ജുബൈൽ:
പ്രശസ്തമായ വിദേശ സർവകലാശാലകളെ ആകർഷിക്കാനുള്ള പദ്ധതികളുമായി സൗദി വിദ്യാഭ്യാസ മന്ത്രാലയം രംഗത്ത്. പ്രമുഖ അന്താരാഷ്ട്ര സർവകലാശാലകളുടെ വിവിധ കോഴ്സുകൾ സ്വദേശികളായ വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ടാണ് നടപടി.വിവിധ മേഖലകളിൽ രാജ്യം സാക്ഷ്യം വഹിച്ച നവോത്ഥാനത്തിനൊപ്പം ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനും തൊഴിൽ വിപണി സജീവമാക്കുന്നതിനും സ്വദേശികൾക്ക് നൂതനവും ലോകോത്തരവുമായ വിദ്യാഭ്യാസം നൽകുന്നതിനുമുള്ള സർക്കാർ താത്പര്യത്തിൻ്റെ ചട്ടക്കൂടിനുള്ളിലാണ് പുതിയ തീരുമാനം.
പുതിയ യൂനിവേഴ്സിറ്റി നിയമത്തിൽ സർവകലാശാലകൾക്കും അവയുടെ ബ്രാഞ്ചുകൾക്കും സ്വകാര്യ കോളജുകൾക്കും വിദേശ സർവകലാശാലകളുടെ ശാഖകൾ സ്ഥാപിക്കുന്നതിനോ ലയിപ്പിക്കുന്നതിനോ അനുമതി നൽകുന്ന ചട്ടം ചേർക്കാനും യൂനിവേഴ്സിറ്റി അഫയേഴ്സ് കൗൺസിലിന് ഇതിനുള്ള അധികാരം നൽകാനുമുള്ള ശുപാർശ മന്ത്രിസഭയുടെ അംഗീകാരത്തിനായി സമർപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.