തിരുവനന്തപുരം:
ഉദ്യോഗസ്ഥതല ചർച്ചയിൽ നൽകിയ വാഗ്ദാനങ്ങളിൽ ഉറപ്പു ലഭിക്കാത്തതിനെ തുടർന്നു സെക്രട്ടേറിയറ്റിനു മുന്നിലെ സമരം ഉദ്യോഗാർത്ഥികൾ കടുപ്പിച്ചു. 28 ദിവസമായി സമരം ചെയ്യുന്ന ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ നിരാഹാര സമരം ആരംഭിച്ചു. പി ബിനീഷ് (കോഴിക്കോട്), മനു മോഹൻ (ഇടുക്കി), വയനാട് റാങ്ക് പട്ടികയിൽ ഉൾപ്പെട്ട കെഎം തനൂജയുടെ ഭർത്താവ് കെകെ റിജു എന്നിവരാണ് ഇന്നലെ വൈകിട്ട് ഏഴോടെ നിരാഹാരം തുടങ്ങിയത്.
സമരത്തിന്റെ തുടക്കത്തിൽ റിജു ദേഹത്തു മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. ഉദ്യോഗാർത്ഥി അല്ലാത്തയാൾ സമരത്തിൽ നുഴഞ്ഞു കയറിയെന്ന് ഇതേത്തുടർന്നു മന്ത്രിമാർ ഉൾപ്പെടെ അപഹസിച്ചിരുന്നു.
എൽജിഎസ് റാങ്ക് പട്ടികയിലുൾപ്പെട്ടവർ ഇതോടെ രാപകൽ സമരത്തിലേക്കു കടന്നു. സിവിൽ പൊലീസ് ഓഫിസർ റാങ്ക് ലിസ്റ്റിലുള്ളവരുടെ രാപകൽ സമരവും തുടരുകയാണ്. ഇവരുടെ സമരം 16 ദിവസം പിന്നിട്ടു.
രണ്ടു കൂട്ടരുമായി സർക്കാർ ഉദ്യോഗസ്ഥർ ശനിയാഴ്ച ചർച്ച നടത്തി ധാരണയിലെത്തിയിരുന്നു. അത് സർക്കാർ ഉത്തരവാക്കി ഉറപ്പു വരുത്തണമെന്നായിരുന്നു ഉദ്യോഗാർത്ഥികളുടെ ആവശ്യം. ഔദ്യോഗികമായ ഉറപ്പ് ഇന്നലെ എത്തിക്കാമെന്നു ചർച്ചയ്ക്കു നേതൃത്വം നൽകിയ ആഭ്യന്തര സെക്രട്ടറി ടികെ ജോസും എഡിജിപി മനോജ് ഏബ്രഹാമും പറഞ്ഞതാണെന്ന് ഉദ്യോഗാർത്ഥികൾ അറിയിച്ചു.
എന്നാൽ സർക്കാരിൽ നിന്ന് ആരും ഇന്നലെ വൈകിട്ട് ഓഫിസ് സമയം കഴിയുന്നതു വരെയും ഇവരുമായി ബന്ധപ്പെട്ടില്ല. തുടർന്നാണു മുൻ തീരുമാനപ്രകാരം എൽജിഎസ് റാങ്ക് പട്ടികയിലുള്ളവർ നിരാഹാരത്തിലേക്കു കടന്നത്. രാത്രിയും സെക്രട്ടേറിയറ്റിനു മുൻവശം ഇപ്പോൾ സമരത്തെരുവാണ്.