യാംബു:
യാംബുവിലെ കിങ് ഫഹദ് വാണിജ്യ തുറമുഖം ചരക്കു കൈമാറ്റത്തിൽ വീണ്ടും റെക്കോഡ് നേട്ടമുണ്ടാക്കി. പ്രതിദിനം 18,675 ടൺ എന്ന നിലയിൽ ചരക്ക് കയറ്റുമതി വർദ്ധിച്ചത് വൻ നേട്ടമായെന്ന് സൗദി പോർട്ട് അതോറിറ്റി വിലയിരുത്തി. കഴിഞ്ഞ വർഷം ഡിസംബർ അവസാനത്തിൽ പ്രതിദിനം 13,250 ടൺ കയറ്റുമതി രേഖപ്പെടുത്തിയതാണ് ഇതിനു മുമ്പുള്ള റെക്കോഡ് നേട്ടം.
ഇതിനെ മറികടന്നാണ് ഇപ്പോൾ വൻ കുതിച്ചുചാട്ടം ഉണ്ടാക്കാനായത്. ദേശീയ കയറ്റുമതി വർദ്ധിപ്പിക്കാനും അന്താരാഷ്ട്ര തലത്തിൽ ഈ രംഗത്ത് മികവ് പുലർത്താനും പുതിയ റെക്കോഡ് വഴിവെക്കുമെന്ന് പോർട്ട് അതോറിറ്റി ട്വീറ്റ് ചെയ്തു. സൗദി തുറമുഖങ്ങളുടെ സേവനങ്ങൾ മെച്ചപ്പെടുത്താനും സാങ്കേതിക സൗകര്യങ്ങൾ വർദ്ധിപ്പിക്കാനും സൗദി പോർട്ട് അതോറിറ്റിയുടെ ശ്രമങ്ങൾ ഏറെ ഫലംചെയ്തിട്ടുണ്ട്.