യുഎഇ:
അറബ് ലോകത്ത് ആദ്യമായി വിരുന്നെത്തുന്ന എക്സ്പോ ആഘോഷത്തിന് മാറ്റ് കൂട്ടാൻ ഇന്ത്യയുടെ പവലിയനും ഒരുങ്ങുകയാണ്. യുഎഇയിലെ ഏറ്റവും വലിയ കമ്യൂണിറ്റി ആയതിനാൽ ഒരു കുറവും വരുത്താതെയാണ് എക്സ്പോയിൽ ഇന്ത്യൻ പവലിയൻ്റെ നിർമാണം പുരോഗമിക്കുന്നത്. അടുത്ത മാസം സ്ട്രക്ചർ പൂർത്തിയാകുമെന്നാണ് കരുതുന്നത്.
250 ദശലക്ഷം ദിർഹമാണ് (500 കോടി രൂപ) ചെലവ്. ഇന്ത്യയുടെ അഞ്ച് ‘T’ (Talent, Trade, Tradition, Tourism and Technology) ആയിരിക്കും പവലിയെൻറ തീം. പ്രവാസികളുടെ വിജയഗാഥകളും അവതരിപ്പിക്കും. മഹാത്മാഗാന്ധിയുടെ ചിത്രമായിരിക്കും സന്ദർശകരെ സ്വീകരിക്കുക.
നേരത്തെ പ്രവേശനകവാടത്തിൽ ഗാന്ധി പ്രതിമ സ്ഥാപിക്കാനായിരുന്നു പദ്ധതി. എന്നാൽ, നാല് നില കെട്ടിടത്തിൽ ഗാന്ധിയുടെ ചിത്രം പതിച്ച് സന്ദർശകരെ സ്വീകരിക്കാനാണ് പുതിയ തീരുമാനം.4800 ചതുരശ്ര മീറ്റർ വിസ്തൃതിയുണ്ടാവും പവലിയന്.
സ്ട്രക്ചർ മാർച്ച് 31ന് പൂർത്തീകരിച്ചാലും ഇൻറീരിയർ ജോലികൾ പൂർത്തിയാക്കാൻ ഇനിയും സമയമെടുക്കും. ഇന്ത്യയുടെ ദേശീയ ദിനങ്ങളിലും നാട്ടിലെ ആഘോഷ ദിവസങ്ങളിലും എക്സ്പോ വേദിയിൽ പ്രത്യേക പരിപാടികൾ നടക്കും. സംഘടനകൾക്കും സ്ഥാപനങ്ങൾക്കും സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കാനും പങ്കെടുക്കാനുമുള്ള അവസരമുണ്ടാവും.
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളുടെയും പ്രാതിനിധ്യം പവലിയനിലുണ്ടാവും.