തിരുവനന്തപുരം:
അമിതവേഗവും സിഗ്നൽ ലംഘനവും കണ്ടെത്താനുള്ള ക്യാമറകൾ ഇനി പഴങ്കഥ. പുകപരിശോധന സർട്ടിഫിക്കറ്റില്ലാത്തതു മുതൽ സീറ്റ് ബെൽറ്റ് ധരിക്കാത്തതു വരെയുള്ള ഗതാഗതക്കുറ്റങ്ങൾ പിടികൂടാൻ നിർമിത ബുദ്ധിയുടെ സഹായത്തോടെയുള്ള ന്യൂജൻ എൻഫോഴ്സ്മെൻറ് സംവിധാനം നിരത്തുകളിലേക്ക്. 720 കേന്ദ്രങ്ങളിലാണ് ഇവ സ്ഥാപിക്കുന്നത്.
നിലവിൽ ക്യാമറകളും ഇൻറർസെപ്റ്റർ വാഹനങ്ങളുമാണ് മോട്ടോർ വാഹനവകുപ്പിനുള്ളത്. ഉദ്യോഗസ്ഥരുടെ സാന്നിധ്യം ആവശ്യമില്ലാതെ തന്നെ ഗതാഗത ലംഘനങ്ങളെല്ലാം പിടികൂടി കൺട്രോൾ റൂമിൽ എത്തിക്കുമെന്നതാണ് ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെകഗ്നിഷൻ (എഎൻപിആർ) സൗകര്യത്തോടും നിർമിതബുദ്ധിയുടെ സഹായത്തോടെയുമുള്ള ട്രാഫിക് എൻഫോഴ്സ്മെൻറ് സംവിധാനത്തിൻറെ പ്രത്യേകത.