Fri. Nov 22nd, 2024
ന്യൂഡൽഹി:

കർഷക സമരവുമായി ബന്ധപ്പെട്ട ടൂൾ കിറ്റ് കേസിൽ ദില്ലി പൊലീസ് തിരയുന്ന മലയാളി അഭിഭാഷക നികിത ജേക്കബിന്‍റെയും സാമൂഹ്യപ്രവർത്തകൻ ശാന്തനുവിന്‍റെയും ഹർജികൾ ഇന്ന് ബോംബെ ഹൈക്കോടതി പരിഗണിക്കും. അറസ്റ്റിൽ നിന്ന് 4 ആഴ്ചത്തേക്ക് സംരക്ഷണം ആവശ്യപ്പെട്ടാണ് ഹർജി.നികിതയുടെ ഹർജി ബോംബെ ഹൈക്കോടതിയുടെ മുംബൈ ബെഞ്ചും മഹാരാഷ്ട്രയിലെ ബീഡ് ജില്ലക്കാരനായ ശാന്തനുവിന്‍റെ ഹർജി നാഗ്പൂർ ബെഞ്ചുമാണ് പരിഗണിക്കുന്നത്.

ദില്ലി പൊലീസ് മഹാരാഷ്ട്രയിൽ തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും ഇരുവരും ഒളിവിലാണ്. നികിതയും ശാന്തനുവും ചേർന്നാണ് ടൂൾകിറ്റ് തയാറാക്കിയതെന്നും കേസിൽ അറസ്റ്റിലായ ദിശ രവിയ്ക്കൊപ്പം ചേർന്ന് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റാ തുൻബർഗിന് അയച്ച് കൊടുത്തെന്നുമാണ് ദില്ലി പൊലീസ് ആരോപിക്കുന്നത്.

ഖലിസ്ഥാനി ഗ്രൂപ്പുകളിലുള്ളവരുമായി റിപ്പബ്ലിക് ദിനത്തിന് മുൻപ് സൂം മീറ്റിംഗ് ഇവർ നടത്തിയെന്നും എഫ്ഐആറിലുണ്ട്. നികിതയുടെ വീട്ടിൽ നേരത്തെ നടത്തിയ റെയ്ഡിൽ 2 ലാപ്ടോപ്പും മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തിരുന്നു.

By Divya