Wed. Nov 6th, 2024
ദുബായ്:

വനിതകളുടെ സാമ്പത്തിക പങ്കാളിത്തത്തിൽ മധ്യപൂർവദേശം, വടക്കൻ ആഫ്രിക്ക എന്നിവ ചേർന്ന പ്രദേശത്ത് യുഎഇ ഒന്നാം സ്ഥാനത്തെന്ന് ലോക ബാങ്ക് റിപ്പോർട്ട്. വനിതകൾ, വ്യവസായം, നിയമം (ഡബ്ല്യുബിഎൽ) എന്ന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മൂന്നു വർഷം കൊണ്ട് യുഎഇ ഈ മേഖലയിൽ നടപ്പാക്കിയ നിയമങ്ങളാണ് ഈ നേട്ടത്തിനു കാരണം.

190 രാജ്യങ്ങളുടെ വിവരങ്ങൾ ശേഖരിച്ചു പരിശോധിക്കുന്ന ഈ റിപ്പോർട്ട് ലോകത്തെ ഏറ്റവും വിശ്വസനീയമായ സൂചികയായാണ് കണക്കാക്കുന്നത്. ഈ വർഷം നൂറിൽ 82.5 പോയിന്റാണ് യുഎഇ നേടിയത്. വിലയിരുത്തലുകൾ നടത്തുന്ന അഞ്ച് പ്രധാന മേഖലകളിൽ മുഴുവൻ മാർക്കും യുഎഇ നേടി.

യാത്ര, ജോലിസ്ഥലം, വേതനം,സംരംഭകത്വം, പെൻഷൻ എന്നീ രംഗങ്ങളിലാണ് നൂറിൽ നൂറു നേടിയത്. യുഎഇ നടപ്പാക്കിയ പുതിയ നിയമങ്ങളും ഇരുപതോളം നിയമഭേദഗതികളുമാണ് ഈ മികവിന് കാരണമെന്ന് യുഎഇ ജെൻഡർ ബാലൻസ് കൗൺസിൽ പ്രസിഡന്റ് ഷെയ്ഖ മനൽ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വ്യക്തമാക്കി

By Divya