Mon. Dec 23rd, 2024
ന്യൂദല്‍ഹി:

യുവ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയെ ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റ് ചെയ്തതിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. രാജ്യത്തെ പ്രതികരിക്കുന്ന യുവാക്കള്‍ക്ക് നേരെയുള്ള ഭീഷണിയാണ് കേന്ദ്രത്തിന്റെ ഈ നടപടിയെന്ന് സിബല്‍ പറഞ്ഞു.രാജ്യത്തെ യുവജനങ്ങളെ ഭീഷണിപ്പെടുത്തി പ്രതികരണ ശേഷി നശിപ്പിക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.

നിങ്ങള്‍ സര്‍ക്കാരിനെതിരെ വായ തുറന്നാല്‍ ഇതായിരിക്കും ഗതിയെന്നാണ് ദിഷയുടെ അറസ്റ്റിലൂടെ കേന്ദ്രം തെളിയിക്കുന്നത്. ഒരു 21 കാരിയുടെ ട്വീറ്റിന് ഇന്ത്യയെ ശിഥിലമാക്കാനുള്ള കെല്‍പ്പുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ചൈനയെ പോലും പേടിക്കാത്ത കേന്ദ്രം ദിഷയെ എന്തിനാണ് പേടിക്കുന്നത്, സിബല്‍ പറഞ്ഞു.
സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ കേന്ദ്രം എന്തുകൊണ്ട് ഗ്രെറ്റയ്‌ക്കെതിരെയും റിഹാനയ്‌ക്കെതിരെയും കേസെടുക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

ഞായറാഴ്ചയാണ് ഗ്രേറ്റ തന്‍ബര്‍ഗ് ടൂള്‍കിറ്റ് കേസില്‍ ദിഷ രവിയെ അറസ്റ്റ് ചെയ്യുന്നത്. കേസിലെ ആദ്യ അറസ്റ്റായിരുന്നു ദിഷ രവിയുടേത്. ദല്‍ഹി പൊലീസ് ബെംഗളുരുവില്‍ വെച്ചാണ് വിദ്യാര്‍ത്ഥിനിയെ കസ്റ്റഡിയിലെടുത്തത്.രാജ്യമെമ്പാടും വലിയ പ്രതിഷേധമാണ് ദിഷയുടെ അറസ്റ്റില്‍ രൂപപ്പെട്ടിരിക്കുന്നത്. ഒറ്റകെട്ടായി ഇന്ത്യന്‍ പൗരന്മാരെല്ലാം ദിഷയ്‌ക്കൊപ്പം നില്‍ക്കണമെന്ന് അവരുടെ സഹോദരി ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാര്‍ത്ഥി സമൂഹത്തില്‍ നിന്നും ശക്തമായ പ്രതിഷേധമാണ് ദല്‍ഹി പൊലീസിന്റെ നടപടിക്കെതിരെ രൂപം കൊണ്ടിരിക്കുന്നത്.

അതേസമയം ദിഷയുടെ അറസ്റ്റിനെ പിന്തുണച്ച് കര്‍ണ്ണാടക ഉപമുഖ്യമന്ത്രി സിഎന്‍ അശ്വന്ത് നാരായണ്‍ രംഗത്തെത്തിയിരുന്നു. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെ ഉന്മൂലനം ചെയ്യുന്ന ഇത്തരം നടപടികള്‍ ആവശ്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.എല്ലാ നിയമക്രമങ്ങളും പാലിച്ചു തന്നെയാണ് ദിഷയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് നിയമപരമാണോ അല്ലയോ എന്ന് കോടതികള്‍ക്ക് പരിശോധിക്കാം. ഇതുപോലുള്ള പ്രവര്‍ത്തികളിലേര്‍പ്പെട്ടിട്ട് രക്ഷപ്പെടാമെന്ന ധാരണ ജനങ്ങള്‍ക്ക് ഉണ്ടാകാന്‍ പാടില്ല.

അറസ്റ്റ് ചെയ്തതിനെ പിന്തുണച്ച് ഹരിയാന ബിജെപി മന്ത്രി അനില്‍ വിജും രംഗത്തെത്തിയിരുന്നു.
ദേശവിരുദ്ധ ചിന്ത മനസില്‍ പേറുന്ന എല്ലാവരെയും ഉന്മൂലനം ചെയ്യണം. അത് ദിഷ രവിയല്ല ആരായാലും’, എന്നായിരുന്നു അനില്‍ വിജിന്റെ പ്രതികരണം.

By Divya