ചെന്നൈ:
ബാറ്റ്സ്മാൻമാരുടെ ശവപ്പറമ്പായ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഇംഗ്ലീഷ് സ്പിൻ ബൗളർമാരെ അതിജീവിച്ച് ഇന്ത്യ ലീഡുയർത്തുന്നു. തുടക്കത്തിൽ തകർച്ചക്ക് ശേഷം ക്രീസിലുറച്ച നായകൻ വിരാട് കോഹ്ലിയും(56) ഏഴാമതായി ഇറങ്ങി ആത്മവിശ്വാസത്തോടെ ബാറ്റുചെയ്ത രവിചന്ദ്രൻ അശ്വിനുമാണ് (50) ഇന്ത്യയെ
മുന്നോട്ട് നയിക്കുന്നത്. ആറുവിക്കറ്റ് നഷ്ടത്തിന് 190 റൺസെന്ന നിലയിലാണ് ഇന്ത്യ. ആകെ ലീഡ് 385 റൺസായതോടെ ഇംഗ്ലണ്ടിന് ചങ്കിടിപ്പേറി.
ഒരുവിക്കറ്റിന് 54 എന്ന നിലയിൽ മൂന്നാംദിനം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ തുടക്കം തകർച്ചയോടെയായിരുന്നു. 7 റൺസുമായി ചേതേശ്വർ പുജാര റൺ ഔട്ടായി മടങ്ങി. വൈകാതെ ജാക് ലീഷിന്‍റെ പന്തിൽ സ്റ്റംപിങ്ങിനിരയായി 26 റൺസുമായി രോഹിത് ശർമയും തിരികെ നടന്നു. ഋഷഭ് പന്ത് (8), അജിൻക്യ രഹാനെ (10), അക്സർ പട്ടേൽ (7) എന്നിവരും കാര്യമായ സംഭാവനകളില്ലാതെ മടങ്ങിയപ്പോഴും ഒരുവശത്ത് കോഹ്‌ലി ക്രീസിലുറച്ചുനിൽക്കുകയായിരുന്നു.
കഴിഞ്ഞ ഇന്നിങ്സിലെ പിഴവ് സംഭവിക്കാതിരിക്കാൻ പഴുതടച്ച പ്രതിരോധവുമായാണ് കോഹ്‌ലി ബാറ്റേന്തിയത്. ഏഴാമനായി ബാറ്റിങ്ങിനെത്തിയ അശ്വിനാകട്ടെ, മുൻനിരയെ കവച്ചുവെക്കുന്ന പ്രകടനമാണ് നടത്തിയത്.