മസ്കറ്റ്:
കാലിയായിവരുന്ന വിദേശ രജിസ്ട്രേഷനുള്ള ട്രക്കുകളടക്കം വാഹനങ്ങളുടെ ഒമാനിലേക്കുള്ള പ്രവേശനത്തിന് ഒക്ടോബർ 19നുശേഷം പൂർണ വിലക്ക് ഏർപ്പെടുത്തുമെന്ന് ഗതാഗത-വാർത്താവിനിമയ-വിവര സാങ്കേതികമന്ത്രാലയം അറിയിച്ചു. ഇത്തരം വാഹനങ്ങൾക്ക് ഒമാനിൽ പ്രവേശിക്കാവുന്ന അവസാന തീയ്യതി ഒക്ടോബർ 19 ആയിരിക്കും.
കഴിഞ്ഞ വർഷം ഒക്ടോബറിലെ മന്ത്രാലയത്തിന്റെ തീരുമാന പ്രകാരമാണ് നടപടി. ഇതനുസരിച്ച് ഒമാനിലേക്കുള്ള ഇത്തരം വാഹനങ്ങളുടെ പ്രവേശന പെർമിറ്റുകളുടെ എണ്ണത്തിൽ നിലവിൽ കുറവ് വരുത്തി വരുകയാണ്. പെർമിറ്റുകൾ അനുവദിക്കുന്നത് ഒക്ടോബർ പകുതിയോടെ പൂർണമായി നിർത്താനാണ് പദ്ധതി. കമ്പനികൾ ഒമാനിലെ ഗതാഗതരംഗത്ത് നിക്ഷേപം നടത്തുകയോ അല്ലെങ്കിൽ പ്രാദേശിക ഗതാഗത കമ്പനികളുമായി ബന്ധപ്പെടുകയോ വേണം.