Mon. Dec 23rd, 2024
തിരുവനന്തപുരം:

തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഭൂമി തരം മാറ്റലുമായി ബന്ധപ്പെട്ട് സർക്കാരിൻ്റെ സുപ്രധാന ഉത്തരവ്. തരം മാറ്റുന്നതിനുള്ള ഫീസിൽ വൻ കുറവ് വരുത്തിയും ഏകീകരിച്ചുമാണ് പുതിയ ഉത്തരവിറക്കിയത്. 25 സെൻ്റ് വരെയുള്ള ഭൂമി ഇനി ഫീസ് അടക്കാതെ തരം മാറ്റാം.

2008 ലെ കേരള തണ്ണീർത്തട സംരക്ഷണ നിയമ പ്രകാരം വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമി റവന്യൂ രേഖകളിൽ തരം മാറ്റുന്നതിന് ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിങ്ങനെ തിരിച്ച് അടിസ്ഥാന വിലയുടെ 10 മുതൽ 50 ശതമാനം വരെയായിരുന്നു ഫീസ് ഈടാക്കിയിരുന്നത്. ഇതിനെ ഹൈക്കോടതി വിമർശിച്ചിരുന്നു. തുടർന്നാണ് ഫീസ് ഏകീകരിക്കാൻ സർക്കാർ തീരുമാനിച്ചത്.

തിരഞ്ഞെടുപ്പ് വിജ്ഞാപനം ഉടനുണ്ടാകും എന്നറിഞ്ഞതോടെയാണ് തിടുക്കത്തിൽ വ്യാഴാഴ്ച വൈകിച്ച് ഉത്തരവിറക്കിയത്. 2017 ഡിസംബർ 30 ന് മുമ്പ് നികത്തിയ 25 സെൻ്റിന് മുകളിൽ ഒരേക്കർ വരെയുള്ള ഭൂമിക്ക്, പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്ന വ്യത്യാസമില്ലാതെ അടിസ്ഥാന വിലയുടെ 10% ഫീസ് ഈടാക്കും. ഒരേക്കറിന് മുകളിലുള്ള ഭൂമിക്ക് 20% ആയിരിക്കും നിരക്ക്. കോർപ്പറേഷൻ പരിധിയിൽ ഇത് 30 മുതൽ 50 ശതമാനം വരെയായിരുന്നു. നിരക്ക് സൗജന്യം വന്നതോടെ ഭൂവുടമകൾക്ക് ലക്ഷക്കണക്കിന് രൂപയുടെ ലാഭമുണ്ടാകും.

ഒന്നായിക്കിടന്ന ഭൂമി 2017നു ശേഷം 25 സെൻ്റോ അതിന് താഴെയോ വിസ്തീർണ്ണമുള്ള പ്ലോട്ടുകളാക്കിയിട്ടുണ്ടെങ്കിൽ ഈ സൗജന്യം ലഭിക്കില്ല. എന്നാൽ തരം മാറ്റിയ ഭൂമിയിലുള്ള കെട്ടിടനിർമാണത്തിന് നിലവിലുള്ള ഫീസ് ഈടാക്കും. സർക്കാരിന് കോടികളുടെ വരുമാന നഷ്ടം ഉണ്ടാകുമെങ്കിലും ലക്ഷക്കണക്കിന് ഭൂവുടമകൾക്ക് പ്രയോജനം ലഭിക്കുന്ന ഉത്തരവാണിത്.

കഴിഞ്ഞ വർഷം 300 കോടിയിലധികം രൂപയാണ് ഇതിലൂടെ സർക്കാരിനു ലഭിച്ചത്. എന്നാൽ ഉത്തരവിനൊപ്പം തണ്ണീർത്തട സംരക്ഷണ ചട്ടം കൂടി ഭേദഗതി ചെയ്താൽ മാത്രമേ ഇതിന് നിയമപരമായി സാധുത ലഭിക്കുകയുള്ളൂ. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പേ ചട്ടം ഭേദഗതി ചെയ്യാനായിരുന്നു സർക്കാർ ലക്ഷ്യമിട്ടിരുന്നത്.

By Divya