തിരുവനന്തപുരം:
പ്രമുഖ കവിയും ഭാഷാപണ്ഡിതനും അധ്യാപകനുമായ വിഷ്ണുനാരായണന്‍ നമ്പൂതിരി (81) അന്തരിച്ചു.വര്‍ത്തമാനകാലത്തെ ഭൂതകാലത്തിന്‍റെ ആര്‍ദ്രതയുമായി സമന്വയിപ്പിച്ച കവിയാണ് വിഷ്ണു നാരായണന്‍ നമ്പൂതിരി. താനീ പ്രപഞ്ചത്തില്‍ ജീവിച്ചിരിക്കുന്നു എന്നതിനപ്പുറം വലിയൊരു അത്ഭുതമില്ലയെന്ന് അദ്ദേഹം പലപ്പോഴും പറയാറുണ്ട്. ഈ വാക്കുകള്‍ ബാക്കിയാക്കിയാണ് അദ്ദേഹം സാഹിത്യലോകത്തോട് വിടപറയുന്നത്.
തിരുവനന്തപുരം തൈക്കാട് ശ്രീവല്ലി ഇല്ലത്തുവെച്ച് ഇന്ന് ഉച്ചയോടുകൂടിയായിരുന്നു അദ്ദേഹം അന്തരിച്ചത്. രാജ്യം പത്മശ്രീ പുരസ്കാരം നല്‍കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
കഴിഞ്ഞ കുറെ നാളുകളായി വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ കാരണം അദ്ദേഹം വീട്ടില്‍ ചികിത്സയിലായിരുന്നു. നാളെ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് അദ്ദേഹത്തിന്‍റെ സംസ്കാര ചടങ്ങുകള്‍ നടത്തുക.
മലായള സാഹിത്യത്തില്‍ കവിതാലോകത്ത് തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഒരു അതുല്യ പ്രതിഭയായിരുന്നു അദ്ദേഹം. പാരമ്പര്യവും ആധുനികതയും ഒത്തുചേര്‍ന്നതായിരുന്നു അദ്ദേഹത്തിന്‍റെ കാവ്യരീതി.
‘ഇന്ത്യയെന്ന വികാരം’, ‘ആരണ്യകം’, ‘അതിര്‍ത്തിയിലേക്ക് ഒരു യാത്ര’, ‘ഉജ്ജയിനിയിലെ രാപ്പകലുകള്‍’ ‘മുഖമെവിടെ’, ‘ഭൂമിഗീതങ്ങള്‍’, ‘പ്രണയഗീതങ്ങള്‍’, ‘ സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു ഗീതം’, ‘ചാരുലത’ എന്നിവയാണ് പ്രധാന കവിതാസമാഹാരങ്ങള്‍. ‘അസാഹിതീയം’, ‘കവിതകളുടെ ഡി.എന്‍.എ.’ എന്നിവ ശ്രദ്ധേയമായ ലേഖനസമാഹാരങ്ങളാണ്.
1939 ജൂണ്‍ 2-ന് തിരുവല്ലയില്‍ ഇരിങ്ങോലിലാണ് വിഷ്ണുനാരായണന്‍ നമ്പൂതിരി ജനിച്ചത്. ഇംഗ്ലീഷ് വിഭാഗത്തില്‍ വിവിധ സര്‍ക്കാര്‍ കോളേജുകളില്‍ അദ്ദേഹം ദീര്‍ഘനാള്‍ അദ്ദേഹം അധ്യാപകനായി ജോലിചെയ്തു. അതേസമയം തന്നെ മലയാളത്തിലും സംസ്തകൃതത്തിലും അഘാതമായ പാണ്ഡ്യത്യമായിരുന്നു അദ്ദേഹത്തിന് ഉണ്ടയിരുന്നത്. അതുതന്നെയാണ് വിഷ്ണു നാരായണന്‍ നമ്പൂതിരിയെ വ്യത്യസ്ഥനാക്കിയത്.
പത്മശ്രീ പുരസ്‌കാരം (2014), എഴുത്തച്ഛന്‍ പുരസ്‌കാരം (2014), കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് (1994), കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (1979), വയലാര്‍ പുരസ്‌കാരം – (2010), വള്ളത്തോള്‍ പുരസ്‌കാരം – (2010), ഓടക്കുഴല്‍ അവാര്‍ഡ് – (1983) തുടങ്ങി മലയാളത്തിലെയും ഇന്ത്യയിലെയും പ്രശസ്തമായ നിരവധി സുപ്രധാന പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
https://www.youtube.com/watch?v=OF2ZMM3qOys