ദോഹ:
കൊവിഡ്കാലം ഓൺലൈൻ ക്ലാസുകളുടെയും ഓൺലൈൻ ഇടപാടുകളുടെയും കൂടി കാലമാണ്. കുട്ടികൾ കൂടുതലായി ഇൻറർനെറ്റിൽ ചെലവഴിക്കുന്ന സാഹചര്യവുമാണിത്. ഖത്തറിൽ നിലവിൽ ഓൺലൈൻ ക്ലാസും നേരിട്ടുള്ള ക്ലാസ് റൂം പഠനവും സമന്വയിപ്പിച്ചുള്ള പഠന
നരീതിയാണ് പിന്തുടരുന്നത്. ഇതിനാൽ കുട്ടികൾ വീട്ടിലായാലും അവർക്ക് ഇൻറർനെറ്റ് ഉപയോഗിക്കേണ്ടി വരുന്നു.
ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുക എന്നതിനപ്പുറം കുട്ടികൾ ഇൻറർനെറ്റിൽ കൂടുതൽ സജീവമായതോടെ അവർക്കെതിരായ സൈബർ കുറ്റകൃത്യങ്ങളും ഇക്കാലത്ത് കൂടിവരുകയാണ്. ഇക്കാര്യത്തിൽ രക്ഷിതാക്കൾ ഏറെ ശ്രദ്ധിക്കണമെന്ന് കമ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി മുന്നറിയിപ്പ് നൽകുന്നുണ്ട്. സൈബര്‍ ഭീഷണികളില്‍നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിന് സ്വീകരിക്കേണ്ട വിവിധ വഴികളും അതോറിറ്റി പ്രസിദ്ധീകരിച്ചു.