Wed. Nov 6th, 2024
പത്തനംതിട്ട:

ശബരിമല വിഷയത്തിൽ സർക്കാർ ഒരു നിലപാടും മാറ്റിയിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പിൻവലിച്ചത് വഴി തടയൽ പോലുള്ള ചെറിയ കേസുകളാണ്. ക്രിമിനൽ കേസുകൾ പിൻവലിക്കാനാകില്ല.

സംസ്ഥാനത്ത് ഇടതു മുന്നണിക്ക് അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളത്. സ്ഥാനാർത്ഥി നിർണയ ചർച്ച പൂർത്തിയായിട്ടില്ലെന്നും കാനം പത്തനംതിട്ടയിൽ പറഞ്ഞു. ശബരിമലയിൽ ഒരു പ്രശ്നവുമില്ല. എല്ലാം സങ്കൽപ കഥകൾ മാത്രം.

കൊവിഡ് കാരണം കഴിഞ്ഞ വർഷം തീർഥാടകർ കുറവായിരുന്നു. അതിനാൽ ദേവസ്വം ബോർഡിനുള്ള വരുമാനം കുറഞ്ഞു എന്നല്ലാതെ മറ്റൊരു പ്രശ്നവും ഇല്ല. ശബരിമല വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണ്. വിധി വന്നിട്ട് ബാക്കി കാര്യങ്ങൾ ആലോചിക്കാം.

റാങ്ക് ലിസ്റ്റിലുള്ള മുഴുവൻ പേർക്കും ജോലി കൊടുക്കാൻ ഒരു സർക്കാരിനും കഴിയില്ല. ജോലി നൽകിയാൽ മാത്രം പോരല്ലോ, ശമ്പളവും നൽകണ്ടേ. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്ക് ജോലി നൽകിയ സർക്കാരാണിത്.

കൊവിഡ് കാരണം കാലാവധി അവസാനിക്കാനിരുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി 6 മാസം കൂടി നീട്ടി നൽകി. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ റിട്ടയർമെന്റ് വരുമ്പോഴാണ് കൂടുതൽ നിയമനങ്ങൾ നടത്താൻ കഴിയുക. അതിനുള്ള ശ്രമമാണ് സർക്കാർ നടത്തി വന്നത്.

ഇടതുമുന്നണിയുടെ ജനപിന്തുണ വർധിച്ചു. അതിന്റെ തെളിവാണ് വികസന മുന്നേറ്റ യാത്രയിലെ വൻ ജനപങ്കാളിത്തം. പത്തനംതിട്ടയിൽ എൽഡിഎഫിന് ഒരു ആശങ്കയുമില്ല. ജില്ലാ പഞ്ചായത്തടക്കം എൽഡിഎഫ് ഭരിക്കുന്നു. 5 മണ്ഡലങ്ങളിലും എൽഡിഎഫ് വൻ ഭൂരിപക്ഷം നേടുമെന്നും കാനം പറഞ്ഞു.

By Divya