Fri. Nov 22nd, 2024
ന്യൂയോർക്ക്:

നാസയുടെ ചൊവ്വാദൗത്യം പെഴ്സിവീയറൻസിന് വിജയകരമായ ലാൻഡിങ്.ഇന്ത്യൻ സമയം, ഇന്നു പുലർച്ചെ 2.28നാണു റോവർ ചൊവ്വയിലെ വടക്കൻ മേഖലയായ ജെസീറോ ക്രേറ്ററിൽ ഇറങ്ങിയത്.

അന്തരീക്ഷത്തിൽ പ്രവേശിച്ച ശേഷം ഉപരിതലം വരെയുള്ള ‘നെഞ്ചിടിപ്പിൻ്റെ 7 മിനിറ്റുകൾ’ എന്നറിയപ്പെടുന്ന ദുഷ്കരയാത്ര നവീന  സാങ്കേതികവിദ്യയാലാണ് 270 കോടി യുഎസ് ഡോളർ ചെലവുള്ള ദൗത്യം തരണം ചെയ്തത്.ജെസീറോയിൽ ജീവൻ്റെ തെളിവുകൾ അന്വേഷിക്കുകയാണ് ദൗത്യത്തിൻ്റെ പ്രധാനലക്ഷ്യം

ചൊവ്വയിൽ എത്തിയ പെഴ്സീവിയറൻസ് ഭൂമിയിലേക്ക് ആദ്യമയച്ച ചിത്രം.
അന്തരീക്ഷത്തിലേക്കു പ്രവേശിച്ച ശേഷം 1300 ഡിഗ്രി ഉയർന്ന താപനില ദൗത്യപേടകത്തി‍ൽ ഉടലെടുത്തെങ്കിലും താപകവചം അതിനെ ചെറുത്തു.അന്തരീക്ഷമർദ്ദം മാറുന്നതനുസരിച്ച് ത്രസ്റ്ററുകൾ ജ്വലിപ്പിച്ച് പേടകം സ്ഥിരത നിലനിർത്തി.വേഗം മണിക്കൂറിൽ 1600 ആയതോടെ പേടകത്തിന്റെ പാരഷൂട്ടുകൾ തുറന്നു.തുടർന്ന് ഇറങ്ങേണ്ട സ്ഥലം കൃത്യമായി നിരീക്ഷിച്ചു.

ഇറങ്ങുന്നതിനു 12 സെക്കൻഡ് മുൻപായി ‘സ്കൈ ക്രെയ്ൻ മനൂവർ’ ഘട്ടം തുടങ്ങി.റോവറിനെ വഹിച്ച്, റോക്കറ്റ് എൻജിനുകൾ ഘടിപ്പിച്ച ഒരു ഭാഗം പേടകത്തിൽ നിന്നു വേർപെട്ട് സ്ഥിരത നേടിയ ശേഷം കേബിളുകളുടെ സഹായത്താൽ റോവറിനെ താഴേക്കിറക്കി.തുടർന്ന് കേബിളുകൾ വേർപെട്ടു.ഇൻജെന്യൂയിറ്റി എന്ന ചെറു ഹെലിക്കോപ്റ്ററിനെയും റോവർ വഹിക്കുന്നുണ്ട്.അനുയോജ്യമായ സമയത്ത് ഇതു പറത്തും.

By Divya