ദുബൈ:
യുഎഇ നാലാമത്തെ വാക്സിനായുള്ള കാത്തിരിപ്പിലാണ്. റഷ്യയുടെ സ്പുട്നിക് വാക്സിൻ കഴിഞ്ഞ മാസം എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ലഭ്യതക്കുറവ് മൂലം ഇതുവരെ റഷ്യയിൽ നിന്ന് അയച്ചിട്ടില്ല. ഈ വാക്സിന് യുഎഇ ആരോഗ്യമന്ത്രാലയം നേരത്തെ തന്നെ അനുമതി നൽകിയിരുന്നു. 1000 ആരോഗ്യപ്രവർത്തകർക്ക് നൽകി ഫലപ്രദമെന്ന് കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് അനുമതി.
നിലവിൽ ചൈനയുടെ സിനോഫോം, ഇന്ത്യയുടെ അസ്ട്രസിനിക, അമേരിക്കയുടെ ഫൈസർ എന്നിവയാണ് യുഎഇയിൽ വിതരണം ചെയ്യുന്നത്. ആദ്യ ഡോസ് എടുത്ത് 28 ദിവസത്തിന് ശേഷം 91.4 ശതമാനം ഫലപ്രദമാണ് സ്പുട്നിക് എന്നാണ് വിദഗ്ദരുടെ വിലയിരുത്തൽ. 42 ദിവസം കഴിയുമ്പോൾ 95 ശതമാനം ഫലപ്രദമാകും.
20 ദിവസത്തിൻ്റെ ഇടയിലാണ് രണ്ട് ഡോസുകൾ എടുക്കേണ്ടത്. അബുദാബിയിൽ വാക്സിൻ പരീക്ഷണത്തിന് സന്നദ്ധരായി മുന്നോട്ടുവന്ന 1000 പേർക്കാണ് സ്പുട്നിക്ക് നൽകിയത്. ഇവരിൽ 995 പേർക്കും രണ്ട് ഡോസും നൽകി. ആറ് മാസം ഇവരെ നിരീക്ഷിക്കും.
മാർച്ച് മധ്യത്തോടെ സ്പുട്നിക് എത്തി വിതരണം ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഈ സമയമാകുേമ്പാൾ ആരോഗ്യ പ്രവർത്തകർ വാക്സിൻ സ്വീകരിച്ച് 42 ദിവസം കഴിയും. അതിനാൽ, കൂടുതൽ വിശ്വാസ്യതയോടെ പൊതുജനങ്ങളിലേക്ക് എത്തിക്കാൻ കഴിയും. 100 കോടി ഡോസ് നിർമിക്കാനാണ് റഷ്യയുടെ പദ്ധതി.
30 രാജ്യങ്ങളിൽ സ്പുട്നിക് എത്തും. സോവിയറ്റ് യൂനിയൻ 1957ൽ വിക്ഷേപിച്ച ആദ്യ സാറ്റലൈറ്റായ സ്പുട്നികിെൻറ പേരാണ് വാക്സിന് നൽകിയിരിക്കുന്നത്. യുഎഇയിൽ ജനസംഖ്യയുടെ പകുതിയും വാക്സിനെടുത്ത് കഴിഞ്ഞു.