിംഗ് ഹൂഡ അറിയിച്ചിട്ടുണ്ട്. കേരളത്തിലെ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ശശി തരൂർ വിട്ടുനിന്നെങ്കിലും ഈ നേതാക്കൾ ഉയർത്തുന്ന നീക്കത്തിന് തരൂരിൻ്റെയും പിന്തുണയുണ്ടെന്നാണ് സൂചന.

ബിജെപിയിലേക്ക് പോകും എന്ന അഭ്യൂഹം വേണ്ടെന്ന് ഗുലാംനബി ആസാദ് മാധ്യമങ്ങളോട് പറഞ്ഞു. മുതിർന്ന നേതാക്കളുടെ ഈ നീക്കം ആരെ സഹായിക്കാനാണെന്ന് വ്യക്തമാണ്.  എന്ന് ഉന്നത വൃത്തങ്ങൾ പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിന് വൻ തലവേദനയാവുകയാണ് ഈ നീക്കം. കോൺഗ്രസ് അധ്യക്ഷപദവിയിലേക്കുള്ള മത്സരത്തിലേക്കും ഈ നീക്കം എത്താനാണ് സാധ്യത.

By Divya