Mon. Dec 23rd, 2024
തിരുവനന്തപുരം:

സംവരണ തത്വങ്ങള്‍ കാറ്റില്‍ പറത്തി വിദ്യാഭ്യാസ വകുപ്പില്‍ തലങ്ങും വിലങ്ങും താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നു. ദീര്‍ഘകാല വിദ്യാഭ്യാസ പദ്ധതി നടപ്പാക്കുന്ന സ്കോൾ കേരളയിലാണ് ഇത് ഒടുവിലായി അരങ്ങേറിയിരിക്കുന്നത്. 54 ജീവനക്കാരെയാണ് ഇവിടെ സ്ഥിരപ്പെടുത്തിയത്.

സ്കോൾ കേരളയില്‍  54 താല്‍ക്കാലിക ജീവനക്കാരെയാണ് ഒറ്റയടിക്ക് സ്ഥിരപ്പെടുത്തിയത്. ഒപ്പണ്‍സ്കൂളിനെ പുനസംഘടിപ്പച്ച് സൃഷ്ടിച്ച സ്കോളില്‍ വൈസ് ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ള പുതിയ തസ്തികള്‍ കൂട്ടിച്ചേര്‍ത്തു. മൂന്ന് സെക്യൂറിറ്റി ഗാര്‍ഡ് തസ്തിക ഒഴിവാക്കി.

ചില തസ്തികള്‍ ഉയര്‍ത്തുകയും ചെയ്തു. ജോയിന്‍റ് ഡയറക്ടര്‍ തസ്തിക ഡയറക്ടര്‍ ആയാണ് സ്ഥാനക്കയറ്റം നല്‍കിയത്.താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുമ്പോള്‍ യാതൊരു സംവരണതത്വങ്ങളും പാലിച്ചിട്ടില്ല.

ഭാവി നിയമനങ്ങള്‍ക്ക് മാത്രമായിരിക്കും സംവരണം ബാധകമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ ഉത്തരവ് പറയുന്നു. ഇപ്പോഴുള്ള സ്ഥിരപ്പെടുത്തലില്‍ സംവരണം അട്ടിമറിക്കപ്പെട്ടിട്ടുണ്ടെങ്കില്‍, അത് ഭാവി നിയമനങ്ങളിലൂടെ പരിഹരിക്കണമെന്നും ഉത്തരവ് പറയുന്നു. കരട് സര്‍വീസ് ചട്ടങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചു.

എന്നാല്‍ സ്കോളിലെ തസ്തികകളുടെ സൃഷ്ടിക്കല്‍, നിയമനം എന്നിവ ചോദ്യം ചെയ്യുന്ന കേസുകള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. കോടതി പരിഗണിക്കുന്ന വിഷയമായിട്ടും തിരക്കിട്ട് ഉത്തരവിറക്കാനായിരുന്നു പൊതു വിദ്യാഭ്യാസ സെക്രട്ടറിക്ക് സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം. ഉന്നതവിദ്യാബ്യാസ കൗണ്‍സിലിലും താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ ഉത്തരവിറങ്ങി.

മൂന്ന് താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയുള്ള ഉത്തരവിറക്കിയത് ഉന്നത വിദ്യാഭ്യാസ അഡീഷനൽ ചീഫ് സെക്രട്ടറിയാണ്.

By Divya