മുംബെെ:
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ വീടിന് മുന്നില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച കാർ എത്തിച്ചതിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ജെയ്ഷ് ഉൾ ഹിന്ദ്. ടെലഗ്രാം ആപ്പ് വഴിയാണ് സംഘടന ഉത്തരവാദിത്വം ഏറ്റെടുത്തത്.
ബിജെപിക്കും ആർഎസ്എസിനും ആത്മാവ് വിറ്റ കോർപ്പറേറ്റുകളാണ് തങ്ങളുടെ ശത്രുക്കൾ. ഇപ്പോൾ നടന്നത് ട്രെയിലാണ്. ഇനി വലുത് വരാനിരിക്കുന്നു. സംഘടനയ്ക്ക് പണം നൽകിയില്ലെങ്കിൽ മക്കളെ കൊല്ലുമെന്നും ജെയ്ഷ് ഉൾ ഹിന്ദ് ഭീക്ഷണി മുഴക്കി.
‘അംബാനിയുടെ വീടിനടുത്ത് വാഹനം കൊണ്ടിട്ട തങ്ങളുടെ സഹോദരന്‍ സുരക്ഷിതമായ വീട്ടിലെത്തി. ഇത് ഒരു ട്രെയിലര്‍ മാത്രമായിരുന്നു, വലിയത് ഇനി വരാനിരിക്കുന്നു” എന്ന ഭീഷണി സന്ദേശമായിരുന്നു ജെയ്ഷ് ഉൾ ഹിന്ദ് പുറത്തുവിട്ടത്.
ടെലിഗ്രാം ആപ്പിലെ സന്ദേശത്തില്‍ ജെയ്ഷ്-ഉല്‍-ഹിന്ദ് ബിറ്റ്‌കോയിന്‍ വഴി പണം ആവശ്യപ്പെട്ടിട്ടുണ്ട്. ‘നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ ഞങ്ങളെ തടയുക’ എന്ന വെല്ലുവിളിയും അന്വേഷണ ഏജന്‍സികള്‍ക്ക് നേരെ ഉയര്‍ത്തിയിട്ടുണ്ട്. ഇസ്രായേൽ എമ്പസിക്ക് മുന്നിൽ ബോബ് വച്ചിട്ടും അന്വേഷണ ഏജൻസിക്ക് പിടിക്കാനായില്ലെന്നും സംഘടന അവകാശപ്പെടുന്നു.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് മുകേഷ് അംബാനിയുടെ മുംബൈയിലെ വസതിക്ക് സമീപം ബോംബ് നിറച്ച കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. 20 ജലാറ്റിൻ സ്റ്റിക് നിറച്ച സ്കോർപിയോ കാർ ആയിരുന്നു കണ്ടെത്തിയത്. ഈ വാഹനത്തില്‍ മുകേഷ് അംബാനിയുടെ സുരക്ഷാ വാഹനത്തിന്‍റെ അതേ നമ്പര്‍ പ്ലേറ്റായിരുന്നു പതിച്ചിരുന്നത്.