Mon. Dec 23rd, 2024
മധ്യപ്രദേശ്:

സ്റ്റാൻഡപ്പ് കൊമേഡിയൻ മുനവ്വർ ഫാറൂഖിയ്ക്കൊപ്പം അറസ്റ്റിലായ രണ്ട് പേർക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി. മധ്യപ്രദേശ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ആണ് സദാഖത് ഖാൻ (23), നളിൻ യാദവ് (25)എന്നിവർക്ക് ജാമ്യം അനുവദിച്ചത്. മുനവ്വർ ഫാറൂഖിയ്ക്ക് ജാമ്യം അനുവദിച്ച സുപ്രിം കോടതി നടപടിയുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് രോഹിത് ആര്യയുടെ നടപടി.

ഇത്തരം കാര്യങ്ങളിൽ ഇനി ഏർപ്പെടരുതെന്ന നിർദ്ദേശത്തോടെയാണ് കോടതി ഇരുവർക്കും ജാമ്യം അനുവദിച്ചത്. ഇതേ ബെഞ്ച് തന്നെ ഫെബ്രുവരി 12ന് മറ്റ് രണ്ട് പേർക്കു കൂടി ഈ കേസിൽ ജാമ്യം അനുവദിച്ചിരുന്നു. ഫെബ്രുവരി അഞ്ചിനാണ് മുനവ്വർ ഫാറൂഖിയ്ക്ക് സുപ്രിം കോടതി ജാമ്യം അനുവദിച്ചത്.

വിഷയത്തിൽ മധ്യപ്രദേശ് സർക്കാരിനു നോട്ടീസ് അയച്ച കോടതി ഉത്തർപ്രദേശിൽ അദ്ദേഹത്തിനെതിരെ പുറപ്പെടുവിച്ച വാറണ്ട് സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു. ജനുവരി 2നാണ് ഗുജറാത്ത് സ്വദേശിയായ മുനവർ ഫാറൂഖി ഉൾപ്പടെ അഞ്ച് പേരെ ഇൻഡോർ പൊലീസ് അറസ്റ്റ് ചെയ്തത്.

ജനുവരി ഒന്നിന് ഇൻഡോറിലെ ഒരു കഫേയിൽ വച്ച് നടത്തിയ പരിപാടിയിൽ വച്ച് ഹിന്ദു ദൈവങ്ങളെയും അമിത് ഷായെയും അപമാനിച്ചു എന്നായിരുന്നു പരാതി. ബിജെപി എംഎൽഎ മാലിനി ഗൗറിന്റെ മകൻ ഏകലവ്യ സിംഗ് ഗൗറിന്റെ പരാതിയിലായിരുന്നു അറസ്റ്റ്. പിന്നാലെ, പരാതിയിലെ ആരോപണങ്ങൾക്ക് തെളിവില്ലെന്ന് പൊലീസ് വെളിപ്പെടുത്തിയിരുന്നു. പ്രാദേശിക കോടതി ഇവരെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിടുകയും മദ്ധ്യപ്രദേശ് ഹൈക്കോടതി ജാമ്യം നിഷേധിക്കയും ചെയ്തതോടെയാണ് മുനവ്വർ സുപ്രിംകോടതിയെ സമീപിച്ചത്.

By Divya