Wed. Jan 22nd, 2025

പ്രണയദിനത്തിൽ പ്രഭാസിൻ്റ റൊമാൻ്റിക് ചിത്രം രാധേശ്യാമിന്റെ ടീസര്‍ പുറത്തിറങ്ങും. പ്രഭാസ് തന്നെയാണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചിത്രത്തിലെ തന്റെ റൊമാന്റിക്ക് പരിവേഷത്തെ ആസ്പദമാക്കി തയ്യാറാക്കിയിരിക്കുന്ന പോസ്റ്റര്‍ പങ്കുവെച്ചാണ് താരം ടീസര്‍ പതിനാലാം തിയ്യതി പുറത്തിറങ്ങുമെന്ന വിവരം പുറത്തുവിട്ടത്.

പ്രണയദിനത്തില്‍ സിനിമാ പ്രേമികളെ ആവേശത്തിലാഴ്ത്താനാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്. റോമിന്റെ മനോഹരമായ പാതയോരങ്ങളിലൂടെ നടക്കുന്ന പ്രഭാസിന്റെ റൊമാന്റിക്ക് വേഷത്തിലുള്ള പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം റൊമാന്റിക്ക് ഹീറോ പരിവേഷത്തില്‍ പൂജ ഹെഗ്‌ഡെയുടെ നായകനായി പ്രഭാസ് എത്തുന്നു എന്ന സവിഷേശതയോടെയാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത്.
വാലന്റൈന്‍സ് ദിനത്തില്‍ രാവിലെ 9.18ന് ചിത്രത്തിന്റെ ഔദ്യോഗിക ടീസര്‍ പുറത്തുവിടുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. ‘വരുന്ന വാലന്റൈന്‍സ് ദിനത്തില്‍ രാധേശ്യാമിന്റെ കാഴ്ചകളിലേക്ക് നിങ്ങളെ കൊണ്ട്‌പോകും’ എന്ന അടിക്കുറിപ്പിനോടൊപ്പമാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പ്രഭാസ് പങ്ക് വെച്ചത്. ചിത്രത്തിന്റെ പ്രി ടീസര്‍ തന്നെ വലിയ തരംഗം സൃഷ്ടിച്ചിരുന്നു, ബാഹുബലി നായകന്‍ ഒരു പതിറ്റാണ്ടിന്റെ ഇടവേളയക്ക് ശേഷം റൊമാന്റിക്ക് പരിവേഷത്തില്‍ ബിഗ് സ്‌ക്രീനില്‍ എത്തുന്നതും കാത്ത് ഇരിക്കുകയാണ് സിനിമാ പ്രേമികളൊന്നടങ്കം. വലിയ ആരാധക വൃത്തമുള്ള പ്രഭാസിന്റെ വേറിട്ടൊരു വേഷമാണ് രാധേശ്യാമിലേത് എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത.
ഇതരഭാഷകളില്‍ പുറത്തെത്തുന്ന രാധാ കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണം യുവിക്രിയേഷന്‍സിന്റെ ബാനറില്‍ വംസിയും പ്രമോദും ചേര്‍ന്നാണ് നിര്‍വഹിക്കുന്നത്.

By Divya