ദുബൈ:
മഹാമാരിക്കിടയിലും ദുബൈയിലെ പൊതുഗതാഗത സംവിധാനം വഴി സഞ്ചരിച്ചത് 34 കോടി യാത്രക്കാർ. ആർടിഎ പുപുറത്തുവിട്ട 2020ലെ കണക്കിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ഏറ്റവും കൂടുതൽ ആളുകൾ സഞ്ചരിച്ചത് മെട്രോയിലാണ് (11.3 കോടി).
ബസിൽ 9.5 കോടി യാത്രക്കാർ കയറിയപ്പോൾ ട്രാമിനെ കൂട്ടുപിടിച്ചത് 36 ലക്ഷം പേരാണ്. ജലഗതാഗതം 80 ലക്ഷം പേർ ഉപയോഗപ്പെടുത്തി. ഷെയർ വാഹനങ്ങളിൽ കയറിയത് ഒന്നര കോടി യാത്രക്കാർ.
കാബുകൾ വഴി 10 കോടി ആളുകൾ യാത്ര ചെയ്തുവെന്നും കണക്കുകൾ പറയുന്നു. ദിവസവും 9.47 ലക്ഷം യാത്രക്കാർ പൊതുഗതാഗതം ഉപയോഗിച്ചു. 2019നെ അപേക്ഷിച്ച് കൊവിഡ് സമയത്ത് കൂടുതൽ ആളുകൾ പൊതുഗതാഗതം ഉപയോഗിച്ചത് ദുബൈയിലെ ഗതാഗത സംവിധാനത്തിന്റെ മേന്മയാണെന്ന് ആർടിഎ എക്സിക്യൂട്ടിവ് ബോർഡ് ചെയർമാൻ മത്താർ അൽതായർ പറഞ്ഞു.
നിയന്ത്രണങ്ങളോടെ സുരക്ഷിതമായാണ് പൊതുഗതാഗത സംവിധാനം ഇപ്പോഴും പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.