കുവൈത്ത് സിറ്റി:
റമദാൻ മാസത്തിന് രണ്ടുമാസം മാത്രം ശേഷിക്കെ ഒരുക്കങ്ങൾ സംബന്ധിച്ച് അനിശ്ചിതത്വം. കൊവിഡ് പ്രതിസന്ധി ഈ റമദാനിലും ആവർത്തിക്കുമെന്ന സൂചനയാണ് സന്നാഹങ്ങൾ ഒരുക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നത്. കഴിഞ്ഞവർഷം പള്ളികൾ അടച്ചിടലും ലോക് ഡൗണും കർഫ്യൂവും എല്ലാമായി മുൻവർഷങ്ങളിൽനിന്ന് വ്യത്യസ്തമായിരുന്നു റമദാൻ.സംഘടിത നമസ്കാരവും ഇഅ്തികാഫും സമൂഹ നോമ്പുതുറയും മറ്റു പൊതുപരിപാടികളും കഴിഞ്ഞ വർഷം ഉണ്ടായില്ല.
ഇപ്പോൾ പള്ളികളിൽ നമസ്കാരം നടക്കുന്നുണ്ട്. വരും ദിവസങ്ങളിൽ കൊവിഡ് നിയന്ത്രണാധീതമാകുകയാണെങ്കിൽ പള്ളികൾ അടച്ചിടുന്നത് ഉൾപ്പെടെ കടുത്ത നടപടികൾക്ക് അധികൃതർ നിർബന്ധിതരാകും.ഇഫ്താറുകൾക്കും പൊതുപരിപാടികൾക്കും അനുമതി നൽകാൻ സാധ്യതയില്ല.
വാണിജ്യ നിയന്ത്രണങ്ങൾ ഇപ്പോഴുള്ളതിൽനിന്ന് ലഘൂകരിക്കുമോ അതോ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടിവരുമോ എന്നതെല്ലാം വരും ദിവസത്തെ കൊവിഡ് വ്യാപനത്തെ അടിസ്ഥാനമാക്കിയാണ് തീരുമാനിക്കുക.