ജിദ്ദ:
നിത്യജീവിതത്തില്‍ വിവിധതരം ആപ്പുകളുടെ ഉപയോഗം അനിവാര്യമായതോടെ സാധാരണക്കാര്‍ പോലും സ്മാര്‍ട്ട്ഫോണുകള്‍ വാങ്ങാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. സൗദി അറേബ്യയില്‍ കൊവിഡ് സാന്നിധ്യം മനസ്സിലാക്കാന്‍ സഹായിക്കുന്ന ‘തവക്കല്‍ന’ ആപ് ഇൻസ്റ്റാൾ ചെയ്യാതെ ആശുപത്രികളിൽ മുതല്‍ സൂപ്പര്‍മാര്‍ക്കറ്റുകളിൽ വരെ പ്രവേശിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
ചെറിയ ബഖാലകളില്‍ പോലും തവക്കൽന ആപ് പരിശോധന നടത്തിയതിനുശേഷം മാത്രമേ അകത്തേക്ക് പ്രവേശനം അനുവദിക്കുന്നുള്ളൂ. ഇതോടൊപ്പം മൊബൈൽ ഫോണുകളിൽ ആക്ടിവ് ഇൻറർനെറ്റും അത്യാവശ്യമായിരിക്കുകയാണ്. കോവിഡിനെ തുരത്താനുള്ള വിവിധ മാർഗങ്ങളില്‍ ഒന്നായി ആപ്പുകളും മാറിയതോടെയാണ് ഇത്തരമൊരു സ്ഥിതിവിശേഷം സംജാതമായതെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
നോക്കിയ ഉൾപ്പെടെ ആദ്യ ജനറേഷന് മൊബൈല്‍ ഫോണുകളായിരുന്നു സാധാരണക്കാര്‍ ഉപയോഗിച്ചുവന്നിരുന്നത്. വിവിധ സൂപ്പര്‍മാര്‍ക്കറ്റുകളുടെ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് സാധനങ്ങളുടെ ഓഫറുകള്‍ അറിയാൻ സഹായിക്കും. കുടുംബ ബജറ്റ് താളംതെറ്റാതെ കുറഞ്ഞ വിലക്ക് നിത്യോപയോഗ സാധനങ്ങള്‍ എവിടെനിന്ന് എപ്പോള്‍ ലഭിക്കുമെന്ന് മനസ്സിലാക്കാനും സ്മാർട്ട്ഫോൺ അനിവാര്യമായിരിക്കുകയാണ്.