ടെൽ അവീവ്:
അണുവായുധം പറഞ്ഞ് ഇറാനുമേൽ ഉപരോധത്തിന് ലോകം നടപടികൾ ശക്തമാക്കുന്നതിനിടെ സ്വന്തം അണുവായുധ ശേഖരം വികസിപ്പിക്കാൻ നടപടികൾ ഊർജിതമാക്കി ഇസ്രായേൽ. നെഗേവ് മരുഭൂമിയിൽ വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന ഡിമോണ ആണവ നിലയം അതിവേഗം വികസിപ്പിക്കുന്നതിൻ്റെ ഉപഗ്രഹ ചിത്രങ്ങൾ ഇൻറർനാഷനൽ പാനൽ ഓൺ ഫിസൈൽ മെറ്റീരിയൽ പുറത്തുവിട്ടു.
ഡിമോണ നിലയത്തിൻ്റെ നൂറുകണക്കിന് മീറ്റർ തെക്കോട്ടും പടിഞ്ഞാറു ഭാഗത്തുമാണ് വികസന പ്രവൃത്തികൾ പുരോഗമിക്കുന്നത്. തൊട്ടുചേർന്ന്, ഷിമോൺ പെരസിൻ്റെ പേരിലുള്ള നെഗേവ് ന്യൂക്ലിയർ റിസർച്ച് സെൻററിലും വികസനം നടക്കുന്നുണ്ട്.
2018 അവസാനത്തിലോ 2019ലോ ആകാം ഇവിടെ നിർമാണ പ്രവർത്തനങ്ങളുടെ ചിത്രങ്ങളാണ് ഉപഗ്രഹങ്ങൾ പകർത്തിയതെന്നും പ്രിൻസ്ടൺ യൂനിവേഴ്സിറ്റി ഗവേഷകൻ പാവേൽ പൊഡ്വിഗ് പറയുന്നു.1950കളിലാണ് ഡിമോണയിൽ ഇസ്റായേൽ നിലയം സ്ഥാപിക്കുന്നത്.